ന്യൂഡൽഹി/ വയനാട്: ഉരുൾപൊട്ടൽ തുടച്ചുനീക്കിയ ചൂരൽമലയ്ക്കും മുണ്ടക്കൈയ്ക്കും ആശ്വാസത്തിന്റെ കരങ്ങളുമായി കേന്ദ്രം. ദുരന്തബാധിതരുടെ പുന:രധിവാസത്തിനായി 529.50 കോടി രൂപ അനുവദിച്ചു. പലിശയില്ലാ വായ്പയായിട്ടാണ് ഈ തുക കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറുക.
സംസ്ഥാന ധനകാര്യ സെക്രട്ടറിയ്ക്കാണ് ഇതുമായി ബന്ധപ്പെട്ട കത്ത് ലഭിച്ചത്. 16 പദ്ധതികളാണ് കേന്ദ്രത്തിന്റെ സഹായത്തോടെ വയനാട്ടിൽ പൂർത്തിയാകുക. സംസ്ഥാനങ്ങൾക്കുള്ള മൂലധന സഹായത്തിൽ ഉൾപ്പെടുത്തിയാണ് പണം അനുവദിച്ചിരിക്കുന്നത്. പലിശ നൽകേണ്ടാത്ത ഈ വായ്പ 50 കൊല്ലം കൊണ്ട് സംസ്ഥാന സർക്കാരിന് തിരിച്ചടച്ചാൽ മതിയാകും.
പുന:രധിവാസത്തിന് സംസ്ഥാനം 536 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രം പണം അനുവദിച്ചിരിക്കുന്നത്. നിലവിൽ സംസ്ഥാന സർക്കാർ ദുരന്തബാധിതർക്കായി ടൗൺഷിപ്പ് നിർമ്മിക്കുന്നുണ്ട്. ഇവിടേയ്ക്കുള്ള പൊതുകെട്ടിടങ്ങൾ, റോഡുകൾ, സ്‌കൂൾ നവീകരണം, പുഴയുടെ ഒഴുക്ക് ക്രമീകരിക്കൽ എന്നിവയ്ക്ക് വേണ്ടിയാണ് കേന്ദ്രം നൽകിയ പണം ഉപയോഗിക്കുക. ഇതിന് പുറമേ പാലങ്ങളുടെ നിർമ്മാണത്തിനും പണം വിനിയോഗിക്കും. സംസ്ഥാന സർക്കാരുകൾ സമർപ്പിച്ച പദ്ധതി പ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് പണം അനുവദിച്ചിരിക്കുന്നത്.
മാർച്ച് 31 ന് ഉള്ളിൽ ഈ പണം ഉപയോഗിച്ചതിന്റെ രേഖകൾ കാണിക്കണം എന്നാണ് കേന്ദ്രനിർദ്ദേശം. ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ രണ്ട് ടൗൺഷിപ്പാണ് വയനാട്ടിൽ നിർമ്മിക്കുന്നത്.
കിഫ്ബിയാണ് ടൗൺഷിപ്പിന്റെയും വീടുകളുടെയും പ്ലാൻ തയ്യാറാക്കിയിട്ടുള്ളത്. കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ അഞ്ച് സെന്റ് വീതവും മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റിൽ 10 സെന്റ് വീതവുമാണ് വീടുവയ്ക്കാനായി നൽകുക. ആയിരം സ്‌ക്വയർഫീറ്റിൽ ആണ് വീട്. ഓരോ വീടിനും 30 ലക്ഷം രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. 632 കോടി രൂപ ചിലവഴിച്ചാണ് സർക്കാർ ഇവിടെ ടൗൺഷിപ്പ് നിർമ്മിക്കുന്നത്.
കഴിഞ്ഞ മാസം ആയിരുന്നു ഇവിടെ ടൗൺഷിപ്പിന്റെ നിർമ്മാണത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. ഇതിനായി മൂന്ന് സമിതികളും സർക്കാർ രൂപീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വയനാട് പുനർനിർമ്മാണ സമിതി, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവും പ്രമുഖ സ്‌പോൺസർമാരും ഉൾക്കൊള്ളുന്ന പ്രാദേശിക സമിതി, ചീഫ് സെക്രട്ടറി ചെയർപേഴ്‌സൺ ആയുള്ള ഏകോപന സമിതി എന്നിവയാണ് രൂപീകരിച്ചത്.
Discussion about this post