എറണാകുളം: ഇന്ത്യയിൽ 42 ദശലക്ഷം ആളുകളാണ് തൈറോയിഡ് രോഗത്താൽ വലയുന്നത്. ഇതിൽ തന്നെ 10-ൽ ഒരു മുതിർന്ന വ്യക്തിക്ക് ഹൈപ്പോതൈറോയിഡിസമാണ് ബാധിച്ചിട്ടുള്ളത്. മിക്കപ്പോഴും ഹൈപ്പോതൈറോയിഡിസത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നായ അനീമിയ ഈ രോഗമുള്ളവരിൽ 41.8%-നെ ബാധിക്കുന്നു. ആഗോള തൈറോയിഡ് ബോധവൽക്കരണ മാസത്തിൽ ഈ ഇരട്ട വെല്ലുവിളികളെ കുറിച്ച് ആളുകളെ ഓർമ്മിപ്പിക്കേണ്ടത് അതിപ്രധാനമാണ്. ചികിത്സിക്കപ്പെടാതെ പോയാൽ ഈ ഇരട്ട വെല്ലുവിളികൾ മൊത്തത്തിലുള്ള ഉൽപ്പാദനക്ഷമതയേയും ജീവിത നിലവാരത്തേയും നിർണ്ണായകമായി ബാധിക്കും.
സാധാരണയിൽ കുറഞ്ഞ നിരക്കിൽ ചുവന്ന രക്തകോശങ്ങളുടെ അളവാണ് അനീമിയ എന്ന രോഗത്തിന്റെ ലക്ഷണം. മിക്കപ്പോഴും ഇത് ഹൈപ്പോതൈറോയിഡിസവുമായി ഒരുമിച്ചാണ് ഉണ്ടാകുന്നത്. ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥയിൽ കഴുത്തിൽ സ്ഥിതി ചെയ്യുന്ന പൂമ്പാറ്റയുടെ രൂപത്തിലുള്ള തൈറോയിഡ് ഗ്ലാന്റുകൾ വേണ്ടത്ര തൈറോയിഡ് ഹോർമോണുകൾ ഉൽപ്പാദിപ്പിക്കാതെ വരുന്നു. ഈ ഹോർമോണുകളാണ് ശരീരത്തിലെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്നത് എന്നതിനാൽ അത് വളരെ പ്രധാനപ്പെട്ട ഒരു ഹോർമോണാണ്. നിങ്ങളുടെ ശരീരം ഊർജ്ജത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ബാധിക്കുന്ന ഒരു പ്രശ്നമാണിത്. ഈ അവസ്ഥയുടെ ലക്ഷണങ്ങൾ മാറി മാറി പ്രത്യക്ഷപ്പെടാറുണ്ട്. പ്രത്യേകിച്ച് ശൈത്യകാലത്ത് വിളറിയ ചർമ്മം അനീമിയയുടെ ലക്ഷണങ്ങളെ മറയ്ക്കുന്നു. ഇതിനുപുറമേ, പലപ്പോഴും ഇത് അവഗണിക്കപ്പെടുകയും ചെയ്യുന്നു.
ശൈത്യകാലത്ത് ശരീരത്തിന് ചൂട് ഉൽപ്പാദിപ്പിക്കുന്നതിനായി തൈറോയിഡ് ഹോർമോണുകളുടെ ആവശ്യം വളരെയധികം വർദ്ധിക്കും. ഇങ്ങനെ താപനില നിയന്ത്രിക്കുന്നതിന് പ്രയാസപ്പെടുമ്പോൾ സർവ്വസാധാരണമായി കണ്ടുവരുന്ന ലക്ഷണങ്ങൾ ഗുരുതരമാകും. ശരീരഭാരം വർദ്ധിക്കുക, കടുത്ത ക്ഷീണം, വിഷാദം, വരണ്ടതും പരുക്കനുമായ ചർമ്മവും മുടിയും, തണുപ്പുമായി പൊരുത്തപ്പെട്ടു പോകുവാൻ പ്രയാസം, കൈകളിൽ നൊന്തു വിറയുന്നതുപോലെയുള്ള അവസ്ഥ എന്നിങ്ങനെയുള്ളവ ഇതിൽ ഉൾപ്പെടുന്നു. പുരുഷന്മാരേക്കാൾ മൂന്നിരട്ടി സ്ത്രീകളാണ് ഹൈപ്പോതൈറോയിഡിസം ബാധിക്കാൻ സാധ്യതയുള്ളവർ. അതുപോലെ മുതിർന്ന വ്യക്തികളാണ് രോഗം ബാധിക്കാൻ ഇടയുള്ള മറ്റൊരു പ്രധാനപ്പെട്ട വിഭാഗം.
