കൊച്ചി: മലയാള സിനിമയിലെ യുവതാരങ്ങളായ അഷ്‌കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്രകഥാപാത്രങ്ങളാകുന്ന ബെസ്റ്റി ഈ ജനുവരി 24 ന് തിയേറ്ററുകളിലെത്തും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ഷാനു സമദാണ് നിർവഹിക്കുന്നത്. പൊന്നാനി അസീസിന്റെതാണ് കഥ. ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗർവാൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുംബൈയിൽ വെച്ച് നടത്തിയ ചടങ്ങിലാണ് ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തത്.ഇപ്പോഴിതാ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അഷ്‌കർ സൗദാൻ മമ്മൂട്ടിയെയും ദുൽഖറിനെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
‘മമ്മൂക്ക, ഷീലാമ്മ, നയൻതാര എന്നിവരുടെ കൂടെ തസ്‌കരവീരനിൽ എനിക്കൊരു കഥാപാത്രം ചെയ്യാൻ സാധിച്ചു. അങ്ങനെ തുടങ്ങിയ ജേർണിയാണ്. അതിന് മുന്നേ ‘കൂട്ട്’ എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിരുന്നു. പ്രൊഡ്യൂസേർസ് അവസരങ്ങൾ നൽകിയതിനാൽ ഇപ്പോൾ നല്ല പടങ്ങളിലെത്താൻ പറ്റി. എനിക്ക് സത്യത്തിൽ സിനിമയിൽ അഭിനയിക്കാനോ അതെന്താണെന്നോ അറിയില്ല. എന്റെ അമ്മാവനാണ് മമ്മൂട്ടി, കുടുംബത്തിലെ സൂപ്പർസ്റ്റാർ. പുള്ളിയെ കണ്ടാണ് വളർന്നത്. പുള്ളി അഭിനയിക്കുന്നത് കണ്ടപ്പോൾ ഇതെന്ത് പരിപാടി കൊള്ളാലോന്ന് തോന്നി. എനിക്കങ്ങനെ മോഹം വന്നു. അങ്ങനെ സിനിമയിൽ എത്തപ്പെടാൻ പറ്റി. എന്റെ പ്രശ്‌നം, മമ്മൂട്ടി കമ്പനി, വേഫറർ ഫിലീംസ് ഈ രണ്ട് കമ്പനിയിൽ നിന്ന് വിളിച്ചില്ലേൽ മിണ്ടത്തില്ല ഞാൻ. എന്നെ മമ്മൂട്ടി കമ്പനി വിളിക്കണ്ടേ? ഞാൻ എത്ര പടം ചെയ്തു. എന്തൊക്കെ കാണിക്കുന്നു, ഫൈറ്റ് ചെയ്യുന്നു, മാമൻ ഇതൊക്കെ അറിയണ്ടേ? ദുൽഖർ അറിയണ്ടേ? അവൻ അനിയനല്ലെ, അവന് വിളിക്കാൻ പാടില്ലെ? എനിക്കൊരു ചാൻസ് തരാൻ പാടില്ലെ?” എന്നാണ് അഷ്‌കർ സൗദാൻ പറയുന്നത്. ശേഷം ”ഞാൻ അമ്മാവനെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും കൊന്ന് കൊലവിളിച്ചിട്ടുണ്ടെന്നും.” അഷ്‌കർ സൗദാൻ കൂട്ടിച്ചേർത്തു.
Discussion about this post