തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലാപതകം. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെയാണ് ശ്രീതു- ശ്രീജിത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കസ്റ്റഡിയിൽ ആയ ആളുകളെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ശ്രീതുവിന്റെ സഹോദരനൊപ്പമാണ് ഇന്നലെ കുട്ടി ഉറങ്ങാൻ കിടന്നത്. രാവിലെ ഇയാളുടെ മുറിയിൽ തീപിടിത്തം ഉണ്ടായിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാനില്ലാത്തതായി വ്യക്തമായത്. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെടുത്തത്.
അഞ്ചരയ്ക്ക് കുട്ടിയുടെ കരച്ചിൽ കേട്ടിരുന്നുവെന്നാണ് അമ്മയുടെ മൊഴി. ഇതിന് ശേഷം കുട്ടിയെയോ കുട്ടിയുടെ ശബ്ദമോ കേട്ടിട്ടില്ലെന്നും അമ്മ പറയുന്നു. അതേസമയം പരസ്പര വിരുദ്ധമായാണ് വീട്ടുകാർ മൊഴി നൽകുന്നത് എന്നാണ് പോലീസ് പറയുന്നത്. വീട്ടുകാരെ കേന്ദ്രീകരിച്ചാണ് പോലീസ് പരിശോധന നടത്തുന്നത്. കുട്ടിയുടെ പിതാവും അമ്മയുടെ സഹോദരനും പോലീസ് സ്‌റ്റേഷനിലുണ്ടെന്നാണ് വിവരം.
ഏതാനും ദിവസങ്ങൾക്ക് മുൻപ് 30 ലക്ഷം രൂപ കാണാതായെന്ന പരാതിയുമായി കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരസ്പര വിരുദ്ധമായ മൊഴി ആയിരുന്നു ഇതിൽ കുടുംബാംഗങ്ങൾ നൽകിയത്. ഇതോടെ വ്യാജപരാതിയാണെന്ന മനസിലാക്കിയ പോലീസ് കേസ് എടുക്കാതിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടിരിക്കുന്നത്.
Discussion about this post