പത്തനംതിട്ട: മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജന് പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. ദല്ലാൾ നന്ദകുമാറുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയാണ് വിമർശനങ്ങൾക്ക് കാരണം ആയത്. പ്രകാശ്ജാവ്‌ദേക്കറുമായി നടത്തിയ കൂടിക്കാഴ്ച പ്രശ്‌നമല്ലെന്നും ചർച്ചയ്ക്കിടെ അംഗങ്ങൾ പറഞ്ഞു. ഭിന്നതകൾക്കിടെ ഇന്നലെയാണ് സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തുടക്കം ആയിരിക്കുന്നത്.
സമ്മേളനത്തിനിടെ നടന്ന പൊതുചർച്ചയ്ക്കിചെ ആയിരുന്നു ജയരാജനെതിരെ വിമർശനം ഉയർന്നത്. ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തിയതല്ല പ്രശ്‌നമെന്നും ദല്ലാൾ നന്ദകുമാറുമായി ഇപി ജയരാജന് എന്ത് ബന്ധമാണെന്ന് പ്രതിനിധികൾ സമ്മേളനത്തിലെ ചർച്ചക്കിടെ ചോദിച്ചു. കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിൻറെ മരണവും ചർച്ചയായിരുന്നു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നേതാക്കൾക്കിടയിൽ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും സമ്മേളനത്തിൽ പ്രതിനിധികൾ ഉയർത്തിക്കാട്ടി. പി.പി ദിവ്യ സിപിഎം പ്രവർത്തക ആയതിനാൽ മാദ്ധ്യമ വേട്ടയ്ക്ക് ഇരയായി. നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തോടൊപ്പം നിന്ന പാർട്ടി നിലപാട് ശരിയായി എന്നും സമ്മേളനത്തിൽ അഭിപ്രായം ഉയർന്നു.
അതേസമയം ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ പങ്കുചേരും. ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള മത്സരത്തിന് സാദ്ധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ചർച്ചകളിൽ പങ്കെടുക്കും.
Discussion about this post