കൊച്ചി: അതിക്രമം ഉണ്ടായാൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്ന് നടി അനുമോൾ. മിണ്ടാതിരുന്നിട്ടോ വീഡിയോയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടോ കാര്യമില്ല. അടി കൊടുക്കേണ്ടയിടത്ത് അടി തന്നെ കൊടുക്കണമെന്നും താരം വ്യക്തമാക്കി. തന്റെ പഴയ തൊട്ടാവാടി പരുവം മാറിയെന്നും ഇപ്പോൾ നല്ല ധൈര്യമായെന്നാണ് താരം പറയുന്നത്. താൻ ഇപ്പോൾ ലൊക്കേഷനിലും പ്രോഗ്രാമിനുമെല്ലാം ഒറ്റയ്ക്കാണ് പോകുന്നത്. ആരെങ്കിലും മോശമായി പെരുമാറിയാൽ പ്രതികരിക്കണമെന്ന് അമ്മ പറയും. പലപ്പോഴും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.
ഒരിക്കൽ ബസിൽവച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും അനുമോൾ പറയുന്നു. രാത്രി തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. മയക്കത്തിനിടെ ആരോ ദേഹത്ത് തൊടുന്നതുപോലെ തോന്നി. തോന്നിയതായിരിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ അങ്ങനെയല്ലെന്ന് മനസിലായതോടെ എഴുന്നേറ്റ് നിന്ന് ഒരടിയങ്ങ് പൊട്ടിച്ചെന്ന് നടി വെളിപ്പെടുത്തി.എന്നാൽ ബസിലെ കണ്ടക്ടർ അടക്കമുള്ളയാളുകൾ ഇക്കാര്യം വിട്ടുകളയാനാണ് പറഞ്ഞതെന്നും അനുമോൾ പറയുന്നു. അയാളെ ബസിൽ നിന്ന് ഇറക്കിവിടണമെന്ന് താൻ വാശി പിടിച്ചു. ഒടുവിൽ അയാളെ ഇറക്കിവിട്ടശേഷമാണ് ബസ് മുന്നോട്ടുപോയതെന്നും നടി കൂട്ടിച്ചേർത്തു.
അതിക്രമം നടന്നാൽ അപ്പോൾ തന്നെ പ്രതികരിക്കണം. അല്ലാതെ മിണ്ടാതിരുന്നിട്ടോ വീഡിയോ എടുത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടോ കാര്യമില്ല. അടി വേണ്ടിടത്ത് അടി തന്നെ വേണം. അതാണ് എന്റെ നിലപാടെന്നും അനു കൂട്ടിച്ചേർത്തു.
Discussion about this post