ശിവഗിരിയിലെ പിണറായി വിജയൻ്റെ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വചസ്പതി. ശങ്കരൻ്റെ മതം തന്നെയാണ് നമ്മുടെയും മതം എന്ന് പ്രഖ്യാപിച്ച, ജീവിത കാലം മുഴുവൻ സനാതന ധർമ്മത്തിനായി ജീവിച്ച ഋഷിവര്യനായ നാരായണ ഗുരുദേവനെക്കുറിച്ചാണ് പിണറായി വിജയൻ അസംബന്ധം എഴുന്നള്ളിച്ചത്. കിട്ടുന്ന വേദികളിൽ വിടുവായത്തം വിളമ്പുന്ന കമ്മ്യൂണിസ്റ്റ് പൊതുസ്വഭാവമാണ് പിണറായി വിജയൻ ശിവഗിരിയിൽ നടത്തിയത് എന്നും സന്ദീപ് വചസ്പതി അഭിപ്രായപ്പെട്ടു.
സന്ദീപ് വചസ്പതി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ്,
കിട്ടുന്ന വേദികളിലെല്ലാം വിടുവായത്തവും അടിസ്ഥാനമില്ലാത്ത കാര്യങ്ങളും വിളമ്പി കടന്നു പോവുക എന്നത് കമ്യൂണിസ്റ്റുകളുടെ പൊതു സ്വഭാവമാണ്. അതിൻ്റെ ക്ലാസിക് ഉദാഹരണമാണ് ശിവഗിരിയിലെ പിണറായി വിജയൻ്റെ പ്രസംഗം. ശങ്കരൻ്റെ മതം തന്നെയാണ് നമ്മുടെയും മതം എന്ന് പ്രഖ്യാപിച്ച, മുഴുവൻ രചനകളിലും ഹൈന്ദവ ദേവീ ദേവന്മാരെ സ്തുതിച്ച, മുപ്പത്തി അഞ്ചോളം ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ച, സനാതന ധർമ്മ പ്രചാരണത്തിനും മതപരിവർത്തനത്തെ എതിർക്കാനുമായി സന്യാസിമാരും ഗൃഹസ്ഥന്മാരുമായ ശിഷ്യന്മാരെ നിയോഗിച്ച, ജീവിത കാലം മുഴുവൻ സനാതന ധർമ്മത്തിനായി ജീവിച്ച ഋഷിവര്യനായ നാരായണ ഗുരുദേവനെക്കുറിച്ചാണ് പിണറായി വിജയൻ അസംബന്ധം എഴുന്നള്ളിച്ചത്. പറഞ്ഞ ഏതെങ്കിലും കാര്യത്തിന് ചരിത്രത്തിൻ്റെ പിൻബലം ഉണ്ടോ എന്ന് ഉറപ്പിക്കാൻ പ്രസംഗം എഴുതി കൊടുത്തവർക്കോ അത് വായിച്ച മുഖ്യമന്ത്രിക്കോ ബാധ്യത ഇല്ലാത്തത് അത് സനാതന ധർമ്മത്തെക്കുറിച്ച് ആയത് കൊണ്ട് മാത്രമാണ്. ആ വേദിയിൽ ആരും ചോദ്യം ചെയ്തില്ല എന്നത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് എല്ലാവരും അംഗീകരിച്ചു എന്ന് അർത്ഥമില്ല. തൻ്റേടം ഉണ്ടെങ്കിൽ ഗുരുദേവൻ സനാതന ധർമ്മത്തെ തള്ളിപ്പറഞ്ഞ ഒരു സംഭവമെങ്കിലും ഉദാഹരിച്ച് പ്രസംഗിക്കണം. അല്ലാതെ വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്ന രീതി ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല.
നമുക്ക് ജാതിയില്ല മതമില്ല എന്നൊക്കെ ഗുരുദേവൻ പറഞ്ഞത് സനാതന ധർമ്മ പ്രചാരകരായ ആത്മീയ ആചാര്യന്മാർക്ക് മാത്രം പറയാൻ സാധിക്കുന്ന ദർശനമാണ്. അത് തന്നെയാണ് സനാതന ധർമ്മവും. “ഏകം സത് വിപ്രാ: ബഹുദാ വദന്തു ” എന്നതാണ് സനാതന ധർമ്മത്തിൻ്റെ അടിസ്ഥാനം. അതിൻ്റെ പ്രായോഗിക രൂപമാണ് ഗുരുദേവ ദർശനം. സനാതന ധർമ്മത്തിൻ്റെ പാതയിൽ ആയത് കൊണ്ട് മാത്രമാണ് ഗുരുദേവന് എല്ലാ വിശ്വാസങ്ങളോടും സമഭാവത്തോടെ പെരുമാറാൻ സാധിച്ചത്. ലോകത്ത് മറ്റേതെങ്കിലും മതത്തിനോ മത പ്രചാരകർക്കോ സനാതന ധർമ്മം പറഞ്ഞത് പോലെ പറയാൻ കഴിയില്ല. “ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്” എന്ന ഒറ്റ വിളംബരം മാത്രം മതി ഗുരുദേവൻ്റെ സനാതനത്വത്തിൻ്റെ തെളിവായി. അത് തിരിച്ചറിയാത്തത് മുഖ്യമന്ത്രിയുടെ ആശയ അന്ധതയാണ്. സ്വയം നവീകരിക്കുക അല്ലാതെ അതിന് മറ്റ് മരുന്നില്ല.
Discussion about this post