എറണാകുളം: പുകവലിയോ മദ്യപാന ശീലമോ ഇല്ലാത്ത ആളുകളിലെ ഓറൽ കാൻസർ കേസുകളുടെ എണ്ണത്തിൽ ഇന്ത്യയിൽ ഗണ്യമായ വർദ്ധനവെന്ന് കണ്ടെത്തൽ. കൊച്ചി വിപിഎസ് ലേക്‌ഷോറിലണ് ഞെട്ടിപ്പിക്കുന്ന പഠനം. വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് വിഭാഗം നടത്തിയ പഠനത്തിലാണ് നിർണായകമായ കണ്ടെത്തൽ.
വലിയ തോതിൽ പുകവലിയോ മദ്യപാനമോ ഉള്ള ആളുകളിൽ സാധാരണയായി കണ്ടു വരുന്ന കാൻസർ ആണ് ഓറൽ കാൻസർ. എന്നാൽ, ഈ ശീലങ്ങൾ ഇല്ലാത്തവരിലും രോഗം കണ്ടുവരുന്നതായി പഠനം പറയുന്നു. കഴിഞ്ഞ വർഷങ്ങളിൽ കണ്ടത്തിയ ഓറൽ കാൻസർ രോഗികളിൽ 57 ശതമാനവും പുകവലി ശീലവും മദ്യപാന ശീവും ഇല്ലാത്തവരാണെന്ന് പഠനം പറയുന്നു. പുതിയതായി പുറത്ത് വന്ന കണക്കുകൾ പ്രകാരം, 61 ശതമാനം കേസുകൾ, നാവിലെ കാൻസറും 19 ശതമാനം കേസുകൾ ബക്കൽ മ്യൂക്കോസയിലുമാണ്. കൂടാതെ, മൂന്ന് ശതമാനം പേർക്ക് കാൻസർ ബാധിച്ചിട്ടുള്ള് വായയുെട അടിഭാഗത്തും മൂന്ന് ശതമാനം പേർ താഴത്തെ ആൽവിയോളസിൽ കാൻസർ ബാധിച്ചവരുമാണ്. ഒരു ശതമാനം പേർക്ക് മുകളിലെ ആൽവിയോളസിൽ കാൻസർ ബാധിച്ചവരാണ്.
2014 ജൂലായ് മുതൽ 2024 ജൂലായ് വരെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് കണ്ടെത്തൽ. 515 രോഗികളിലാണ് പഠനം നടത്തിയത്. രോഗബാധിതരിൽ 75.5% പുരുഷന്മാരും 24.5 % ശതമാനം സ്ത്രീകളുമാണ്. ഇവരിൽ 58.9% ആളുകൾ മറ്റ് രോഗങ്ങളുള്ളവരാണ്. ഇവരിൽ 30% പേർക്ക് ഒന്നിലധികം രോഗങ്ങൾ ഉള്ളവരാണ്. 41.4% ആളുകൾ മറ്റ് രോഗങ്ങൾ ഒന്നും ഇല്ലാത്തവരാണെന്ന് പഠനം പറയുന്നു.
282 (54.7%) രോഗികളിൽ പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്തിയിരുന്നു. 233 (45.3%) പേർക്ക് രോഗത്തിന്റെ അവസാന ഘട്ടങ്ങളിലാണ് ക്യാൻസർ നിർണയം നടത്തിയത്. അഡിക്ഷൻ ഉള്ള ഓറൽ ക്യാൻസർ രോഗികളിൽ, 64.03% പേർ മുൻപ് പുകയില ഉപയോഗിക്കുന്ന, പ്രത്യേകിച്ച് ചവയ്ക്കുന്ന, ശീലമുള്ളവരായിരുന്നു. കൂടാതെ, 51.2% പേർ പുകവലി ശീലമുള്ളതായും 42.3% പേർ മദ്യം ഉപയോഗിച്ചിരുന്നതായും പഠനത്തിൽ കണ്ടെത്തി. ഈ രോഗികളിൽ 45.3% പേർക്ക് ഒന്നിലധികം ദുശ്ശീലങ്ങളുണ്ടായിരുന്നു.
ഓറൽ ക്യാൻസർ രോഗികളിൽ രണ്ടിൽ ഒരാൾ പുകയില ഉപയോഗിക്കാത്ത ആളാണെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ഷോൺ ടി. ജോസഫ് പറയുന്നു. ആദ്യ കാലത്ത് പുകയില ഉപയോഗത്തിൽ നിന്നായിരുന്നു മിക്കവാറും എല്ലാ ഓറൽ ക്യാൻസർ കേസുകളും വന്നിരുന്നത്. എന്നാൽ, ഇപ്പോൾ സ്ഥിതി വളരെയധികം മാറി. ഓറൽ ക്യാൻസർ രോഗികളിൽ രണ്ടിൽ ഒരാൾ പുകയില ഉപയോഗിക്കാത്ത ആളാണെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post