എങ്ങനെയാണ് ഇവ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത്?
തൈറോയിഡിന്റെ തോത് കുറഞ്ഞിരിക്കുമ്പോൾ അത് ചുവന്ന രക്തകോശങ്ങളുടെ ഉൽപ്പാദനത്തെ അത് മന്ദഗതിയിലാക്കും. ഹൈപ്പോതൈറോയിഡിസം അല്ലെങ്കിൽ ഹാഷിമോട്ടോസ് തൈറോയിഡിറ്റിസ് പോലുള്ള തൈറോയിഡ് രോഗങ്ങൾ കൂടി ഉണ്ടാകുമ്പോൾ ഈ അവസ്ഥയെ അത് കൂടുതൽ സങ്കീർണ്ണമാക്കും. ഈ അവസ്ഥകൾ വൈറ്റമിൻ ബി-12-ന്റെ അപര്യാപ്തയിലേക്ക് നയിക്കും. അതും ചുവന്ന രക്തകോശങ്ങളുടെ ഉൽപ്പാദനത്തെ ബാധിക്കും. ഇതിനുപുറമേ, തൈറോയിഡിന്റെ തോത് കുറയുന്നത് ശരീരം ഇരുമ്പ് വലിച്ചെടുക്കുന്നതിൽ ഇടപെടുകയും അത് വ്യത്യസ്ത തരത്തിലുള്ള മെറ്റബോളിസങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. ഈ പ്രശ്നങ്ങൾ ചികിത്സിക്കപ്പെടാതെ പോയാൽ അത് ഗുരുതരമായി മാറുകയും രോഗാവസ്ഥ കൈകാര്യം ചെയ്യുന്നത് കൂടുതൽ പ്രയാസകരമാക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഒരു ബന്ധത്തെ കുറിച്ച് ബോധവൽക്കരണം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. കൃത്യസമയത്ത് കൃത്യമായി രോഗനിർണ്ണയം നടത്തുന്നതിനു മാത്രമല്ല, രോഗിക്ക് അനുയോജ്യമായ പരിചരണവും ചികിത്സയും ലഭിക്കുന്നു എന്ന്ഉറപ്പാക്കുന്നതിനും ഇത് പ്രധാനമാണ്.
അബോട്ട് ഇന്ത്യയിലെ മെഡിക്കൽ അഫയേഴ്സ് ഹെഡ്ഡായ ഡോക്ടർ രോഹിത ഷെട്ടി പറഞ്ഞു, ”ഹൈപ്പോതൈറോയിഡിസവും അനീമിയയും ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ആരോഗ്യ ഉൽകണ്ഠ തന്നെയാണ്. എന്നാൽ കൃത്യസമയത്ത് രോഗനിർണ്ണയം നടത്തി നിരന്തരമായ ചികിത്സയിലൂടെ ഫലപ്രദമായി ഈ രോഗാവസ്ഥയെ കൈകാര്യം ചെയ്യാൻ കഴിയും. ഈ രണ്ട് അവസ്ഥകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ ആളുകളെ ബോധവൽക്കരിക്കുകയും ലക്ഷണങ്ങൾ ഉള്ളവരെ കൃത്യമായ വൈദ്യ ഉപദേശം തേടുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. ഉദാഹരണത്തിന്, നിങ്ങളുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും വേനൽക്കാലത്തും തണുപ്പ് അനുഭവപ്പെടുകയോ അല്ലെങ്കിൽ ഒരിക്കലും അവസാനിക്കാത്ത കടുത്ത ക്ഷീണം ഉണ്ടെന്ന് നിങ്ങളുടെ ഒരു സുഹൃത്ത് പരാതിപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അവരെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുന്നതിന് പ്രോത്സാഹിപ്പിക്കണം.”
