കോട്ടയം: മഴ മാറിയതോടെ സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു. കണ്ണൂർ, കൊല്ലം, കോട്ടയം എന്നീ ജില്ലകളിലാണ് ചൂട് കൂടുന്നത്. കോട്ടയം ജില്ലയിൽ റെക്കോർഡ് താപനിലയാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
മഴ മാറിയ ശേഷമുള്ള പല ദിവസങ്ങളിലും ജില്ലയിലെ താപനില 40 ഡിഗ്രി രേഖപ്പെടുത്തിയിട്ടുണ്ട്. അനൗദ്യോഗിക കണക്കാണ് ഇതെങ്കിലും അതിശക്തമായ ചൂട് അനുഭവപ്പെടുന്നതായി കോട്ടയം നിവാസികളും പ്രതികരിക്കുന്നുണ്ട്. വേനൽകാലം അടുക്കുന്നതിനാൽ കഠിനമായ ചൂട് ആയിരിക്കും അനുഭവപ്പെടുക. കൊടുംവരൾച്ചയിലേക്കാണ് ജില്ല പോകുന്നത് എന്ന മുന്നറിയിപ്പും നിലവിലെ കാലാവസ്ഥ നൽകുന്നുണ്ട്.
കഴിഞ്ഞ ജനുവരിയിൽ ശക്തമായ മഴ കോട്ടയത്ത് ലഭിച്ചിരുന്നു. എന്നാൽ ഈ വർഷം വളരെ കുറവാണ്. മാത്രവുമല്ല രാത്രി ഉൾപ്പെടെ കഠിനമായ ചൂടും ഉണ്ട്. ഈ കാലാവസ്ഥ തുടർന്നാൽ അധികം വൈകാതെ കുടിവെള്ള ക്ഷാമം അനുഭവപ്പെടും. തോടുകളിലെയും പുഴകളിലെയും വെള്ളം താഴുന്നുണ്ട്. മലയോര പടിഞ്ഞാറൻ മേഖലകളിലാകും കുടിവെള്ള ക്ഷാമം രൂക്ഷമാകുക.
Discussion about this post