തിരുവനന്തപുരം: നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന് മറുപടിയുമായി മറുപടിയുമായി ജി സുരേഷ് കുമാർ. ആന്റണി സിനിമ കണ്ടുതുടങ്ങിയപ്പോൾ മുതൽ സിനിമ നിർമിക്കാൻ തുടങ്ങിയ ആളാണ് താൻ. അപ്പുറത്ത് നിൽക്കുന്നത് മോഹൻാൽ ആയതുകൊണ്ട് പ്രശ്‌നത്തിനില്ലെന്നും സുരേഷ് കുമാർ പ്രതികരിച്ചു.
‘ഞാനൊരു മണ്ടനൊന്നുമല്ല. ഏറെ നാളായി സിനിമ പ്രവർത്തനം തുടങ്ങിയിട്ട്. ആന്റണി പെരുമ്പാവൂർ സിനിമ കണ്ടു തുടങ്ങിയ കാലം മുതൽ സിനിമ എടുത്തു തുടങ്ങിയ ആളാണ് ഞാൻ. അതുകൊണ്ട് അങ്ങനെയൊരു മണ്ടത്തരം ഞാൻ ചെയ്യില്ല. തമാശ കളിക്കാനല്ല ഞാൻ സിനിമയിലിരിക്കുന്നത്. 46 വർഷമായി സിനിമാ രംഗത്തു വന്നിട്ട്. ആന്റണിയെ ഞാൻ കാണാൻ തുടങ്ങിയിട്ടും കുറേ നാളായി. കുറേ വർഷങ്ങളായി. ആന്റണി മോഹൻലാലിന്റെ അടുത്ത് വന്നപ്പോൾ മുതൽ എനിക്കറിയാവുന്നതാണ്. ഞാൻ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുകയോ ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കുകയോ ചെയ്യാറില്ല’- സുരേഷ് കുമാർ പറഞ്ഞു.
ആന്റണി പെരുമ്പാവൂർ അസോസിയേഷന്റെ ഒരു കാര്യത്തിനും വരാറില്ല. അതുകൊണ്ട് തന്നെ ഒരു കാര്യവും അദ്ദേഹത്തിന് അറിയില്ല. ഉത്തരവാദിത്തപ്പെട്ടവർ പറഞ്ഞിട്ടാണ് താൻ എമ്പുരാന്റെ കാര്യം പറഞ്ഞത്. പറഞ്ഞ കാര്യങ്ങൾ പിൻവലിക്കണമെങ്കിൽ താനത് ചെയ്യാം. അപ്പുറത്ത് നിൽക്കുന്നത് മോഹൻലാൽ ആണ്. അവരെല്ലാം വേണ്ടപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ പ്രശ്‌നത്തിന് നിൽക്കാൻ താത്പര്യമില്ല. സമരം അസോസിയേഷൻ എടുത്ത തീരുമാനമാണ്. അതിൽ നിന്നും പിന്നോട്ടില്ല. വെറുതെ നൂറ് കോടി ക്ലബ്ബ് എന്ന് പറഞ്ഞു നടക്കുന്ന പരിപാടി ഇനിയെങ്കിലും എല്ലാവരും നിർത്തട്ടെ. വെറുതെ പറഞ്ഞിട്ട് കാര്യമില്ല. നൂറ് കോടി ക്ലബ്ബിൽ അയറിയെങ്കിൽ അതിന് തെളിവ് കാണിക്കട്ടെയെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.
മലയാള സിനിമാവ്യവസായത്തെപ്പറ്റിയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സമരത്തെ കുറിച്ചും സുരേഷ്‌കുമാർ മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെയായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമയിലെ ഇത്തരം സമരങ്ങൾ നല്ലതല്ലെന്ന് ആന്റണി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സിനിമ 50 കോടി, 100 കോടി, 200 കോടി 500 കോടി ക്ലബ്ബുകളിൽ കയറുക എന്നത് ഇന്ത്യയിലെവിടെയുമുള്ള ഫിലിം ഇൻഡസ്ട്രകളിൽ നിലവിലെ രീതിയനുസരിച്ച് എന്റെ അറിവിൽ മൊത്തം കളക്ഷനെ അഥവാ ഗ്രോസ് കളക്ഷനെ അടിസ്ഥാനമാക്കി തതന്നെയാണ്. തീയറ്ററിൽ നിന്നു മൊത്തം വരുന്ന കളക്ഷനും ആ സിനിമയ്ക്ക് വിവിധ രീതികളിൽ നിന്ന് വന്നുചേരുന്ന മറ്റുവരുമാനങ്ങളും കൂടി അതിനെ നിർമ്മാതാവിനു മാത്രം കിട്ടിയതായുള്ള അവകാശവാദമായി ചിത്രീകരിച്ചു വിമർശിക്കുന്നതിന്റെ പൊരുൾ ദുരൂഹമാണെന്നും അദ്ദേഹം കുറിച്ചു.
ഒരു നടൻ ഒരു സിനിമ നിർമ്മിച്ചാൽ ആ സിനിമ കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്നെല്ലാം സുരേഷ് കുമാർ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ആശിർവാദ് സിനിമാസിന്റെ എംപുരാൻ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്നും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാവാത്തൊരു സിനിമയുടെ ചിലവിനെപ്പറ്റി പൊതുവേദിയിൽ പരസ്യചർച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്? എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും താൻ പരസ്യമായി സംസാരിച്ചിട്ടില്ല. തന്റെ ബിസിനസുകളെക്കുറിച്ചും. ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്ലിക്കായി സംസാരിച്ചതെന്നും അദ്ദേഹം പോസ്റ്റിലൂടെ ചോദിച്ചു.
Discussion about this post