വ്യത്യസ്തമായ ശബ്ദം കൊണ്ട് സിനിമാ ഗാനരംഗത്ത് തിളങ്ങി നിൽക്കുന്ന ഗായികയാണ് സയനോര ഫിലിപ്പ്. നിരവധി ചിത്രങ്ങളിലും സയനോര വേഷമിട്ടിട്ടുണ്ട്. സമൂഹത്തിലെ പല പ്രശ്‌നങ്ങളിലും ധൈര്യപൂർവം പ്രതികരിക്കാനും തന്റേതായ ശക്തമായ നിലപാടെടുക്കാനും സയനോര മുന്നോട്ട് വന്നിട്ടുണ്ട്.
എന്നാൽ, തന്റെ നിലപാടുകൾക്കും അഭിപ്രായങ്ങൾക്കും പലതരത്തിലുള്ള സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് സയനോര. ചെറുപ്പം മുതൽ തന്നെ ഒരുപാട് ബോഡിഷെയ്മിംഗ് നേരിട്ട വ്യക്തിയാണ് താനെന്ന് സയനോര പറയുന്നു. സമൂഹത്തിലെ കാര്യങ്ങളിൽ പ്രതികരിച്ചതിന് പലപ്പോഴും വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സൈബർ ആക്രമണങ്ങൾ കൊണ്ട് സമാധാനം പോയിട്ടുള്ള അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സയനോര കൂട്ടിച്ചേർത്തു.
കണ്ണൂരാണ് തന്റെ സ്വന്തം വീട്. കൊച്ചിയിലാണ് താമസിക്കുന്നത്. മിക്കപ്പോഴും കൊച്ചിയിൽ നിന്നും കണ്ണൂരിലേക്കും തിരിച്ചും താൻ ഒറ്റക്കാണ് യാത്ര ചെയ്യുക. ആ സമയത്തൊന്നും ഊബർ എല്ലാ സ്ഥലത്തും എത്തിത്തുടങ്ങിയിട്ടില്ല. ഒരിക്കൽ, കണ്ണൂരിൽ നിന്നും കൊച്ചിയിലേക്ക് പോവാനായി ഊബർ വിളിച്ചു. എന്നാൽ, ഈബർ വന്നപ്പോൾ സ്‌റ്റേഷനിൽ കിടന്നിരുന്ന ഓട്ടോ ഡ്രൈവർമാർ ഊബർ ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ തുടങ്ങി. വണ്ടിയിൽ കയറി ഇരുന്ന എന്നോടും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ആ സമയത്ത് താനൊരു വീഡിയോ ചെയ്തിരുന്നു. നിരവധി സൈബർ ആക്രമണങ്ങൾ അതിന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും സയനോര പറഞ്ഞു.
ഭാവനയോടൊപ്പം ചെയ്ത വീഡിയോയ്ക്കും സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പീഡനത്തിനയായി സൗമ്യ കൊല്ലപ്പെട്ട സംഭവത്തിലും താൻ പ്രതികരിച്ചിട്ടുണ്ട്. എന്നാൽ, ഒറ്റക്ക് ഒരു പെൺകുട്ടി എന്തിനാണ് രാത്രി യാത്ര ചെയ്തത് എന്നാണ് പലർക്കും അറിയേണ്ടത്. അതിനെല്ലാം തക്ക മറുപടിയും താൻ കൊടുക്കാറുണ്ട്. ഒരു സമയത്ത് താൻ ഫേസ്ബുക്കിൽ പ്രതികരിക്കാറുണ്ടായിരുന്നു. എന്നാൽ, അതെല്ലാം നിർത്തി. നമുക്ക് സമാധാനമല്ലേ പ്രധാനമെന്നും സയനോര വ്യക്തമാക്കി.
തന്റെ വസ്ത്രധാരണത്തിലും വണ്ണത്തിന്റെയും നിറത്തിന്റെയുമെല്ലാം പേരിലും ഒരുപാട് കുറ്റപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. ഒരുപാട് ബോഡി ഷെയ്മിംഗ് നേരിട്ടിട്ടുണ്ട്. എന്റെ വണ്ണവും നിറവുമെല്ലാമാണ് പലർക്കും പ്രധാനമെന്നും സയനോര കൂട്ടിച്ചേർത്തു.
Discussion about this post