ന്യൂഡൽഹി: വഖഫ് നിയമഭേദഗതിയെ പാർലമെന്റിൽ ശക്തമായി എതിർത്ത് അസദുദ്ദീൻ ഒവൈസി. നിയമഭേദഗതിയെ ഇസ്ലാമിക വിശ്വാസികൾ ഒരിക്കലും അംഗീകരിക്കില്ല. വഖഫ് നിയമത്തിലുണ്ടാക്കുന്ന ഭേദഗതി രാജ്യത്തിന്റെ സാമൂഹിക സ്ഥിരതയെ ഇല്ലാതെ ആക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആയിരുന്നു നിയമഭേദഗതിയെ എതിർത്ത് ഒവൈസി പാർലമെന്റിൽ സംസാരിച്ചത്.
ഞാൻ കേന്ദ്രസർക്കാരിന് നൽകുന്ന മുന്നറിയിപ്പാണ് ഇത്. നിലവിലെ വഖഫ് നിയമത്തിൽ മാറ്റം കൊണ്ടുവന്നാൽ അത് നിയമ ലംഘനം ആയി തീരും. ആർട്ടിക്കിൾ 25,26, 14 എന്നീ നിയമങ്ങൾ ലംഘിക്കപ്പെട്ടാൽ അത് രാജ്യത്തിന്റെ സാമൂഹിക സ്ഥിരയ്ക്ക് ഭംഗമുണ്ടാക്കും. നിയമത്തിൽ ഉണ്ടാകുന്ന മാറ്റത്തെ മുഴുവൻ മുസ്ലീങ്ങളും തള്ളിക്കളയും. വഖഫ് ഭൂമിയെന്നല്ല, ഒന്നും ഇവിടെ നിലനിൽക്കില്ല.
നിങ്ങളുടെ ലക്ഷ്യം വികസിത ഭാരതം ആണ്. ഞങ്ങളുടെ ആവശ്യവും വികസിത ഭാരതം ആണ്. എന്നാൽ നിങ്ങൾ ഭാരതത്തെ 90 കളിലേക്കും 80 കളിലേക്കുമാണ് നയിക്കുന്നത്. ഒരു അഭിമാനിയായ ഇന്ത്യൻ മുസ്ലീം എന്ന നിലയിൽ മസ്ജിദിന്റെ ഒരു ഇഞ്ച് ഭൂമി പോലും വിട്ട് കൊടുക്കാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഒരിക്കലും അതിന് അനുവദിക്കുകയും ഇല്ല.
മദ്ധ്യസ്ഥത വഹിക്കുന്നതിന് വേണ്ടിയല്ല ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. മറിച്ച് എന്റെയും ഞാൻ പ്രതിനിധീകരിക്കുന്ന വിഭാഗത്തിന്റെയും നിലപാട് ഉറച്ച് പറയുകയാണ്. നമ്മൾ എല്ലാവരും അഭിമാനികളായ ഇന്ത്യക്കാർ ആണ്. ഇത് എന്റെ സ്വന്തം സ്വത്തുക്കളാണ്. അല്ലാതെ ആരും ഔദാര്യമല്ല. ഒരിക്കലും ഇത് പിടിച്ച് വാങ്ങാമെന്ന് കരുതേണ്ട. വഖഫ് എന്നത് എനിക്കൊരു ആരാധനാലയം ആണെന്നും ഒവൈസി പറഞ്ഞു.
Discussion about this post