കൊൽക്കത്ത : ഓസ്ട്രേലിയൻ പര്യടനത്തിലെ തോൽവിക്ക് ശേഷം നിലപാട് കടുപ്പിച്ചിരിക്കുകയാണ് ബിസിസിഐ. ഇതിൻ്റെ ഭാഗമായി ടീമംഗങ്ങൾക്ക് ഇത് വരെ ലഭിച്ചിരുന്ന പല സ്വാതന്ത്ര്യങ്ങളും വെട്ടിക്കുറച്ചതിന് പുറമെ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബിസിസിഐ മുന്നോട്ട് വച്ച പുതിയ പത്ത് മാർഗ്ഗനിർദ്ദേശങ്ങൾ ഇതിനകം തന്നെ പ്രാബല്യത്തിലായെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഇതിൻ്റെ ഭാഗമായി ടീമംഗങ്ങൾക്ക് ഇനി പ്രത്യേക വാഹന സൌകര്യം അനുവദിക്കില്ല. എല്ലാവരും ടീം ബസിൽ തന്നെ യാത്ര ചെയ്താൽ മതിയെന്നാണ് ബിസിസിഐ നിലപാട്.
ഇംഗ്ലണ്ടിനെതിരായ ട്വൻ്റി 20 പരമ്പരയിലെ ആദ്യ മല്സരം കൊൽക്കത്തയിലാണ് നടക്കുന്നത്. ഇതിനായി കൊൽക്കത്തയിലെത്തിയ ടീമംഗങ്ങൾക്ക് പ്രത്യേക വാഹനങ്ങൾ നല്കേണ്ടെന്ന് ബിസിസിഐ ബംഗാൾ ക്രിക്കറ്റ് അസോസിയേഷന് നിർദ്ദേശം നല്കിക്കഴിഞ്ഞു.ഇതോടെ എല്ലാവരും ടീം ബസിൽ തന്നെ യാത്ര ചെയ്യേണ്ടി വരും. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് സ്നേഹാശിഷ് ഗാംഗുലിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സംഘത്തിനായി ഒരു ടീം ബസ് മാത്രമാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് സ്നേഹാശിഷ് ഗാംഗുലി പറഞ്ഞു. പ്രത്യേക വാഹനങ്ങൾ
തയ്യാറാക്കിയിട്ടില്ല. മല്സരങ്ങൾക്കും പരിശീലന സെഷനുകൾക്കും താരങ്ങൾ ടീം ബസിൽ തന്നെ യാത്ര ചെയ്യും. തങ്ങൾക്ക് ബിസിസിഐ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും സ്നേഹാശിഷ് ഗാംഗുലി പറഞ്ഞു.
പരമ്പരയിലെ മറ്റ് മല്സരങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിലെ അസോസിയേഷനുകൾക്കും ബിസിസിഐ ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഒരുമിച്ച് യാത്ര ചെയ്യുന്നതിന് പുറമെ,മറ്റ് താരങ്ങൾക്കൊപ്പം മുഴുവൻ സമയവും പരിശീലന സെഷനുകളിൽ പങ്കെടുക്കണമെന്നും നിർദ്ദേശമുണ്ട്. ടീമെന്ന നിലയിലുള്ള ഒത്തിണക്കത്തിനും അച്ചടക്കത്തിനും ഇത് അനിവാര്യമാണെന്നാണ് ബിസിസിഐുടെ നിലപാട്. ഓസ്ട്രേലിയൻ പര്യടനത്തിനിടെ ടീമിലെ രണ്ട് മുതിർന്ന താരങ്ങൾ കുടുംബത്തിനൊപ്പം മറ്റ് വാഹനത്തിലാണ് യാത്ര ചെയ്തിരുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
പുതിയ തീരുമാനം നടപ്പിലായതോടെ ഈഡൻ ഗാർഡനിൽ നടന്ന പരിശീലന സെഷനായി ഇന്ത്യൻ ടീമംഗങ്ങൾ ഒരുമിച്ച് ഒരു ബസിലാണ് എത്തിയത്. കോച്ച് ഗൌതം ഗംഭീറാണ് ആദ്യം ബസിൽ നിന്നിറങ്ങിയത്. തുടർന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവും, ഹാർദ്ദിക് പാണ്ഡ്യയും മറ്റ് താരങ്ങളും സപ്പോർട്ട് സ്റ്റാഫും ഗ്രൌണ്ടിലെത്തി.
Discussion about this post