തിരുവനന്തപുരം: തൃശ്ശൂർ മേയർ എംകെ വർഗ്ഗീസിന് കേക്ക് നൽകിയ സംഭവത്തിൽ സിപിഐ നേതാവ് സുനിൽ കുമാർ നടത്തിയ വിമർശനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം സുനിൽകുമാറിനെതിരെ രംഗത്ത് എത്തിയത്. തൃശ്ശൂരിൽ സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് സുനിൽ കുമാറിന് ഇനിയും തീർന്നിട്ടില്ലെന്ന് തോന്നുന്നുവെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സുരേന്ദ്രൻ കേക്കുമായി മേയറുടെ വീട്ടിൽ എത്തിയത്.
സുനിൽ കുമാറിന്റെ പ്രതികരണം കാണുമ്പോൾ തൃശ്ശൂരിൽ സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് മാറിയിട്ടില്ലെന്ന് തോന്നുന്നു. ക്രിസ്തുമസ് കാലത്ത് ഒട്ടേറെ സാമുദായിത നേതാക്കളെയും ബിഷപ്പുമാരെയും ഞാൻ കണ്ടു. അതുപോലെ തന്നെയാണ് മേയറെയും കണ്ടത്. ആളുകളെ കാണുന്നതും അവർക്കൊപ്പം ചായ കുടിയ്ക്കുന്നതും തെറ്റാണെങ്കിൽ ആ തെറ്റ് ഞാൻ ചെയതിട്ടുണ്ട്. സുനിൽ കുമാറിനെ വസതിയിൽ എത്തി ഞാനും കണ്ടിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ക്രിസ്തുമസ് കേക്കിന്റെ ചിത്രവും പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ലോകസഭാ തെരഞ്ഞെടുപ്പിൽ ശ്രീ. സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് ഇനിയും എന്റെ സുഹൃത്ത് ശ്രീ. വി. എസ് സുനിൽകുമാറിന് തീർന്നിട്ടില്ല എന്നു തോന്നുന്നു പുതിയ പ്രതികരണം കാണുമ്പോൾ. ഈ ക്രിസ്തുമസ് കാലത്ത് ഒട്ടേറെ സമുദായ നേതാക്കളേയും ബിഷപ്പുമാരേയും ഞാന്‍ പോയി കാണുകയും കേക്കു നൽകുകയും ആശംസകൾ കൈമാറുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും ആരും രാഷ്ട്രീയം കണ്ടിട്ടില്ല. കാണാനുമാവില്ല. ആളുകളെ കാണുകയും ചായകുടിക്കുകയും ചെയ്യുന്നത് തെറ്റാണെങ്കിൽ അദ്ദേഹവും ആ തെറ്റ് ചെയ്തിട്ടുണ്ടുതാനും. സുനിൽ കുമാറിന്റെ അന്തിക്കാട്ടെ വസതിയിൽ ഞാൻ പോയിട്ടുണ്ട്. അദ്ദേഹം എന്ന സ്നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. നല്ല കടുപ്പമുള്ള ചായയും കടികളും തന്നിട്ടുമുണ്ട്. എന്റെ ഉള്ളിയേരിയിലെ വീട്ടിൽ അദ്ദേഹവും വന്നിട്ടുണ്ട്. നിലപാടുകൾ വേറെ സൗഹൃദങ്ങൾ വേറെ. കാര്യങ്ങൾ ഇങ്ങനെയൊക്കയാണെങ്കിലും സുനിൽ എന്നും എന്റെ ഒരു നല്ല സുഹൃത്തുതന്നെ.
Discussion about this post