കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുവിതരണം നിർത്താനൊരുങ്ങി മരുന്നുമൊത്ത വിതരണക്കാർ . ജനുവരി 10 മുതൽ മരുന്ന് വിതരണം നിർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒൻപതുമാസത്തെ കുടിശ്ശികയായി മെഡിക്കൽ കോളേജ് ആശുപത്രി 80 കോടി രൂപയാണ് നൽകാനുള്ളത്. ഇത് ലഭിക്കാത്തതിനെ തുടർന്നാണ് മരുന്ന് വിതരണം നിർത്തുന്നത് എന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ അറിയിച്ചു .
മരുന്നുവിതരണം നിർത്തുന്ന വിവരമരിയിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അധികൃതർക്ക് കത്തയച്ചിട്ടുണ്ട് എന്ന് എ.കെ.സി.ഡി.എ ജില്ലാ സെക്രട്ടറി സി. ശിവരാമൻ പറഞ്ഞു. മെഡിക്കൽകോളേജ് ആശുപത്രിയിലെ രോഗികൾക്ക് കുറഞ്ഞ നിരക്കിൽ മരുന്നു വിതരണത്തിനായുള്ള ന്യായവില മരുന്ന് വിൽപ്പന കേന്ദ്രങ്ങളിലേക്ക് ടെൻഡറിലൂടെയാണ് വ്യാപാരികൾ മരുന്നു നൽകുന്നത്. ഇങ്ങനെ നൽകി 90 കോടി രൂപയിലേറെ നൽകാനുണ്ട്.
കഴിഞ്ഞവർഷം സമാനരീതിയിൽ വലിയതോതിൽ കുടിശ്ശിക ഉയർന്നപ്പോൾ സമരപ്രഖ്യാപനം നടത്തിയിരുന്നു. ഇതേതുടർന്ന് 30 ശതമാനം മാത്രം നൽകിയാണ് സമരത്തിൽനിന്ന് വ്യാപാരികളെ പിന്തിരിപ്പിച്ചത്. ഇത്തവണ അതിന് തയ്യാറാവില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
Discussion about this post