കേരള പോലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒന്നാണ് ചേലമ്പ്ര ബാങ്ക് കവർച്ച.ഇന്ത്യന്‍ മണി ഹെയ്സ്റ്റ് എന്ന പേരിൽ പിൽക്കാലത്ത് എഴുത്തുകാരൻ അനിർഭൻ ഭട്ടാചാര്യ പുസ്തകമാക്കിയ സംഭവം കൂടിയായിരുന്നു ഇത്. ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറി വാടകയ്ക്കെടുത്ത് തുരന്നുകയറി 70 കിലോ സ്വർണവും 25 ലക്ഷം രൂപയും കൊള്ളയടിച്ച സംഭവമായിരുന്നു ഇത്. 2007 ഡിസംബർ 31 ന് തിങ്കളാഴ്ച രാവിലെ ബാങ്ക് തുറന്നപ്പോഴാണ് അതിവിദഗ്ധമായി നടന്ന കവർച്ചാ വിവരം പുറംലോകം അറിയുന്നത്. മലപ്പുറം ചേലേമ്പ്രയിലെ സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിൽ നിന്ന് നേരിയ പാളിച്ചപോലുമില്ലാതെ 80 കിലോ സ്വർണവും 25 ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ സ്വന്തമാക്കിയത്. ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ നടത്തിയ ഈ മോഷണം ദേശീയ ശ്രദ്ധ ആകർഷിച്ചു. സൂക്ഷ്മവിവരങ്ങളടക്കം മാദ്ധ്യമങ്ങൾ ഒപ്പിയെടുത്ത് പുറത്തുവിട്ടു.
അന്ന് മലപ്പുറം ജില്ലാപോലീസ് മേധാവിയായിരുന്ന പി വിജയന്റെ നേതൃത്വത്തിൽ പോലീസ് സംഘം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തുമ്പ് കണ്ടെത്താനിറങ്ങി.സംഭവം നടന്ന അർദ്ധരാത്രിയിൽ, കുറ്റകൃത്യം നടന്ന സ്ഥലത്തെ ഏറ്റവും അടുത്തുള്ള മൊബൈൽ സിഗ്‌നൽ ടവറുകളിലെ എല്ലാ ടെലിഫോൺ കോളുകളും പോലീസ് സംഘം നിരീക്ഷിച്ചു . ഇരുപത് ദശലക്ഷത്തിലധികം കോളുകൾ നിരീക്ഷിക്കുന്നത് ഒരു വലിയ ജോലിയായിരുന്നു. വിവിധ മൊബൈൽ സേവന ദാതാക്കളുടെയും ഐടി പ്രൊഫഷണലുകളുടെയും സഹായവും അന്വേഷണത്തിനായി തേടി.ഒടുവിൽ, മുഖ്യപ്രതികൾ പരസ്പരം ആശയവിനിമയം നടത്താൻ ഉപയോഗിച്ച രഹസ്യ ഫോൺ നമ്പർ തിരിച്ചറിയാൻ കഴിഞ്ഞതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.മോഷണം നടന്ന സ്ഥലത്ത് ജയ് മാവോ എന്ന വാചകം എഴുതി,കവർച്ചയിൽ നക്‌സലൈറ്റ് പങ്കാളിത്തമുണ്ടെന്ന് വരുത്തിത്തീർക്കാൻ കുറ്റവാളികൾ ശ്രമിച്ചു. അന്വേഷണ സംഘത്തിന്റെ മുഴുവൻ ശ്രദ്ധയും ഹൈദരാബാദിലേക്ക് തിരിച്ചുവിടാൻ കുറ്റവാളികൾ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു.ഒടുവിൽ പോലീസ് സംഘം പ്രതികൾ ഒളിച്ചിരിക്കുന്ന കോഴിക്കോട്ടെ ഒരു വീട് കണ്ടെത്തി , ഓപ്പറേഷന്റെ മുഖ്യ സൂത്രധാരനായ ജോസഫ് എന്ന ജെയ്സൺ എന്ന ബാബു ഉൾപ്പെടെ നാല് പേരെയും ഒരു സ്ത്രീ ഉൾപ്പെടെ മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച സ്വർണ്ണത്തിന്റെയും പണത്തിന്റെയും 80% കണ്ടെടുക്കുകയും ചെയ്തു. മോഷണം നടന്ന് 56ാം ദിവസം ആണ് പ്രതികൾ പിടിയിലായത്
.
