തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിക്കുന്നതിൽ പ്രായം പരിഗണിക്കാനാവില്ലെന്നാണ് വിധി പ്രസ്താവിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയത്. ഷാരോണിനോട് ഗ്രീഷ്മ ചെയ്ത ഓരോ ക്രൂരതയും അക്കമിട്ട് പറഞ്ഞുകൊണ്ടാണ് കേസിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എഎം ബഷീർ ശിക്ഷ വിധിച്ചത്.
ഷാരോൺ കേസിൽ വിധി പറയുന്നത് കേൾക്കാൻ മാതാപിതാക്കൾ കോടതിയിലെത്തിയിരുന്നു. വിധി കേൾക്കാനായി ജഡ്ജി എഎം ബഷീർ തന്നെയാണ് ഷാരോണിന്റെ മാതാപിതാക്കളെ കോടതി മുറിയിലേക്ക് വിളിച്ചുവരുത്തിയത്. ഈ വിധി കേൾക്കാൻ ഷാരോണിന്റെ മാതാപിതാക്കളും ഇവിടെ ഉണ്ടാകണമെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നുവെന്നാണ് വധശിക്ഷ പ്രസ്താവിക്കുന്നതിന് മുമ്പ് ജഡ്ജി പറഞ്ഞത്. പ്രതി മാത്രം ഇവിടെ പോരാ, അവരും ഈ വിധി കേൾക്കണം അതുകൊണ്ടാണ് അവരെ ഇവിടേക്ക് വിളിച്ചുവരുത്തിയത് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. വിധി കേട്ട് ഷാരോണിന്റെ മാതാപിതാക്കൾ തൊഴുകൈകൾ കൊണ്ട് പൊട്ടിക്കരയുന്നതും കോടതിയിൽ കാണാനായി.
പ്രതിയുടെ ക്രൂരതകൾ ഒന്നൊന്നായി അക്കമിട്ട് നിരത്തിക്കൊണ്ടാണ് കോടതി വിധി പറഞ്ഞത്. വിധി പകർപ്പിലെ ഇത്രയേറെ ഭാഗങ്ങൾ വിവരിച്ചുകൊണ്ടുള്ള ഒരു വിധി ആദ്യമായാണ് ഉണ്ടാകുന്നത്. അന്വേഷണത്തിൽ കേരള പോലീസിന്റെ മികവിനെ കോടതി അഭിനന്ദിച്ചു. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പോലീസ് മാറ്റിയെന്നും സാഹചര്യ തെളിവുകൾ നല്ല രീതിയിൽ ഉപയോഗിച്ചതായും വിധിപകർപ്പിൽ പറയുന്നു. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കി.
മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്‌നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ല. പുറമേ ഷാരോണിനെ സ്‌നേഹിക്കുന്നതായി അഭിനയിക്കുമ്പോഴും ഉള്ളിൽ അവനെ കൊലപ്പെടുത്താനുള്ള പദ്ധതികൾ ഗ്രീഷ്മ ആസൂത്രണം ചെയ്യുകയായിരുന്നു. പ്രതിയുടെ പ്രായം ഇതിൽ പരിഗണിക്കാനാവില്ല. ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചപ്പോൾ കൊലപ്പെടുത്താൻ ആണ് വിളിക്കുന്നത് എന്ന് ഷാരോണിന് അറിയില്ലായിരുന്നുവെന്നും വിധി പകർപ്പിൽ പറയുന്നു.
പ്രതിയുടെ ആത്മഹത്യാശ്രമം അന്വേഷണത്തെ വഴിത്തിരിക്കാൻ മാത്രമായിരുന്നു. 48 സാഹചര്യ തെളിവുകൾ ഗ്രീഷ്മക്കെതിരെയുണ്ട്. ഷാരോൺ അനുഭവിച്ചത് വലിയ വേദനയാണ്. ആ വേദന ചെറുതായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.
Discussion about this post