ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ പോലും കണ്ടുവരുന്ന രോഗാവ്‌സഥയാണ് വിഷാദരോഗം (ഡിപ്രഷൻ). സമൂഹത്തിലെ പ്രശ്‌നങ്ങളെ വേണ്ടവിധം നേരിടാൻ കഴിയാത്ത ആളുകൾ വളരെ പെട്ടെന്നാണ് ഈ രോഗാവസ്ഥയിലേക്ക് പ്രവേശിക്കുന്നത്. വേണ്ട വിധം ഈ അവസ്ഥയെ തിരിച്ചറിയാൻ കഴിയാത്തതും കടുംബത്തിലുള്ളവർക്കോ സുഹൃത്തുക്കൾക്കോ ഇത് മനസിലാക്കാൻ കഴിയാതെയും വരുമ്പോൾ പലരും ആത്മഹത്യ പോലുള്ള തീരുമാനങ്ങളിലേക്കും എത്തുന്നു. അതുകൊണ്ട് തന്നെ, ആത്മഹത്യാ നിരക്കും വലിയതോതിൽ നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചതായാണ് കണക്കുകൾ പറയുന്നത്.
തക്കാളിയും തണ്ണിമത്തനും വിഷാദരോഗത്തെ ഇല്ലാതാക്കുന്നതായി ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം വ്യക്തമാക്കുന്നു. തക്കാളിയിലും തണ്ണിമത്തനിലും സാധാരണയായി കാണപ്പെടുന്ന ലൈക്കോപീൻ വിഷാദരോഗ ലക്ഷണങ്ങളെ ലഘൂകരിക്കുമെന്ന് ആണ് പുതിയ കണ്ടെത്തൽ. സാധാരണയായി ഉപയോഗിക്കുന്ന ക്ലിനിക്കൽ ആന്റീഡിപ്രസന്റുകളെ അപേക്ഷിച്ച്, ലൈക്കോപീൻ ഉയർന്ന കൂടുതൽ സുരക്ഷിതമാണെന്ന് ഗവേഷകർ പറയുന്നു.
ലൈക്കോപീൻ അതിന്റെ ശക്തമായ ആന്റിഓക്സിഡന്റും ന്യൂറോപ്രൊട്ടക്റ്റീവ് ഇഫക്റ്റുകളും നിരവധി പഠനങ്ങൾക്ക് വിധേയമായ ഒരു പ്രകൃതിദത്ത സസ്യ സത്താണ്. പഠനത്തിനായി, എലികളിലെ പ്രേരിത വിഷാദരോഗ സ്വഭാവങ്ങൾ ഗവേഷകർ ആദ്യം ചികിത്സിച്ചു. ചികിത്സയിൽ, എലികളിലെ സിനാപ്റ്റിക് പോരായ്മകളെ ഗണ്യമായി ഭേതപ്പെടുത്തുകയും സാമൂഹികമായ പരാജയങ്ങൾ (സിഎസ്ഡിഎസ്) മൂലമുണ്ടാകുന്ന വിഷാദരോഗ സ്വഭാവങ്ങളെ മാറ്റുകയും ചെയ്തുവെന്ന് കണ്ടെത്തി.
വന്ധ്യതയുള്ള പുരുഷന്മാരുടെ മാനസികാവസ്ഥയിലും ജീവിത നിലവാരത്തിലും ലൈക്കോപീൻ സപ്ലിമെന്റേഷന്റെ സ്വാധീനം എത്രത്തോളമെന്ന് മറ്റൊരു പഠനവും നടത്തിയിരുന്നു. പഠനത്തിൽ, വന്ധ്യതയിലേക്ക് നയിക്കുന്ന പുരുഷന്റെ മാനസിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനോ കുറയ്ക്കുന്നതിനോ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആന്റിഓക്സിഡന്റുകളിൽ ഒന്നായി ലൈക്കോപീൻ കണ്ടെത്തി.
സ്വാഭാവികമായി ഉണ്ടാകുന്ന ഒരു കരോട്ടിനോയിഡും ശക്തമായ ആന്റിഓക്സിഡന്റുമാണ് ലൈക്കോപീൻ. ഇത് ചുവപ്പും പിങ്ക് നിറത്തിലുള്ള പഴങ്ങൾക്ക് അവയുടെ തിളക്കമുള്ള നിറം നൽകുന്നു. ലൈക്കോപീനിന്റെ ഏറ്റവും ഉയർന്ന സാന്ദ്രത തക്കാളിയിലാണ് കാണപ്പെടുന്നത്. തണ്ണിമത്തൻ, പിങ്ക് ഗ്രേപ്ഫ്രൂട്ട്, പേരക്ക, പപ്പായ എന്നിവയാണ് ലൈക്കോപീനിന്റെ മറ്റ് മികച്ച ഉറവിടങ്ങൾ. പ്രത്യേകിച്ച് തണ്ണിമത്തൻ, തക്കാളി എന്നിവ ലൈക്കോപീനിന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിൽ ഒന്നാണ്. റെഡ് ബെൽ പെപ്പറിലും ചെറിയ തോതിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്.
കൊഴുപ്പിൽ ലയിക്കുന്ന ഒന്നാണ് ലൈക്കോപീൻ. അതായത് ഒലിവ് ഓയിൽ, അവോക്കാഡോ അല്ലെങ്കിൽ നട്സ് പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾക്കൊപ്പം കഴിക്കുമ്പോൾ ലൈക്കോപീൻ കൂടുതൽ തോതിൽ ആഗിരണം ചെയ്യപ്പെടും. ചൂടാക്കുന്നത് അതിന്റെ ജൈവ ലഭ്യത മെച്ചപ്പെടുത്തുന്നു. പാകം ചെയ്ത തക്കാളി വിഭവങ്ങൾ, സൂപ്പുകൾ, സോസുകൾ എന്നിവ ലൈക്കോപീൻ ഉപഭോഗം പരമാവധിയാക്കുന്നതിനുള്ള മികച്ച മാർഗങ്ങളാക്കുന്നു.
Discussion about this post