നമ്മൾ നേരിടുന്ന പല പ്രശ്‌നങ്ങൾക്കും പ്രകൃതി തന്നെയാണ് പലപ്പോവും പരിഹാരി. സമ്പന്നമായ വിഭവങ്ങളാൽ പ്രകൃതി തന്നെ പലപ്പോഴും മുറിവേൽപ്പിക്കുകയും മരുന്ന് നൽകുകയും ചെയ്യുന്നു. നമ്മുടെ ആരോഗ്യകാര്യത്തിലും പ്രകൃതിവിഭവങ്ങൾ പ്രത്യേകിച്ച് ഭക്ഷ്യവസ്തുക്കൾ വഹിക്കുന്ന പങ്ക് നിർണായകമാണ്. പല ഭക്ഷണസാധനങ്ങൾക്കും നമ്മൾക്ക് അറിയാത്ത പല ഗുണങ്ങളും ഉണ്ട്.
പൊതുവേ അധികം ആർക്കും കഴിക്കാൻ ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇതിന്റെ കയ്പ് രുചികൊണ്ട് കയ്പ്പക്ക എന്ന പേരിലും അറിയപ്പെടുന്നു. രുചികരമല്ലെങ്കിലും ഇത് നൽകുന്ന ഗുണങ്ങൾ ഒട്ടനവധിയാണ്. നീർക്കെട്ട് കുറയ്ക്കുന്നത് മുതൽ പ്രമേഹ രോഗികളെ സഹായിക്കുന്നതുവരെ, നിരവധി ഗുണങ്ങൾ പാവയ്ക്ക വാഗ്ദാനം ചെയ്യുന്നു. ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് പച്ചക്കറി. വിറ്റാമിൻ സി, വിറ്റാമിൻ ബി1, ബി2, ബി3, ബി9 എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പച്ചക്കറിയാണിത്. പോളിപെപ്റ്റൈഡ്-പി എന്ന ഇൻസുലിൻ പോലുള്ള സംയുക്തങ്ങളാണ് ഇതിന് സഹായിക്കുന്നത്. മുഖക്കുരു അകറ്റാനും ചർമത്തിലെ അണുബാധകൾ അകറ്റാനും പാവയ്ക്ക സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി,എയുമാണ് ഇതിന് സഹായിക്കുന്നത്. ചർമത്തിലെ പാടുകൾ ഇല്ലാതാക്കുന്നതിനും ഇത് ഗുണം ചെയ്യുന്നു. കൂടാതെ അകാലവാർധക്യം തടയാനും ഇത് കഴിക്കുന്നത് നല്ലതാണ്. കലോറി കുറഞ്ഞ ഭക്ഷണമാണ് പാവയ്ക്ക. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് മികച്ചൊരു ഭക്ഷണമാണിത്.
പലപ്പോഴും പാവയ്ക്ക ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കി കുടിക്കുകയാണ് പലരും ചെയ്യുന്നത്. എന്നാൽ പാവയ്ക്ക കൊണ്ട് ഒരു ചായ ഉണ്ടാക്കിയാലോ? ഗോഹ്യാ ചായ എന്നറിയപ്പെടുന്ന പാവയ്ക്ക ചായയ്ക്ക് ഗുണങ്ങൾ അനവധിയാണ്.
പാവയ്ക്ക് ചെറിയ കഷ്ണങ്ങളാക്കിയത് (ഉണങ്ങിയതോ വാട്ടിയതോ ആയ രൂപത്തിൽ), വെള്ളം, തേൻ എന്നിവയാണ് പ്രധാന ചേരുവകൾ. പാവയ്ക്കയ്ക്ക് പകരം പാവയ്ക്കയുടെ ഇല ഉണങ്ങിയതും ഉപയോഗിക്കാവുന്നതാണ്.ഒരു പാത്രത്തിൽ അൽപം വെള്ളം തിളപ്പിച്ച് അതിലേക്ക് പാവയ്ക്ക കഷ്ണങ്ങൾ ഇട്ട് ഇടത്തരം ചൂടിൽ 10 മിനിറ്റ് തിളപ്പിക്കുക. അൽപ നേരം വെള്ളം മാറ്റി വെച്ച ശേഷം ഇതിൽ തേൻ ചേർത്ത് കുടിക്കാവുന്നതാണ്
Discussion about this post