പലകാരണങ്ങൾ കൊണ്ടും ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. എന്നാൽ ശരീരത്തിലെ ചില ഭാഗങ്ങളിലെ ചൊറിച്ചിൽ മറ്റു ചില രോഗങ്ങളുടെ ലക്ഷണമായും പ്രകടമാകാറുണ്ട്. ഇത്തരത്തിലുള്ള ചൊറിച്ചിലുകളെ ഒട്ടും നിസ്സാരവൽക്കരിക്കാതെ കൃത്യമായ പരിശോധന നടത്തേണ്ടത് ആവശ്യമാണ്. ശരീരത്തിലെ ഈ അഞ്ചു ഭാഗങ്ങളിൽ ഉണ്ടാകുന്ന ചൊറിച്ചിലിനെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.
കണ്ണുകൾക്ക് ചുറ്റുമുള്ള ചൊറിച്ചിൽ :
കണ്ണുകൾക്ക് ചുറ്റുമുള്ള ചൊറിച്ചിൽ സാധാരണയായി അലർജി, കണ്ണിലെ അണുബാധ അല്ലെങ്കിൽ ഡ്രൈ ഐ സിൻഡ്രോം എന്നിവ മൂലമാണ് ഉണ്ടാകുന്നത്. ഇതുകൂടാതെ, എക്സിമ അല്ലെങ്കിൽ സോറിയാസിസ് പോലുള്ള ചില ചർമ്മരോഗങ്ങളും കണ്ണുകൾക്ക് ചുറ്റും ചൊറിച്ചിൽ ഉണ്ടാക്കാം. കണ്ണുകൾക്ക് ചുറ്റും ചൊറിച്ചിൽ, ചുവപ്പ്, നീർവീക്കം എന്നിവ ഉണ്ടായാൽ വൈകാതെ തന്നെ ഒരു ഡോക്ടറെ സമീപിച്ച് ആവശ്യമായ പരിശോധനകൾ നടത്തേണ്ടതാണ്.
കൈകളിലെ ചൊറിച്ചിൽ :
കൈകളിൽ ചൊറിച്ചിൽ ഉണ്ടാകാനുള്ള ഏറ്റവും സാധാരണമായ കാരണം എക്സിമയാണ്. കൂടാതെ, അലർജികൾ, സോറിയാസിസ്, അല്ലെങ്കിൽ ചിലതരം അണുബാധകൾ എന്നിവയും കൈകളിൽ ചൊറിച്ചിൽ ഉണ്ടാക്കാം. കൈകളിലെ ചൊറിച്ചിലിനൊപ്പം ചുവപ്പ്, നീർവീക്കം അല്ലെങ്കിൽ കുമിളകൾ എന്നിവ ഉണ്ടെങ്കിൽ വൈകാതെ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
സ്വകാര്യ ഭാഗങ്ങളിൽ ചൊറിച്ചിൽ:
ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് മൂലമുണ്ടാകുന്ന അണുബാധകൾ ആണ് സാധാരണയായി സ്വകാര്യ ഭാഗങ്ങളിൽ ചൊറിച്ചിൽ ഉണ്ടാക്കുന്നത് . അതേ സമയം, ചില സോപ്പ്, വസ്ത്രങ്ങൾ അല്ലെങ്കിൽ മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്നുള്ള അലർജിയും ചൊറിച്ചിൽ ഉണ്ടാക്കാം. സോറിയാസിസ്, എക്‌സിമ തുടങ്ങിയ പ്രശ്‌നങ്ങളും സ്വകാര്യ ഭാഗങ്ങളിൽ ചൊറിച്ചിൽ ഉണ്ടാക്കാം.
ചെവിയിൽ ചൊറിച്ചിൽ :
ചെവിക്കുള്ളിൽ ചൊറിച്ചിൽ ഉണ്ടാകാനുള്ള ഏറ്റവും സാധാരണ കാരണം ഇയർ വാക്സ് അല്ലെങ്കിൽ അണുബാധയാണ്. എന്നാൽ ചെവിക്കുള്ളിൽ ചൊറിച്ചിലിനൊപ്പം വേദന, പനി അല്ലെങ്കിൽ കേൾവി പ്രശ്നങ്ങൾ എന്നിവ ഉണ്ടെങ്കിൽ, ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.
തലയോട്ടിയിലെ ചൊറിച്ചിൽ :
തലയോട്ടിയിൽ ചൊറിച്ചിൽ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം തലയിലെ താരൻ ആണ്. തലയോട്ടി ഡ്രൈ ആയിരിക്കുന്നതും ചൊറിച്ചിലിന് കാരണമാകാറുണ്ട്. എന്നാൽ തലയോട്ടിയിലെ ചൊറിച്ചിലിനൊപ്പം
മുടി കൊഴിച്ചിൽ, ചുവന്ന തിണർപ്പ് അല്ലെങ്കിൽ വെളുത്ത പൊടി എന്നിവ തലയിൽ ഉണ്ടാകുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
Discussion about this post