കോഴിക്കോട്: ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ മാത്രം ക്ഷേത്രങ്ങളിൽ പോയാൽ മതിയെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അതിൽ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഭരണാധികാരികൾക്ക് നിർദേശങ്ങൾ ഉണ്ടെങ്കിൽ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു. ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങളെ തള്ളിക്കൊണ്ടാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.
ഞാൻ എന്റെ അഭിപ്രായമേ പറയുന്നുള്ളൂ. എന്റെ അഭിപ്രായത്തിൽ ഓരോ ദേവാലയങ്ങൾക്കും അതിന്റേതായ ആചാരങ്ങളുണ്ട്. അത്, ഹിന്ദു ദേവാലയങ്ങൾ എന്ന് മാത്രമല്ല, ക്രിസ്ത്യൻ ദേവാലയങ്ങൾക്കും മുസ്ലിം ദേവാലയങ്ങൾക്കും അതിന്റേതായ ആചാരമുണ്ട്. അത് അനുസരിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.ഞാനൊരു ക്ഷേത്രത്തിൽ പോകുമ്പോൾ ഷർട്ട് അഴിച്ചാലേ കയറാൻ സാധിക്കൂ എന്ന് പറഞ്ഞാൽ അത് അഴിക്കാൻ സന്നദ്ധനാണെങ്കിൽ മാത്രം പോയാൽ മതി. അവിടെ പോയി വഴക്കുണ്ടാക്കേണ്ട കാര്യമില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു.
ശിവഗിരി തീർത്ഥാടനത്തിന്റെ ഭാ?ഗമായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശമുണ്ടായത്. മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ഗുരുവിന്റെ സന്ദേശമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷേത്രങ്ങളിൽ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദർശനത്തിൽ സാമൂഹിക ഇടപെടൽ ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കാലാന്തരത്തിൽ ഇതിന് മാറ്റമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു.
Discussion about this post