തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായിട്ടാണ് സംസ്ഥാനത്ത് മഴ ലഭിക്കുക. രണ്ട് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്തിന്റെ മലയോര മേഖലയിലും മദ്ധ്യ തെക്കൻ കേരളത്തിലും ആയിരിക്കും മഴ ലഭിക്കുക. കഴിഞ്ഞ ദിവസം ഇവിടങ്ങളിൽ മഴ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആളുകൾ ജാഗ്രത പാലിക്കണം. അതേസമയം ജില്ലകളിലൊന്നും പ്രത്യേകം മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
ചക്രവാതച്ചുഴിയ്ക്ക് പുറമേ അറബിക്കടലിൽ എംജെഒ സാന്നിദ്ധ്യവും ഉണ്ട്. ഇതിന് പുറനേ പസഫിക് സമുദ്രത്തിൽ ലാനിന പ്രതിഭാസവും അനുഭവപ്പെടുന്നുണ്ട്. ഇതാണ് മഴയുടെ ശക്തിവർദ്ധിപ്പിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രാത പാലിക്കണം എന്നും അധികൃതർ അറിയിച്ചു.
ഇന്നലെ ശക്തമായ മഴയാണ് പലഭാഗത്തും ലഭിച്ചത്. ഇതേ തുടർന്ന് തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് ആയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ തീരമേഖലകളിൽ കള്ളക്കടൽ പ്രതിഭാസം അനുഭവപ്പെടുന്നുണ്ട്.
Discussion about this post