മലപ്പുറം: അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അൻവര്‍ എംഎല്‍എ. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയന്റെ നിർദേശം പാലിക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും ഇതിനു പിന്നിൽ പിണറായിയും പി ശശിയുമാണ് എന്നും അദ്ദേഹം പ്രതികരിച്ചു. പിണറായി വിജയന്‍റേത് ഭരണകൂട ഭീകരതയെന്നും പി.വി അന്‍വര്‍ ആഞ്ഞടിച്ചു..
ജയിലിലിട്ട് തന്നെ കൊല്ലാനിടയുണ്ട്. ജീവൻ ബാക്കിയുണ്ടെങ്കിൽ പുറത്തിറങ്ങിയാൽ ബാക്കി കാണിച്ചുകൊടുക്കാമെന്നും അൻവർ മുന്നറിയിപ്പ് നല്‍കി.
എംഎൽഎയായതു കൊണ്ടാണ് അറസ്റ്റിനു വഴങ്ങിക്കൊടുക്കുന്നത്. ഫോൺ ചെയ്ത് ആളെക്കൂട്ടി വേണമെങ്കിൽ അറസ്റ്റ് തടയാമായിരുന്നു. നിയമസഭാ സാമാജികനായതുകൊണ്ടാണ് ഞാൻ വഴങ്ങുന്നത്. അല്ലെങ്കിൽ പിണറായിയുടെ അപ്പന്റെ അപ്പൻ വിചാരിച്ചാലും എന്നെ അറസ്റ്റ് ചെയ്യാൻ കഴിയുമായിരുന്നില്ല. നിയമത്തിനു കീഴടങ്ങുകയാണ് ഇപ്പോൾ ചെയ്യുന്നത് എന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
എത്ര കൊലക്കൊമ്പൻമാരാണ് ഇവിടെ ജാമ്യത്തിൽ കഴിയുന്നത്. ആരെയും അറസ്റ്റ് ചെയ്യുന്നില്ലല്ലോ. ഇതെല്ലാം പിണറായിയുടെ വാക്കിൽ ചെയ്യുന്നതാണ്. കൊള്ള നടത്തിയിട്ടോ കൊല നടത്തിയിട്ടോ അല്ല തന്നെ കൊണ്ടുപോകുന്നത്. ജനങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേ. കേരളത്തിലെ പോലീസിന്റെ കളളത്തരങ്ങൾ ജനങ്ങളോട് പറഞ്ഞതോടെയാണ് താന്‍ പിണറായിക്കെതിരായതെന്നും പി വി അന്‍വര്‍ കുറ്റപ്പെടുത്തി.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തില്‍ ആണ് അൻവറിനെ അറസ്റ്റ് ചെയ്തത്. അൻവറിന്‍റെ ഒതായിയിലെവീട്ടിലെത്തിയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ വൈദ്യ പരിശോധനക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അൻവറിനൊപ്പം ഫോറസ്റ്റ് ഓഫിസ് ആക്രമിച്ച 4 പേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Discussion about this post