ധൂം” എന്ന ഹിന്ദി ചലച്ചിത്രമായിരുന്നു ബാങ്ക് കൊള്ളയടിക്കാൻ പ്രതികൾക്ക് പ്രേരണയായത്. ധൂം സീരിസിൻറെ ഒന്നാം ഭാഗത്തിൽ ജോൺ അബ്രഹാമിന്റെ കഥാപാത്രം നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ബാങ്ക് കൊള്ളയടിച്ച് രക്ഷപ്പെടുന്നുണ്ട്.
ബാങ്കിനെക്കുറിച്ച് മനസിലാക്കി ജോൺ അബ്രഹാമും സംഘവും വ്യക്തമായ പദ്ധതികളോടെ ബാങ്കിന് മുകൾ നിലയിലെ ഹോട്ടലിൽ ജോലിക്കാരായി പ്രവേശിക്കുന്നു. ഹോട്ടലിൽ പുതുവത്സരാഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ഇവർ കവർച്ച നടത്തുന്നത്. ഹോട്ടലിൻറെ തറയായ ബാങ്കിൻറെ മേൽക്കൂര തുരന്ന് താഴേക്കിറങ്ങിയാണ് സിനിമയിൽ പണം കവരുന്നത്.
ധൂം സ്റ്റൈലിൽ തയ്യാറാക്കിയ പദ്ധതി: സിനിമയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് മാസങ്ങളോളം നീണ്ട പദ്ധതി തയ്യാറാക്കിയാണ് പ്രധാന പ്രതിയായ ജോസഫും സംഘവും ചേലമ്പ്രയിൽ കവർച്ച നടത്തിയത്.കവർച്ചയ്ക്കായി സംഘം ബാങ്ക് നിന്നിരുന്ന കെട്ടിടത്തിൻറെ താഴത്തെ നില ഹോട്ടൽ നടത്താനെന്ന വ്യാജേന വാടകയ്ക്കെടുത്തു. പിന്നാലെ താഴെ നിലയിൽ നിന്നും മുകളിലേക്ക് എത്താൻ ഹോട്ടലിന്റെ മേൽക്കൂര തുരക്കുകയും അതിലൂടെ മുകളിലെത്തി ബാങ്കിലെ സ്‌ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും, പണവും കവരുകയുമായിരുന്നു.
കേസ് അന്വേഷണം നടക്കുന്നതിനിടെ താൻ അനുഭവിച്ച വിഷമതകൾ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോഴത്തെ എഡിജിപിയുമായിരുന്ന പി വിജയൻ പങ്കുവച്ചിരുന്നു. കേസിന്റെ തുടക്കം വളരെ പ്രയാസകരമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.നാലായിരം കുടുംബങ്ങളുടെ താലി മാലയടക്കം പണയം വച്ചതാണ് മോഷണം പോയത്. സംഭവ സ്ഥലത്തിന് കുറച്ചകലെ താമസിക്കുന്ന തന്റെ അമ്മ ഇടയ്ക്കിടെ വിളിച്ച് എന്തായി അന്വേഷണം എന്ന് തിരക്കും. സ്വകാര്യമായി ചിലയാളുകളുടെ പേര് പറയും. നമ്മൾ ഒന്നിനും കൊള്ളാത്ത പോലീസ് ആണെന്ന ധ്വനി അമ്മയുടെ വാക്കുകളിലുണ്ടാകും. മീഡിയയുടെ വകയുള്ള പ്രഷർ വേറെയുമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്റെ ഭാര്യ ഷെർലോക് ഹോംസിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുള്ള ആളാണ്. പരിഹാസ രൂപേണ ചോദിക്കും എന്തെങ്കിലും ഉപദേശം വേണോയെന്ന്. ഭാര്യ, അന്ന് കളക്ടർ ആണ്. സ്വന്തം വീട്ടിൽ പോകാൻ പറ്റില്ല. ഭാര്യയുടെ അടുത്ത് പോകാൻ പറ്റില്ല. നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റില്ല. ഇങ്ങനെയൊക്കെയുള്ള വിഷമതകൾ അന്ന് അനുഭവിച്ചിരുന്നുവെന്ന് അദ്ദേഹം തമാശയായി പറഞ്ഞിരുന്നു.
Discussion about this post