എറണാകുളം: സിനിമാ പ്രമോഷൻ പരിപാടിയ്ക്കിടെ നടൻ അരിസ്റ്റോ സുരേഷിന് ദേഹാസ്വാസ്ഥ്യം. ഇതേ തുടർന്ന് അദ്ദേഹം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മിസ്റ്റർ ബംഗാളി എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം. നിലവിൽ കൊച്ചിയിലാണ് അദ്ദേഹം ഉള്ളത്.
ഇന്നലെ ആയിരുന്നു സംഭവം. അണിയറപ്രവർത്തകർക്കൊപ്പം വേദിയിൽ ഇരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ ശാരീക അവശതകൾ പ്രകടിപ്പിക്കുകയായിരുന്നു. അവശനായ അദ്ദേഹത്തെ കൂടെയുണ്ടായിരുന്നവർ താങ്ങി എടുത്തു. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായത് എന്നകാര്യത്തിൽ വ്യക്തതയില്ല.
അരിസ്റ്റോ സുരേഷ് ആദ്യമായി നായകനാവുന്ന സിനിമയാണ് മിസ്റ്റർ ബംഗാളി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചിത്രത്തിൽ ബംഗാളിയുടെ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. അരിസ്റ്റോ സുരേഷിനൊപ്പം യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. മമ്മൂട്ടി ഫാൻ ആയ വ്യക്തി കൂടിയാണ് കഥാനായകൻ.
കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര (ഒരു ചിരി ബമ്പർ ചിരി ഫെയിം), വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവരും ചിത്രത്തിൽ ഉണ്ട്.സംവിധായകൻ കൂടിയായ ജോബി വയലുങ്കലിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധരനാണ്. ചിത്രത്തിന്റെ സംവിധാനവും അദ്ദേഹമാണ്.
Discussion about this post