കൊച്ചിയിലെ ലിസി ആശുപത്രിയിലെ കൺസൾട്ടന്റ് എൻഡോക്രിനോളജിസ്റ്റായ ഡോക്ടർ ഗീന സൂസൻ കൂട്ടിച്ചേർക്കുന്നു, ”ഹൈപ്പോതൈറോയിഡിസത്തിന്റേയും അനീമിയയുടേയും പ്രയാസം ഇന്ന് വർദ്ധിച്ചു കൊണ്ടേയിരിക്കുകയാണ്. ഉദാഹരണത്തിന്, 15-നും 49-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കിടയിലെ അനീമിയ 2015-16-ലെ 53%-ൽ നിന്നും 2019-2021-ലെ 1 57%-ലേക്ക് ഉയർന്നിരിക്കുന്നു. ഈ രണ്ട് അവസ്ഥകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആളുകൾ മനസ്സിലാക്കേണ്ടത് അങ്ങേയറ്റം പ്രധാനമാണ്. കാരണം എന്നാൽ മാത്രമേ രോഗനിർണ്ണയവും അനുയോജ്യമായ ഉപദേശങ്ങളും ചികിത്സയും ഉറപ്പ് വരുത്താനാകൂ.”
ഈ അവസ്ഥകൾ ഉണ്ടോ എന്ന് അറിയുവാൻ പരിശോധനകൾ പതിവായി നടത്തേണ്ട ഉയർന്ന അപകടസാധ്യത ഉള്ള വിഭാഗങ്ങൾ:
* സ്ത്രീകൾ (പ്രത്യേകിച്ച് ഗർഭിണികൾ)
* മുതിർന്ന വ്യക്തികൾ
* ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളുള്ള വ്യക്തികൾ (സെലിയാക് അല്ലെങ്കിൽ ക്രോൺസ് രോഗങ്ങൾ പോലുള്ളവ)
* പോഷകങ്ങളുടെ അപര്യാപ്തത നേരിടുന്നവർ (വിവിധ വൈറ്റമിനുകളായ ബി12 മുതൽ ഡിയും അയേണും അടക്കമുള്ളവ)
* വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ളവർ (പ്രമേഹം, വിട്ടുമാറാത്ത വൃക്ക രോഗങ്ങൾ കരൾ രോഗങ്ങൾ തുടങ്ങിയവ)
* വിട്ടുമാറാത്ത അസിഡിറ്റിയും ദഹന പ്രശ്നങ്ങളും ഉള്ളവർ
ഇരു അവസ്ഥകളും മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുവാൻ രോഗനിർണ്ണയം പ്രധാനമാണ്
നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് എപ്പോഴും ജാഗരൂകമായിരിക്കുക എന്നതാണ് പ്രധാനം. നേരത്തേയുള്ള രോഗനിർണ്ണയവും ചികിത്സയും നിർണ്ണായകമായ മാറ്റം സൃഷ്ടിക്കുമെന്നുള്ള കാര്യം ഓർക്കേണ്ടത് നല്ലതാണ്. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന വ്യക്തികൾ അടുത്ത ഘട്ടമായി എന്ത് ചെയ്യണം എന്നതിനു വേണ്ടി ഡോക്ടറെ നിർബന്ധമായും കാണേണ്ടതാണ്. തൈറോയിഡ് ഫംഗ്ക്ഷൻ ടെസ്റ്റ് അല്ലെങ്കിൽ സമ്പൂർണ്ണ രക്ത കൗണ്ട് പരിശോധന, ഫെറിറ്റിൻ, വൈറ്റമിൻ ബി-12, അനീമിയയുമായി ബന്ധപ്പെട്ട ഫോളേറ്റ് തോതുകൾ എന്നിങ്ങനെയുള്ളവ കണ്ടെത്തുക എന്നീ പരിശോധനകളായിരിക്കും ഇതിൽ ഉൾപ്പെടുന്നത്. ഓരോ ദിവസവും മെച്ചപ്പെട്ട നിലവാരത്തിലുള്ള ജീവിതം മുന്നോട്ട് കൊണ്ടു പോകുവാൻ നിങ്ങളുടെ ആരോഗ്യത്തെ വേണ്ടത്ര കരുതലോടെ സംരക്ഷിക്കുക.
Discussion about this post