ഇന്നത്തെ കാലത്ത് മാതൃഭാഷകളെ പോലെ തന്നെ പ്രധാന്യം അർഹിക്കുന്നവയാണ് മറ്റ് ഭാഷകളും. ജീവിതത്തിൽ മുന്നേറാനും പുറത്ത് പോയി പഠിക്കാനും ജോലി ചെയ്യാനുമെല്ലാം മറ്റ് ഭാഷകൾ പഠിച്ചുവച്ചിരിക്കുന്നത് എപ്പോഴും ഗുണം ചെയ്യും. ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷായതിനാൽ തന്നെ, ഇത് നല്ലരീതിയിൽ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വളർത്തുന്നത് ഭാവിയിലേക്ക് അവർക്ക് വലിയ മുതൽക്കൂട്ടാവും. ഇതിനായി മാതാപിതാക്കൾ ചില കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം.
കുട്ടികളെ ചെറുപ്പം മുതൽ വായിക്കാൻ പഠിപ്പിക്കുക. വായനാശീലം വളരുന്നതിന് അനുസരിച്ച് പദസമ്പത്ത് വളരും. ആദ്യം ചെറിയ ചെറിയ ചിത്രകഥാ ബുക്കുകളിൽ ആരംഭിക്കാം. അത് അവരെ കൊണ്ട് വായിച്ച് പഠിപ്പിക്കണം. കുട്ടികൾ വലുതാകുന്നതിനനുസരിച്ച്, ചെറിയ കാർട്ടൂൺ ബുക്കുകൾക്ക് പകരം, ചെറുകഥകൾ വായിക്കാൻ നൽകുക. പിന്നീട് നോവലുകൾ നൽകുക. അതിനുശേഷം മറ്റു സാഹിത്യേതര കൃതികൾ വായിക്കാൻ നൽകുക. ഇത്തരത്തിൽ വായനാശീലം വളർത്തി എടുക്കുന്നത് കുട്ടികളിലെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താൻ സഹായിക്കും. അതുപോലെ, ഇംഗ്ലീഷ് പത്രങ്ങൾ വായിക്കാൻ പരിശീലിപ്പിക്കുന്നതും വളരെ നല്ലതാണ്.
ചെറുപ്പത്തിൽ തന്നെ ഇംഗ്ലീഷ് ന്യൂസുകൾ കേൾക്കാൻ പ്രേരിപ്പിക്കാം. അത് കേട്ട് എഴുതാനും സഹായിക്കാം. ചെറുപ്പത്തിൽ തന്നെ സ്വാഭാവികമായും ഒരു ഭാഷ കേൾക്കുന്നത് വളരെ എളുപ്പത്തിൽ ആ ഭാഷയോട് കൂട്ടുകൂടാൻ അവരെ സഹായിക്കുന്നു. ഏതൊരു ഭാഷയും എളുപ്പമാകണമെങ്കിൽ പതിവായി അത് ഉപയോഗപ്പെടുത്തണം. മാതാപിതാക്കൾക്ക് ഇംഗ്ലീഷ് അറിയുമെങ്കിൽ അവരുമായി സംസാരിക്കാം അതുമല്ലെങ്കിൽ ഒട്ടേറെ ഫ്രീ ആപ്പുകൾ ലഭ്യമാണ് അത് ഉപയോഗിക്കാം. ദിവസേന കുറച്ച് ഇംഗ്ലീഷിലെ പുതിയ വാക്കുകളും അതിന്റെ അർത്ഥവും പഠിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക. ഇത് കുട്ടികളുടെ ഭാഷ മെച്ചപ്പെടുത്താൻ സഹായിക്കും
Discussion about this post