കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരിയെ കാറുകൊണ്ട് ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ പ്രതി അറസ്റ്റിൽ. പുറമേരി സ്വദേശി ഷെജിലാണ് അറസ്റ്റിലായത്. വിദേശത്ത് നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
വടകര സ്വദേശിനിയായ ദൃഷാനയെ ആണ് ഷെജിൻ ഇടിച്ചിട്ടത്. ഇതേ തുടർന്ന് കുട്ടി കോമയിൽ ആകുകയായിരുന്നു. വാഹനാപകടം ഉണ്ടാകുമ്പോൾ കുട്ടിയുടെ മുത്തശ്ശിയും കൂടെ ഉണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുത്തശ്ശി മരിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാൾ വിദേശത്തേയ്ക്ക് കടന്നുകളഞ്ഞു. ഇതോടെ ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു പോലീസ്. മാസങ്ങൾക്ക് ശേഷമാണ് ഇയാൾ ഇപ്പോൾ പിടിയിൽ ആയിരിക്കുന്നത്.
ഇന്നലെ രാത്രി ആയിരുന്നു ഇയാൾ കോയമ്പത്തൂരിൽ എത്തിയത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാൽ ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചറിയുകയായിരുന്നു. തുടർന്ന് വടകര പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ച്യെയ്തുവരികയാണ്.
ഫെബ്രുവരി 17 ന് ദേശീയ പാത വടകര ചോറോടുവച്ച് ദൃഷാനയും മുത്തശ്ശിയും അപകടത്തിൽപ്പെട്ടത്. ഇരുവരും റോഡ് മുറിച്ചുകടക്കുകയായിരുന്നു. ഇതിനിടെ കാറുമായി അമിത വേഗതയിൽ എത്തി ഷെജിൽ ഇവരെ ഇടിച്ച് തെറിപ്പിച്ചു. സംഭവ സ്ഥലത്തുവച്ച് തന്നെ മുത്തശ്ശി മരിച്ചു. ദൃഷാനയ്ക്ക് ജീവൻ തിരിച്ചുകിട്ടിയെങ്കിലും കോമയിൽ തുടരുകയായിരുന്നു. ഷെജിൽ ഉടനെ തന്നെ അപകടസ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. അതിനാൽ ഇടിച്ച വാഹനം കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല.
അപകടം നടന്ന് 9 മാസത്തിന് ശേഷമാണ് വാഹനം കണ്ടെത്താൻ പോലീസിന് കഴിഞ്ഞത്. അപകടത്തിൽ കാറിന് കേടുപാട് സംഭവിച്ചിരുന്നു. ഇത് പരിഹരിക്കാൻ ഷെജിൽ ഇൻഷൂറൻസ് ക്ലെയിമിന് ശ്രമിച്ചതാണ് കേസിൽ വഴിത്തിരിവ് ആയത്. കാർ മതിലിൽ ഇടിച്ചെന്ന് വരുത്തി ആയിരുന്നു ഇയാൾ ക്ലെയിമിന് ശ്രമിച്ചത്. ഇതോടെ കെഎൽ 18 ആർ 1 എന്ന വാഹനവും ഇതോടിച്ചിരുന്ന ഷെജിലിനെയും തിരിച്ചറിയുക ആയിരുന്നു.
തുടർന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇയാൾ അപ്പോഴേയ്ക്കും വിദേശത്തേയ്ക്ക് കടന്നിരുന്നു. ഇതോടെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയായിരുന്നു. അന്വേഷണത്തിൻറെ ഭാഗമായി 50,000 ഫോൺകോളുകളും 19,000 വാഹനങ്ങളും പോലീസ് പരിശോധിച്ചിരുന്നു.
കോമയിലായ ദൃഷാനയുടെ ദുരിത ജീവിതം അപ്പോഴേയ്ക്കും മാദ്ധ്യമങ്ങളും വാർത്തയാക്കി. ഇതിൽ സ്വമേധയാ കേസ് എടുത്ത ഹൈക്കോടതി പോലീസിനോട് റിപ്പോർട്ട് തേടുകയായിരുന്നു.
Discussion about this post