എറണാകുളം: ലൈംഗികാധിക്ഷേപം നടത്തിയ യൂട്യൂബ് ചാനലുകൾക്കെതിരെ നിയമനടപടിയുമായി ഹണി റോസ്. സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ച യൂട്യൂബ് ചാനലുകളുടെ വിശദമായ വിവരങ്ങൾ ഹണി റോസ് പോലീസിന് കൈമാറും. ബോബി ചെമ്മണ്ണൂർ അറസ്റ്റിലായതിന് പിന്നാലെയാണ് നടി കൂടുതൽ നിയമപോരാട്ടങ്ങളിലേക്ക് കടക്കുന്നത്.
വീഡിയോകൾക്ക് തന്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്‌നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങളാണ് ഹണി റോസ് പോലീസിന് കൈമാറുക. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണം എന്ന് നടി പോലീസിനോട് ആവശ്യപ്പെടും. നേരത്തെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ കമന്റുകൾ രേഖപ്പെടുത്തിയവർക്കെതിരെയും നടി പരാതി നൽകിയിരുന്നു.
അതേസമയം നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് ലഭിച്ച ശേഷം ആയിരിക്കും കൂടുതൽ വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തുക. നിലവിൽ കൊച്ചി സെൻട്രൽ പോലീസിന്റെ കസ്റ്റഡിയിൽ ആണ് ബോബി ചെമ്മണ്ണൂർ. രാവിലെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയോടെയാണ് വയനാട് നിന്നും കസ്റ്റഡിയിലായ ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിൽ എത്തിച്ചത്.
മേപ്പാടിയിലെ ബോച്ച് തൗസൻറ് ഏക്കർ റിസോർട്ട് വളപ്പിൽ വച്ച് ഇന്നലെ രാവിലെയോടെ ആയിരുന്നു അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സ്ഥിരം ഉപയോഗിക്കുന്ന മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.
Discussion about this post