എറണാകുളം: തപസ്യ കലാസാഹിത്യവേദിയുടെ സുവർണോത്സവത്തിന് തുടക്കം. ആർഎസ്എസ് സർസംഘചാലക് മോഹൻഭാഗവത് കൊടി ഉയർത്തിയാണ് സുവർണോത്സവത്തിന് തുടക്കം കുറിച്ചത്. എറണാകുളം രാജേന്ദ്ര മൈതാനത്ത് ആരംഭിച്ച പരിപാടി പാട്ടും നൃത്തവും കൊണ്ട് അവിസ്മരണീയമായി.
പരിപാടിയിൽ പ്രശസ്ത നിരൂപകൻ ആഷാ മേനോൻ അദ്ധ്യത വഹിച്ചു. തപസ്യയുടെ ചുമതലകൾ ഒരിക്കലും ഏറ്റെടുത്തിട്ടില്ലെങ്കിലും 70 വർഷം താൻ എഴുതിയതും തപസ്യയുടെ പ്രവർത്തനവും സമാനമായ ആശയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്ന് അദ്ധ്യക്ഖ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. തപസ്യയെ ഞാൻ സ്‌നേഹിക്കുന്നു. ഈ വേദി ഒരിക്കലും മറക്കില്ല. ഭാരതത്തെ മുൻനിർത്തി മുന്നോട്ടുവയ്ക്കുന്ന ദർശനങ്ങൾ മഹത്തരമാണ്. സംഗീതവും സാഹിത്യവും ധ്യാനവും പരിചിതം അല്ലാത്ത സമൂഹമാണ് ഇപ്പോൾ വളർന്നുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയിൽ സംസ്‌കാർ ഭാരതി ദേശീയ അദ്ധ്യക്ഷൻ മൈസൂർ മഞ്ജുനാഥ സംസാരിച്ചു. കലാ-സാഹിത്യ രംഗത്തെ പ്രതിഭകൾ നിറഞ്ഞ വേദി തനിക്ക് ഇന്ദ്രസഭപോലെയാണ് അനുഭവപ്പെടുന്നത് എന്ന് മഞ്ജുനാഥ പറഞ്ഞു. സ്വർഗീയ പരമേശ്വർജിയുടെ വിശ്വറാണി എന്ന കവിത വേദിയിൽ തപസ്യ സംസ്ഥാന സമിതി അംഗമായ ഡോ. ലക്ഷ്മിദാസ് ആലപിച്ചു.
കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി, വാദ്യകലാകുലപതി പെരുവനം കുട്ടൻ മാരാൻ, സാഹിത്യ നിരൂപകൻ ആഷാമേനോൻ, പദ്മശ്രീ കലാമണ്ഡലം ക്ഷേമാവതി, നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, പദ്മശ്രീ രാമചന്ദ്രപ്പുലവർ, തീയാടി രാമൻ, ആർട്ടിസ്റ്റ്, ടി. കലാധരൻ, ആർട്ടിസ്റ്റ് മദനൻ, ശ്രീമൻ നാരായണൻ, മുതിർന്ന മാധ്യമപ്രവർത്തകനും തപസ്യ മുൻ അധ്യക്ഷനുമായ പി. ബാലകൃഷ്ണൻ, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ, നാടക സംവിധായകൻ എം.കെ. ദേവരാജൻ തുടങ്ങിയ പ്രമുഖരെ വേദിയിൽ സർസംഘചാലക് ആദരിച്ചു.
Discussion about this post