എറണാകുളം: കലൂർ സ്‌റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്നും വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. തലയിൽ കൂടുതൽ പരിക്കോ രക്തസ്രാവമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഉമ തോമസിനെ സിടി സ്‌കാനിന് വിധേയ ആക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർമാർ മാദ്ധ്യമങ്ങളെ കണ്ടത്. അതേസമയം വെന്റിലേറ്ററിൽ നിന്നും എംഎൽഎയെ ഉടനെ മാറ്റില്ല.
ശ്വാസകോശത്തിലെ പരിക്കാണ് വെല്ലുവിളി ഉയർത്തുന്നത്. ശ്വാസകോശത്തിനുള്ളിൽ രക്തം എത്തിയിട്ടുണ്ട്. വീഴ്ചയ്ക്കിടെ ഉണ്ടായ പരിക്കിനിടെ ആണ് ശ്വസിച്ചപ്പോഴാകും ഇങ്ങനെ ഉണ്ടായിരിക്കുക. രണ്ട് ശ്വാസകോശത്തിലും രക്തം കെട്ടിക്കിടക്കുന്നുണ്ട്. വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇതുള്ളൂ. ഇതിന് പുറമേ വീഴ്ചയുടെ ആഘാതത്തിൽ ചതവും പറ്റിയിട്ടുണ്ട്. അതിനാൽ കുറച്ച് അധികം ദിവസം വെന്റിലേറ്ററിൽ കഴിയേണ്ടി വരും.
ശ്വാസകോശത്തിലെ പ്രശ്‌നങ്ങൾ ഗുരുതരമാകാതിരിക്കാൻ രണ്ട് തരം ആന്റിബയോട്ടിക് നൽകുന്നുണ്ട്. ശ്വാസകോശത്തിലേക്കുള്ള കുഴലുകളിൽ ഒന്നിൽ രക്തം കട്ടപിടിച്ചിരുന്നു. ഇത് മാറ്റി. നിലവിലെ ചികിത്സ തന്ന തുടർന്നാൽ മതിയെന്നാണ് ലഭിച്ചിരിക്കുന്ന നിർദ്ദേശമെന്നും ഡോക്ടർമാർ അറിയിച്ചു.
തലയിലെ പരിക്ക് സാരമുള്ളതാണ്. ഇതിൽ നിന്നും രക്തം വാർന്നിരുന്നു. അതിനാൽ രണ്ട് യൂണിറ്റ് രക്തം നൽകി. ഇപ്പോൾ കുഴപ്പമില്ല. കൂടുതൽ പരിക്കുകൾ ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് എംഎൽഎയെ സിടി സ്‌കാനിന് വിധേയം ആക്കിയത്.
Discussion about this post