ബേസിൽ ജോസഫ് ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ശക്തിമാന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് സൂചന. രൺവീർ സിംഗ് ആയിരിക്കും ശക്തിമാനിൽ നായകനായി എത്തുന്നത് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നടക്കുന്ന ഒരുക്കങ്ങൾക്ക് ശേഷമാണ് ശക്തിമാൻ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്നത്.
ശക്തിമാനിൽ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയതാരം കൂടിയായ വാമിക ഗബ്ബി ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന മലയാള ചിത്രത്തിലും വാമിക ഗബ്ബി ആയിരുന്നു നായിക. അടുത്തിടെ പുറത്തിറങ്ങിയ ബേബി ജോൺ എന്ന ബോളിവുഡ് ചിത്രത്തിൽ വാമിക ഒരു സുപ്രധാന വേഷത്തിൽ എത്തിയിരുന്നു.
അദിവി സേഷിനും ഇമ്രാൻ ഹാഷ്മിക്കുമൊപ്പം ഗൂഡാചാരി 2 എന്ന ചിത്രത്തിലാണ് ഇപ്പോൾ വാമിക ഗബ്ബി അഭിനയിക്കുന്നത്. 2007-ൽ ഇംതിയാസ് അലിയുടെ ജബ് വി മെറ്റ് എന്ന ചിത്രത്തിലൂടെയാണ് വാമിഖ ഗബ്ബി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിൽ കരീന കപൂർ ഖാൻ്റെ കസിൻ ആയി അഭിനയിച്ചു . അതിനുശേഷം മൗസം, ബിട്ടു ബോസ്, 83, ഖുഫി, ബേബി ജോൺ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിൽ ടോവിനോ നായകനായ ഗോദ , പൃഥ്വിരാജ് നായകനായ നയൻ എന്ന സിനിമകളിലും വാമിക ആയിരുന്നു നായിക.
Discussion about this post