തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിൽ തിരുവനന്തപുരത്ത് വരുന്നുവെന്ന പ്രഖ്യപനവുമായി ബജറ്റ് പ്രഖ്യാപനം. ഇതിനായുള്ള നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ തുടങ്ങുമെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. വൈകാതെ തന്നെ കോഴിക്കോട് മെട്രോയും യാഥാർത്ഥ്യമാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
ഈ മാസം അവസാനത്തോടെ തിരുവനന്തപുരം മെട്രോ പദ്ധതിയുടെ അന്തിമ അലൈൻമെന്റ് സംസ്ഥാന സർക്കാർ അംഗീകരിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഇതിനകം നിരവധി അലൈൻമെന്റ് നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. ‘ഡൽഹി മെട്രോ റെയിൽ ലിമിറ്റഡ് തയ്യാറാക്കിയ നിർദ്ദേശങ്ങളും സർക്കാരിന്റെ കൈയിലുണ്ടെന്നും പൂർണമായും സാങ്കേതിക അടിസ്ഥാനത്തിലായ ഇതെല്ലാം സർക്കാർ വിശകലനം ചെയ്ത് ഏറ്റവും യോജിക്കുന്നത് തിരഞ്ഞെടുക്കുമെന്നും ബെഹ്‌റ വ്യക്തമാക്കിയിരുന്നു. അത് ഈ മാസം അവസാനത്തോടെ ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സർക്കാർ അലൈൻമെന്റ് അംഗീകരിച്ചു കഴിഞ്ഞാൽ അത് കേന്ദ്രത്തിന് സമർപ്പിക്കും. ടെക്‌നോപാർക്കിനടുത്ത്, കഴക്കൂട്ടത്തുനിന്നാരംഭിച്ച് കിഴക്കേ കോട്ടവരെ പോകുന്ന അലൈൻമെന്റാണ് സംസ്ഥാന സർക്കാർ കൂടുതൽ താത്പര്യമെടുക്കുന്നത്. മറ്റ് അലൈൻമെന്റുകളും പരിഗണിക്കുന്നുണ്ട്. 42 കിലോമീറ്റർ പാതയാണ് തലസ്ഥാനത്തെ മെട്രോ റെയിൽ പദ്ധതിയിൽ ഉൾപ്പെടുക. 37 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചെലവ് 20:20:60 അനുപാതത്തിലാവും പങ്കിടുക. 20 ശതമാനം വീതം കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബാക്കിയുള്ളത് അംഗീകൃത ഏജൻസിയിൽ നിന്നുള്ള വായ്പ വഴിയുമാണ് സംഘടിപ്പിക്കുന്നത്.
അതേസമയം, കൊച്ചി വിമാനത്താവളത്തെ കണക്ട് ചെയ്ത് മെട്രോ മൂന്നാം ഘട്ടത്തിൽ ആലുവയിൽ നിന്ന് അങ്കമാലിയിലേക്ക് സർവീസ് നീട്ടുന്നതിനായുള്ള പ്രാരംഭനടപടികൾക്ക് തുടക്കമായിരുന്നു. ഡിപിആർ തയ്യാറാക്കാൻ കെഎംആർഎൽ കൺസൾട്ടൻസികളിൽ നിന്ന് കഴിഞ്ഞ ആഴ്ചയാണ് ടെണ്ടർ ക്ഷണിച്ചത്.
ഒന്നാം ഘട്ടവുമായി ബന്ധപ്പെട്ട് ആറുമാസത്തിനുള്ളിൽ ഡിപിആർ സമർപ്പിക്കണം. എലിവേറ്റഡ്, ഭൂഗർഭ പാതകളാണോ രണ്ടുംചേർന്നതാണോ സാമ്പത്തികമായി കൂടുതൽ അഭികാമ്യമെന്ന് കണ്ടെത്താനും ഡിപിആർ തയ്യാറാക്കാനും കെഎംആർഎൽ നിർദേശം നൽകിയിട്ടുണ്ട്. സാമ്പത്തികമായി ഏറ്റവും അനുയോജ്യവും കാര്യക്ഷമവുമായ പദ്ധതി തയ്യാറാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ നിർദേശം. ഏറ്റെടുക്കേണ്ട സ്ഥലവും മാറ്റിപ്പാർപ്പിക്കേണ്ടവരുടെ എണ്ണവും പരമാവധി കുറയ്ക്കണമെന്ന നിർദേശവും കെഎംആർഎൽ മുന്നോട്ട് വച്ചിട്ടുണ്ട്.
Discussion about this post