ഞാനങ്ങനെ സ്ഥിരമൊന്നുമില്ല, പാർട്ടികൾക്കൊക്കെ പോകുമ്പോൾ കമ്പനിക്ക് രണ്ടെണ്ണം വിടും. കോർപ്പറേറ്റ് യുഗത്തിൽ ഇത്തരം സംഭാഷണ സകലങ്ങൾ നമ്മൾ പലയിടത്തും കേട്ടിരിക്കും. താനൊരു കുടിയനല്ലെന്നും വല്ലപ്പോഴും മാത്രം മദ്യപിക്കുന്നയാളാണെന്നും വ്യക്തമാക്കിക്കൊണ്ടായിരിക്കും ഈ സംഭാഷണം. മാത്രമല്ല സ്ഥിരം മദ്യപാനികളെ ബാധിക്കുന്ന മാരക രോഗങ്ങൾ തങ്ങൾക്ക് വരില്ലെന്ന ആത്മവിശ്വാസവും ഇത്തരക്കാർക്കുണ്ടാകും.
എന്നാൽ മദ്യപിക്കുന്നവരെ ഞെട്ടിച്ച അപായസൂചനയാണ് ഇപ്പോൾ അമേരിക്കയിൽ പുറത്ത് വന്നിരിക്കുന്നത്. വളരെ കുറച്ച് മദ്യപാനമായാലും നിയന്ത്രിത മദ്യപാനമായാലും മാരക രോഗങ്ങൾക്ക് അത് കാരണമാകുമെന്നാണ് അമേരിക്കൻ പബ്ലിക് ഹെൽത്ത് സർവീസ് പുറത്തുവിട്ട അപായ സൂചനയിൽ പറയുന്നത്. അമേരിക്ക സർജൻ ജനറലായ വിവേക് മൂർത്തി പറയുന്നത് ഏറ്റവും കുറഞ്ഞത് ഏഴുതരം ക്യാൻസറുകൾക്ക് മദ്യപാനം കാരണമാകുമെന്നാണ്.
വായ, തൊണ്ട, ശ്വാസനാളം, അന്നനാളം, സ്തനം, കരൾ, വൻ കുടൽ- മലാശയം എന്നീ ഭാഗങ്ങൾക്കാണ് മദ്യപാനത്തെ തുടർന്ന് ക്യാൻസറുണ്ടാകുന്നത്. മദ്യപാനം കൊണ്ട് ഏതാണ്ട് എട്ട് ലക്ഷത്തോളം പേർക്കാണ് 2020 ൽ ക്യാൻസർ സ്ഥിരീകരിച്ചത്. ബിയർ ആയാലും വൈൻ ആയാലും മദ്യമായാലും ഇത് ബാധകമാണ്. എത്രത്തോളം മദ്യം കൂടുതൽ അകത്താക്കുന്നോ അത്രത്തോളം ക്യാൻസർ വരാനുള്ള സാദ്ധ്യത കൂടുമെന്നാണ് റിപ്പോർട്ട്. എന്നാൽ വളരെ വലിയൊരു ശതമാനം ജനങ്ങൾ ഇതേക്കുറിച്ച് ബോധവാന്മാരല്ലെന്നും റിപ്പോർട്ട് പറയുന്നു.
വളരെ കുറഞ്ഞ അളവിൽ മദ്യം കഴിക്കുന്നവരും വല്ലപ്പോഴും കഴിക്കുന്നവരുമൊക്കെ ക്യാൻസർ ഭീഷണി നേരിടുന്നുണ്ട്. ഇത്തരം ആളുകൾക്ക് വായിലും തൊണ്ടയിലും അന്നനാളത്തിലും അർബുദം പിടിപെടാനുള്ള സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എത്രയും കുറച്ച് മദ്യപിക്കാമോ അത്രയും കുറച്ചായിരിക്കും ക്യാൻസറിനുള്ള സാദ്ധ്യത. പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് ആൽക്കഹോൾ കൂടുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Discussion about this post