വാഷിംഗ്ടൺ; താരിഫ് യുദ്ധത്തിലേക്ക് ഇറങ്ങിത്തിരിച്ച് അമേരിക്ക. മെക്സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് തീരുവ ചുമത്താനുള്ള ഉത്തരവിൽ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. കാനഡയിലും മെക്സിക്കോയിലും നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും ചൈനീസ് ഇറക്കുമതിക്ക് 10 ശതമാനവും താരിഫാണ് ചുമത്തിയത്.അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ് മെക്സിക്കോയും കാനഡയും.
ഇതോടെ ഈ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് വില വർധിക്കും. ഏതെങ്കിലും രാജ്യങ്ങൾ യുഎസിനെതിരെ പ്രതികാര നടപടികൾ സ്വീകരിച്ചാൽ നിരക്കുകൾ വീണ്ടും കൂട്ടുമെന്നും വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. തീരുവ ചുമത്തുമെന്നത് അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ട്രംപ് നൽകിയ വാഗ്ദാനമായിരുന്നു . പ്രചാരണത്തിനിടെ മൂന്ന് രാജ്യങ്ങളെയും ട്രംപ് ശക്തമായി വിമർശിച്ചിരുന്നു. കാനഡ യു.എസിലെ സ്റ്റേറ്റായി മാറുമെന്നും പ്രഖ്യാപിച്ചിരുന്നു.
വിദേശ രാജ്യങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ നമ്മുടെ പൗരന്മാർക്ക് നികുതി ചുമത്തുന്നതിനു പകരം, നമ്മുടെ പൗരന്മാർക്ക് പ്രയോജനം ചെയ്യുന്നതിനായി വിദേശ രാജ്യങ്ങൾക്കുമേൽ താരിഫുകളും നികുതികളും ചുമത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് ഒഴുക്കും രേഖകളില്ലാത്ത കുടിയേറ്റവും തടയാനാണ് താരിഫുകൾ ലക്ഷ്യമിടുന്നതെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നു. കാനഡയിൽ നിന്നും ചൈനയിൽ നിന്നുമാണ് ഫെൻറനിൽ വരുന്നതെന്ന് ട്രംപ് ആരോപിച്ചിരുന്നു. കാൻസർ രോഗികൾക്ക് നൽകുന്ന മരുന്നാണിത്. ഹെറോയിനേക്കാൾ 50 മടങ്ങും മോർഫിനേക്കാൾ 100 മടങ്ങും വീര്യമുള്ളതാണ് ഈ മരുന്ന് ലഹരിയാവശ്യത്തിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്
Discussion about this post