തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ഷാരോണിന്റെ മാതാപിതാക്കൾ വിധി കേട്ടത്. നിഷ്‌കളങ്കനായ തന്റെ പൊന്നുമോന്റെ നിലവിളി ദൈവം കേട്ടുവെന്ന് ഷാരോണിന്റെ അമ്മ കരഞ്ഞുകൊണ്ട് പ്രതികരിച്ചു.
തന്റെ മകന് നീതി നൽകിയ കോടതിക്ക് അമ്മ നന്ദി പറഞ്ഞു. ‘നിഷ്‌കളങ്കനായിരുന്നു എന്റെ പൊന്നുമോൻ. അവന്റെ നിലവിളി ദൈവം കേട്ടു. ദൈവം നീതിമാനായ ജഡ്ജിയിലൂടെ ഇറങ്ങിവന്നു. വിധിയിൽ പൂർണതൃപ്തയാണ്. ജഡ്ജിക്കും പ്രോസിക്യൂഷനും പോലീസിനും നന്ദിയെന്നും അമ്മ പറഞ്ഞു.
പ്രതിയുടെ ക്രൂരതകൾ ഒന്നൊന്നായി അക്കമിട്ട് നിരത്തിക്കൊണ്ടാണ് കോടതി വിധി പറഞ്ഞത്. വിധി പകർപ്പിലെ ഇത്രയേറെ ഭാഗങ്ങൾ വിവരിച്ചുകൊണ്ടുള്ള ഒരു വിധി ആദ്യമായാണ് ഉണ്ടാകുന്നത്. അന്വേഷണത്തിൽ കേരള പോലീസിന്റെ മികവിനെ കോടതി അഭിനന്ദിച്ചു. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പോലീസ് മാറ്റിയെന്നും സാഹചര്യ തെളിവുകൾ നല്ല രീതിയിൽ ഉപയോഗിച്ചതായും വിധിപകർപ്പിൽ പറയുന്നു. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കി.
Discussion about this post