പണ്ട് മുതൽക്കേ സ്വർണമെന്നത് ആഭരണത്തേക്കാൾ ഉപരി സമ്പാദ്യമായും സംസ്‌കാരത്തിന്റെ ഭാഗമായും കാണുന്നവരാണ് ഇന്ത്യക്കാർ. വൈകാരികമായ ബന്ധമാണ് ഭാരതീയർക്ക് മഞ്ഞലോഹമായി ഉള്ളത്. അതുകൊണ്ട് തന്നെ വിലയൽപ്പം കൂടിയാലും ആഘോഷവേളകൾക്ക് മാറ്റ് കൂട്ടാൻ സ്വർണത്തിന്റെ തിളക്കം ഒപ്പം ഉണ്ടാകും. ഇപ്പോഴിതാ വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 40 ശതമാനം മതിക്കുന്ന സ്വർണസമ്പത്താണ് കുടുംബങ്ങളുടെ കൈവശമുള്ളത്.
കണക്കുപ്രകാരം ഭാരതീയ സ്ത്രീകളുടെ കൈവശം ഏകദേശം 25,000 ടൺ സ്വർണമുണ്ടെന്നാണ് വിവരം. ഇത് യുഎസ്, ജർമനി, ഇറ്റലി, ഫ്രാൻസ്, റഷ്യ തുടങ്ങിയ മുൻനിര രാജ്യങ്ങളുടെ ഔദ്യോഗിക കരുതൽ സ്വർണശേഖരത്തേക്കാൾ ഏറെ കൂടുതലുമാണെന്നതാണ് വാസ്തവം 8,000 ടൺ മാത്രമാണ് യുഎസിന്റെ കരുതൽ സ്വർണശേഖരം. ഇതിന്റെ മൂന്നിരട്ടിയാണ് ഇന്ത്യയിലെ വീടുകളിലുള്ളത്. ലോകത്തെ മൊത്തം സ്വർണാഭരണത്തിന്റെ 11 ശതമാനവും ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമാണ്.
ജർമനിക്ക് 3,300 ടണ്ണും ഇറ്റലിക്ക് 2,450 ടണ്ണും കരുതൽ സ്വർണശേഖരമേയുള്ളൂ. ഫ്രാൻസിന് 2,400 ടൺ. റഷ്യയ്ക്ക് 1,900 ടൺ. ഈ 5 രാജ്യങ്ങളുടെ ശേഖരം കൂട്ടിവച്ചാലും ഇന്ത്യൻ വനിതകളുടെ കൈവശമുള്ളത്ര സ്വർണമാകില്ല. യുഎസ്, സ്വിറ്റ്‌സർലൻഡ്, ജർമനി എന്നിവയുടെയും രാജ്യാന്തര നാണയനിധിയുടെയും (ഐഎംഎഫ്) കൈവശമുള്ള സ്വർണം ചേർത്തുവച്ചാലും ഇന്ത്യക്കാരുടെ സ്വർണശേഖരത്തിന്റെ തട്ട് താണിരിക്കും.പ്രതിദിനം 250-300 കോടി രൂപയുടെ സ്വർണാഭരണ വിൽപന കേരളത്തിൽ നടക്കുന്നുണ്ട്. വാർഷിക വിൽപന ഒരുലക്ഷം കോടിയിലേറെ രൂപയും.
Discussion about this post