പാലക്കാട്: കൃത്യം നടപ്പാക്കിയതിന്റെ സന്തോഷത്തിലാണ് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെന്ന് പോലീസ്. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണം. ദിവസങ്ങൾക്ക് മുൻപ് തന്നെ കൃത്യം നടത്താൻ പ്രതി ആസൂത്രണം ചെയ്തിരുന്നുവെന്നും പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്നലെ വൈകീട്ടോടെയാണ് കോടതിയിൽ ഹാജരാക്കിയ ചെന്താമരയെ റിമാൻഡ് ചെയ്തത്.
ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്. ദിവസങ്ങൾക്ക് മുൻപ് തന്നെ ചെന്താമര കൊലയ്ക്ക് ആസൂത്രണം നടത്തിയിരുന്നു. ഇതിനായി കൊടുവാൾ വാങ്ങിയിരുന്നു. സുധാകരനും കുടുംബവുമായും ഉണ്ടായിരുന്ന മുൻ വൈരാഗ്യം ആണ് കൊലയ്ക്ക് കാരണം ആയത്. പ്രദേശവാസികൾക്കും ഇയാൾ ഭീഷണി ആയിരുന്നു. ഇയാളിൽ നിന്നും അയൽവാസികൾ തുടർച്ചയായി ഭീഷണി നേരിട്ടിരുന്നു. ചെന്താമര പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കൊലപാതകത്തിനായി കൊടുവാളിൻറെ കൈ പിടി പ്രത്യേകം ഉണ്ടാക്കി. മരപ്പിടി സ്വയം ഘടിപ്പിക്കാൻ കഴിയുന്ന കൊടുവാളാണ് വാങ്ങിയത്. വീട്ടിൽ എത്തിയ സുധാകരനെ ചെന്താമര ദിവസങ്ങളോളം നിരീക്ഷിച്ചു. സുധാകരൻ വീടിന് പുറത്തിറങ്ങിയതോടെ വെട്ടിവീഴ്ത്തുകയായിരുന്നു. തടയാൻ എത്തിയപ്പോഴാണ് അമ്മയ്ക്ക് നേരെ ആക്രമണം ഉണ്ടായതെന്നും റിമാൻഡ് റിപ്പോർട്ടിൽ ഉണ്ട്.
കോടതിയിൽ ഹാജരാക്കുമ്പോൾ ചെന്താമരയ്ക്ക് യാതൊരു ഭാവഭേദമോ മനസ്ഥാപമോ ഉണ്ടായിരുന്നില്ല. 100 വർഷം തന്നെ ജയിലിൽ അടച്ചോളുവെന്നായിരുന്നു പ്രതി കോടതിയിൽ പറഞ്ഞത്. മകൾ എൻജിനീയർ ആണ്, മരുമകൻ ക്രൈബ്രാഞ്ചിലും. അവരുടെ മുൻപിൽ മുഖം കാണിക്കാൻ വയ്യെന്നും ഇയാൾ പറഞ്ഞിരുന്നു.
Discussion about this post