ന്യൂഡൽഹി; ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി ജെ പിയെ നേരിടുന്നതിന് സി പി എമ്മിന് ആശയപരമായും രാഷ്ട്രീയമായും ബലഹീനതയുണ്ടായെന്ന് കരട് രാഷ്ട്രീയ പ്രമേയം. ബി.ജെ.പിയെ നേരിടുന്നതിൽ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സി.പി.എം ദുർബലമായെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ തെളിഞ്ഞു. പാർട്ടിയുടെ ഏറ്റവും വലിയ ഘടകമായ കേരളത്തിൽ ബി.ജെ.പിയെ നേരിടുന്നതിൽ വന്ന വീഴ്ചകൾ തിരുത്തണമെന്നും 24ാം പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു.
അടിസ്ഥാന വർഗങ്ങൾക്കിടയിൽ പാർട്ടിയുടെ അടിത്തറയും സ്വാധീനവും വളർന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കി.ബിജെപിയേയും ആർഎസ്എസ്‌നേയും, അവയ്ക്ക് പിന്തുണ നൽകുന്ന ഹിന്ദുത്വ കോർപറേറ്റ് ശക്തികളേയും പരാജയപ്പെടുത്തുക എന്നതാണ് പാർട്ടിയുടെ മുഖ്യ കടമ എന്നും സിപിഎം വ്യക്തമാക്കി.
കോൺഗ്രസുമായി രാഷ്ട്രീയസഖ്യത്തിന് കഴിയില്ലെങ്കിലും സഹകരണമാകാം. ഇന്ത്യ കൂട്ടായ്മ അംഗങ്ങളുമായി പാർലമെന്റിനുള്ളിൽ സഹകരിക്കും; പുറത്ത് വിഷയാധിഷ്ഠിത സഹകരണം തുടരും. ബിജെപിയെ ശക്തമായി എതിർക്കുന്ന പ്രാദേശിക പാർട്ടികളുമായി സഹകരിക്കും. ഇത്തരം പാർടികൾ നയിക്കുന്ന സർക്കാരുള്ള സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് ഗുണകരമായ പദ്ധതികൾക്ക് പിന്തുണ നൽകും. അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് എതിരായ ഏതു നയത്തെയും ജനങ്ങളെ അണിനിരത്തി എതിർക്കുമെന്നും കരട് രാഷ്ട്രീയ പ്രമേയം പറയുന്നു.
75 വയസ്സ് പ്രായപരിധി തുടരുമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ആർക്കെങ്കിലും ഇളവ് നൽകണോ എന്ന് പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നും പാർട്ടി കോർഡിനേറ്റർ പ്രകാശ് കാരാട്ട് വ്യക്തമാക്കി.
Discussion about this post