എറണാകുളം: ആഭരണ പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് ഇപ്പോൾ സ്വർണ വിലയിലെ കുതിപ്പ്. പവന് എല്ലാ ദിവസവും വില കൂടുന്നുണ്ട്. 500 ഉം 600 ഉം രൂപയുടെ വ്യത്യാസം ആണ് സ്വർണ വിലയിൽ ഉണ്ടാകുന്നത്. വില കയറി കയറി നിലവിൽ 63,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.
2023 മുതൽ ആണ് സ്വർണ വിലയിൽ മുൻപെങ്ങുമില്ലാത്ത തരത്തിൽ വർദ്ധനവ് ആരംഭിച്ചത്. റഷ്യ- യുക്രെയ്ൻ യുദ്ധമായിരുന്നു ഇതിലേക്ക് നയിച്ചത്. ആഗോളതലത്തിൽ യുദ്ധം ഉണ്ടാക്കിയ ആശങ്ക സ്വർണ വിലയിൽ ആയിരുന്നു പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ വ്യാപകമായി സ്വർണം വാങ്ങിക്കൂട്ടാൻ ആരംഭിച്ചു. ഇതോടെ വിലയും വർദ്ധിക്കാൻ ആരംഭിച്ചു. രണ്ട് വർഷം കൊണ്ട് സ്വർണ വിലയിൽ 30,000ത്തലധികം രൂപയുടെ മാറ്റം ആണ് ഉണ്ടായത്.
വിവാഹ ആവശ്യത്തിനായി സ്വർണം വാങ്ങുന്നവരെ ആണ് ഈ വില വർദ്ധനവ് സാരമായി ബാധിക്കുക. 20 പവന്റെ സ്വർണം വാങ്ങാൻ ആഗ്രഹിച്ചവർക്ക് ഇനി ആ തുക കൊണ്ട് 10 ഓ 15 ഓ പവന്റെ സ്വർണം മാത്രമാണ് ലഭിക്കുക. സ്വർണത്തിന്റെ വിലയ്ക്ക് പുറമേ പണിക്കൂലി, നികുതി എന്നിങ്ങനെ വീണ്ടും പണം നൽകേണ്ടിവരുന്നു. ഇങ്ങനെ ഇപ്പോൾ ഒരു പവൻ സ്വർണം വാങ്ങണം എങ്കിൽ 70,000 രൂപ നൽകേണ്ടിവരും.
എന്നാൽ വർദ്ധിച്ചുവരുന്ന വില വർദ്ധനവിലും നമുക്ക് സ്വർണം വാങ്ങുമ്പോൾ ലാഭം ഉണ്ടാക്കാൻ കഴിയും എന്നതാണ് വാസ്തവം. 18 കാരറ്റ് സ്വർണം ആണ് ഇതിന് സഹായകമാകുന്നത്.
ഇന്ന് സ്വർണ കടകളിൽ നിന്നും 22 കാരറ്റ് സ്വർണാഭരണങ്ങൾ ആണ് ലഭിക്കുന്നത്. ഇത് വാങ്ങണമെങ്കിലാണ് മേൽപറഞ്ഞ തുക നൽകേണ്ടിവരിക. ഇത്തരം ആഭരണങ്ങളിൽ 91.6 ശതമാനം ശുദ്ധമായ സ്വർണം ആയിരിക്കും. എന്നാൽ 18 കാരറ്റ് സ്വർണത്തിൽ 75 ശതമാനം ആയിരിക്കും സ്വർണം ഉണ്ടാകുക. ബാക്കി ചെമ്പ്, വെള്ളി എന്നീ ലോഹങ്ങൾ ആയിരിക്കും. സ്വർണത്തിന്റെ അളവ് കുറവായതുകൊണ്ട് തന്നെ ഇതിന് പണവും കുറവ് ആയിരിക്കും.
22 കാരറ്റ് സ്വർണത്തിന് 63,560 രൂപ നൽകേണ്ടിവരുമ്പോൾ ആ സ്ഥാനത്ത് 18 കാരറ്റ് സ്വർണം ഒരു പവന് 52,008 രൂപ നൽകിയാൽ മതിയാകും. അതായത് 12,000 രൂപയുടെ വ്യത്യാസം വരും. നിലവിൽ 6,501 രൂപയാണ് 1 ഗ്രാം 18 കാറ്റ് സ്വർണത്തിന്റെ വില.
സ്വർണം വാങ്ങുമ്പോൾ സ്വർണ വിലയുടെ ശതമാനക്കണക്കിനാണ് പണിക്കൂലി ഈടാക്കുക. അതിനാൽ 18 കാരറ്റ് സ്വർണം വാങ്ങുന്നതുവഴി ഇത് കുറയ്ക്കാൻ സാധിക്കും. സ്വർണത്തിന്റെ വിലയും പണിക്കൂലിയും അടക്കമുള്ള തുകയിലാണ് ജിഎസ്ടി ഈടാക്കുന്നത്. ഇതിലും കുറവ് ലഭിക്കും.
അതേസമയം സ്വർണവിലയിലെ വർദ്ധിച്ചത് ആളുകളെ 18 കാരറ്റ് സ്വർണത്തിലേക്ക് ആകർഷിച്ചിട്ടുണ്ട്. മികച്ച ഡിസൈനുകൾ നിർമ്മിക്കാൻ 22 കാരറ്റിനെക്കാൾ നല്ലത് 18 കാരറ്റ് ആണ്. അതുമാത്രവുമല്ല പെട്ടെന്ന് കൈമോശം വരികയും ഇല്ല. ദീർഘനാൾ ഇത് ഉപയോഗിക്കാം. അതുകൊണ്ട് തന്നെ ഇപ്പോൾ ആളുകൾ 18 കാരറ്റ് സ്വർണാഭരണങ്ങൾ വ്യാപകമായി വാങ്ങുന്നുണ്ട്.
Discussion about this post