നമ്മുടെ ചുറ്റുപാടും പ്ലാസ്റ്റികിന്റെ വൻ തോതിലുള്ള വർദ്ധനവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പല സ്ഥലങ്ങളിലും നോ പ്ലാസ്റ്റിക് നയങ്ങൾ കൊണ്ടുവരുന്നുണ്ടെങ്കിലും ഭൂമിയിലെ പ്ലാസ്റ്റികിന്റെ തോത് ആശങ്കാജനകമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. ഭൂമിയിൽ മാത്രമല്ല, ബഹിരാകാശത്തും പ്ലാസ്റ്റിക് കുന്നുകൂടുകയാണ്.
എന്നാൽ, മനുഷ്യന് ചുറ്റും മാത്രമല്ല, മനുഷ്യന്റെ ഉള്ളിലും ഗർഭപാത്രത്തിലുള്ള ഭ്രൂണത്തിൽ പോലും പ്ലാസ്റ്റികിന്റെ അംശം കണ്ടെത്തിയതായി പഠനങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ കണ്ടെത്തലാണ് ആശങ്ക ജനിപ്പിക്കുന്നത്. മനുഷ്യ മസ്തിഷ്‌കത്തിൽ ഒരു സ്പൂണിന്റെ അളവിലുള്ള നാനോപ്ലാസ്റ്റിക് അടങ്ങിയിട്ടുള്ളതായി പുതിയ പഠനം ചുണ്ടിക്കാട്ടുന്നു.
2024 ന്റെ തുടക്കത്തിൽ നടത്തിയ പോസ്റ്റ്മോർട്ടങ്ങളിൽ നിന്നും ശേഖരിച്ച മനുഷ്യ മസ്തിഷ്‌ക സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുള്ളത്. ഈ സാമ്പിളുകളിൽ അവിശ്വസനീയമായ അളവിൽ മൈക്രോപ്ലാസ്റ്റിക്‌സും നാനോപ്ലാസ്റ്റിക്‌സും കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. മാത്രമല്ല, മൃതദേഹത്തിന്റെ തലച്ചോറിലെ സാമ്പിളുകളിൽ കാണപ്പെടുന്ന മൈക്രോപ്ലാസ്റ്റിക്‌സിന്റെ അളവ് കാലക്രമേണ വർദ്ധിച്ചുവരുന്നതായും വിശകലനത്തിൽ വ്യക്തമായതായി അവർ അറിയിച്ചു. ഒരു മൃതദേഹത്തിലെ തലച്ചോറിൽ അടങ്ങിയിരിക്കുന്ന നാനോ പ്ലാസ്റ്റികിന്റെ അളവ് ആ ശരീരത്തിലെ വൃക്കകളെയും കരളിനെയും അപേക്ഷിച്ച് ഏഴ് മുതൽ 30 മടങ്ങ് വരെ കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു.
‘ശരാശരി 45 അല്ലെങ്കിൽ 50 വയസ്സ് പ്രായമുള്ള സാധാരണ വ്യക്തികളുടെ തലച്ചോറിൽ അടങ്ങിയിരിക്കുന്ന മൈക്രോ പ്ലാസ്റ്റികിന്റെ അളവ് ഗ്രാമിന് 4,800 മൈക്രോഗ്രാം അല്ലെങ്കിൽ ഭാരം അനുസരിച്ച് കണക്കാക്കുമ്പോൾ 0.48% ആയിരുന്നുവെന്ന് ന്യൂ മെക്‌സിക്കോ സർവകലാശാലയിലെ റീജന്റ്‌സ് പ്രൊഫസറും ഫാർമസ്യൂട്ടിക്കൽ സയൻസസ് പ്രൊഫസറുമായ മാത്യു കാമ്പൻ പറഞ്ഞു. ഈ അളവ് സാധാരണ പ്ലാസ്റ്റിക് സ്പൂണിന്റെ അളവിന് തുല്യമാണ്. 2016ൽ പോസ്റ്റ്മോർട്ടം നടത്തിയ തലച്ചോറിന്റെ സാമ്പിളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ,
അത് ഏകദേശം 50% കൂടുതലാണ്. അതായത് ഇപ്പോൾ നമ്മുടേത് 99.5% തലച്ചോറും ബാക്കിയുള്ളത് പ്ലാസ്റ്റിക്കും ആണെന്ന് അർത്ഥമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിമെൻഷ്യ ഇല്ലാതെ മരിച്ച ഒരാളുടെ തലച്ചോറിനെ അപേക്ഷിച്ച്, ഡിമെൻഷ്യ ബാധിച്ച് മരിച്ച ഒരു വ്യക്തിയുടെ തലച്ചോറിൽ, മൈക്രോപ്ലാസ്റ്റിക് സാന്ദ്രത കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി. ‘ഇത് അൽപ്പം ആശങ്കാജനകമാണ്, പക്ഷേ ഡിമെൻഷ്യ എന്നത് രക്ത-തലച്ചോറിലെ തടസ്സവും ക്ലിയറൻസ് സംവിധാനങ്ങളും തകരാറിലായ ഒരു രോഗമാണെന്നതും ഒരു വസ്തുതയാണ്. ഡിമെൻഷ്യയ്ക്കൊപ്പം കോശജ്വലന കോശങ്ങളും തലച്ചോറിലെ കലകളുടെ ശോഷണവും ഉണ്ടാകുന്നു. ഇത് ‘പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള കഴിവിനെ ഇല്ലാതാക്കുന്നു’- മാത്യു കാമ്പൻ പറഞ്ഞു.
ഡിമെൻഷ്യ രോഗികളുടെ തലച്ചോറിൽ നാനോ പ്ലാസ്റ്റിക്കിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എന്നാൽ, അതിനർത്ഥം, നാനോ പ്ലാസ്റ്റിക് ഡിമെൻഷ്യ രോഗത്തിന് കാരണമാകും എന്നല്ലെന്നും പഠനം പറയുന്നുണ്ട്. തലച്ചോറിൽ കണ്ടെത്തിയിട്ടുള്ള ഈ നാനോ പ്ലാസ്റ്റിക് ശരീരത്തിന് ദോഷകരമായി ബാധിക്കുന്നുവെന്ന് ഇതുവരെ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു.
ജീവിച്ചിരിക്കുമ്പോൾ, ശരീരത്തിൽ, ഈ നാനോ പ്ലാസ്റ്റികിന്റെ കണികകൾ എങ്ങനെ തലച്ചോറിലേക്ക് കയറിയെന്നോ, ഇവ ദ്രാവക രൂപത്തിലാണോ ഖര രൂപത്തിലാണോ കയറിയതെന്നോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തലച്ചോറിനുള്ളിലേക്ക് കടക്കുന്ന നാനോ പ്ലാസ്റ്റികിന്റെ അംശം പുറത്ത് പോവുന്നുണ്ടോ അതോ അവ ന്യൂറോളജിക്കൽ കലകളിൽ അടിഞ്ഞുകൂടി രോഗം വരാൻ കാരണമാകുന്നുണ്ടോ എന്നതഎ അവ്യക്തമാണ്. കണികകൾ കോശങ്ങളുമായി എങ്ങനെ ഇടപഴകുന്നുവെന്നും ഇത് ഏത് തരത്തിലുള്ള പാർശ്വഫലങ്ങളാണ് ഉണ്ടാക്കുന്നത് എന്നതിനെ കുറിച്ച് വ്യക്തമാകാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും പഠനം വ്യക്തമാക്കി.
Discussion about this post