കോന്നി മുറിഞ്ഞ കല്ലിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ അദ്ധ്യാപകനെതിരെ ഗുരുതര ആരോപണവുമായി കുടുംബം.19കാരിയായ ഗായത്രിയെയാണ് വാടക വീട്ടിലെ മുറിക്കുള്ളിൽ ഇന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാരിയായ മാതാവ് വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മുറിക്കുള്ളിൽ മകളെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. ആർമി റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രത്തിലെ അദ്ധ്യാപകന്റെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പെൺകുട്ടിയുടെ അമ്മ രാജി ആരോപിക്കുന്നത്. അദ്ധ്യാപകൻ വിദ്യാർത്ഥികളെ ഡേറ്റിമഗിനായി വിളിക്കാറുണ്ടെന്നും അമ്മമാരോട് ചാറ്റിംഗ് നടത്താറുണ്ടെന്നും രാജി ആരോപിച്ചു.
സ്ഥാപനത്തിൽ അദ്ധ്യാപകനെ മറ്റൊരാൾക്കൊപ്പം പുലർച്ചെ സംശയകരമായ സാഹചര്യത്തിൽ മകൾ കണ്ടുവെന്നും അന്ന് മുതൽ മകൾ ഇയാളുടെ നോട്ടപ്പുള്ളി ആണെന്നും മാതാവ് പറയുന്നു. അദ്ധ്യാപകൻ വൈരാഗ്യത്തോടെ ഗായത്രിയോട് പെരുമാറിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും ഇതാണ് മകളെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും മാതാവ് രാജി ആരോപിക്കുന്നുണ്ട്.പല പിള്ളരെയും ഡേറ്റിങിന് റൂമിലേക്ക് വിളിക്കുക. ഹോട്ടലിൽ മുറിയെടുത്ത് ഡേറ്റിങിന് വിളിക്കുന്നുണ്ട്. മകളോടും ഇത്തരത്തിൽ സംസാരിച്ചു. എന്റെ അച്ഛനും അമ്മയും നല്ല രീതിയിലാണ് പഠിപ്പിക്കുന്നതെന്നും അതിന്റെ ആവശ്യമില്ലെന്നും മകൾ മറുപടി നൽകിയെന്നും അമ്മ പറഞ്ഞു.
മൂന്ന് ദിവസം മുമ്പ് മകളോട് ക്ലാസിൽ വരേണ്ടെന്ന് അദ്ധ്യാപകൻ പറഞ്ഞിരുന്നു. നിന്റെ അമ്മയോട് വിളിക്കാൻ പറയാനായിരുന്നു അദ്ധ്യാപകൻ പറഞ്ഞത്. ഫോൺ വിളിച്ചപ്പോൾ വാട്സാപ്പ് ഉള്ള ഫോൺ എടുത്തൂടെ എന്നായിരുന്നു ചോദ്യം എന്നും അമ്മ രാജി പറഞ്ഞു. അദ്ധ്യാപകന് കുഞ്ഞെന്നോ വല്യവരെന്നോ തിരിവില്ലെന്നും അമ്മമാരുടെ വാട്സാപ്പ് ഫോണിലൂടെ ചാറ്റ് ചെയ്യുകയാണെന്നും അമ്മ പറയുന്നു. ഗായത്രിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു
Discussion about this post