തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്താനുള്ള വിഷത്തെക്കുറിച്ച് പ്രതി ഗ്രീഷ്മ ദിവസങ്ങളോളം നെറ്റിൽ പരിശോധന നടത്തിയിരുന്നതായി ഷാരോണിന്റെ സഹോദരൻ ഷിമോൺ രാജ്. വിശദമായി പഠിച്ച ശേഷം ആയിരുന്നു കാപ്പിക് ബ്രാൻഡിൽപെട്ട പാരക്വിറ്റ് വിഷം ഗ്രീഷ്മ ഷാരോണിന് നൽകിയത്. വിഷം അകത്ത് പോയതോടെ ഷാരോണിന്റെ തൊണ്ടയും ശ്വാസകോശവും കരിഞ്ഞുപോയിരുന്നുവെന്നും ഷിമോൺ കൂട്ടിച്ചേർത്തു. ആയുർവേദ ഡോക്ടർ ആണ് ഷിമോൺ.
ജ്യൂസിൽ പാരസെറ്റമോൾ കലർത്തി നൽകി ഷാരോണിനെ കൊലപ്പെടുത്താനുള്ള ഗ്രീഷ്മയുടെ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറി പരാജയപ്പെടരുതെന്ന് ഗ്രീഷ്മയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു. അതിനായി ദിവസങ്ങളോളം വിഷത്തെക്കുറിച്ച് ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് നോക്കി. വിഷം അകത്ത് ചെന്നാൽ പരിശോധനയിൽ തെളിയുമെന്നതിനെക്കുറിച്ച് ഗ്രീഷ്മയ്ക്ക് ധാരണയുണ്ടായിരുന്നു. അതാണ് പാരക്വിറ്റിലേക്ക് ഗ്രീഷ്മയെ എത്തിച്ചത്. ഈ വിഷം അകത്ത് ചെന്നാൽ 24 മണിക്കൂർ കഴിഞ്ഞാൽ അതിന്റെ അംശം ശരീരത്തിൽ നിന്നും അപ്രത്യക്ഷമാകും.
പാക്വിറ്റ് ശരീരത്തിനുള്ളിൽ എത്തിയാൽ ആ ഭാഗം മുഴുവൻ കരിഞ്ഞ് പോകും. ഇത് ആ വിഷത്തിന്റെ മാത്രം പ്രത്യേകതയാണ്. അതുകൊണ്ടാണ് നൽകിയ വിഷം ഏതെന്ന് പെട്ടെന്ന് മനസിയാലത്. തൊണ്ട പൊള്ളിപ്പോയതിനാൽ വെള്ളം പോലും കുടിയ്ക്കാൻ ഷാരോണിന് കഴിഞ്ഞിരുന്നില്ല.
കോകിലാക്ഷം കഷായമാണ് ഷാരോണിന് നൽകിയത് എന്നായിരുന്നു ഗ്രീഷ്മയുടെ മൊഴി. എന്നാൽ ഈ കഷായം ശരീരത്തെ ദോഷമായി ബാധിക്കില്ല. ഇതോടെ വെറും കഷായമല്ല നൽകിയത് എന്ന് വ്യക്തമാകുകയായിരുന്നുവെന്നും ഷിമോൺ രാജ് പറഞ്ഞു.
Discussion about this post