തിരുവനന്തപുരം: താരരാജാക്കാന്മാരുടെ പണക്കൊള്ളയെക്കുറിച്ച് തുറന്നുപറഞ്ഞ നിർമ്മാതാവ് സുരേഷ് കുമാറിനെ പിന്തുണച്ച് മുതിർന്ന ബിജെപി നേതാവ് ഡോ.കെ.എസ് രാധാകൃഷ്ണൻ. സിനിമാ വ്യവസായത്തിൽ നിർമ്മാതാവിന് ഒഴികെ മറ്റ് ആർക്കും ഇന്നേവരെ നഷ്ടം സഹിക്കേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം സുരേഷ് കുമാറിനെ പിന്തുണച്ച് രംഗത്ത് എത്തിയത്.
പ്രേഷകരെന്ന സാധാരണ ജനങ്ങളെ വെറുപ്പിക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. സിനിമ വ്യവസായത്തിൽ നഷ്ടം അനുഭവിക്കുന്നത് നിർമ്മാതാക്കൾക്ക് മാത്രമാണ്. ഇത്തരത്തിൽ നഷ്ടം പറ്റി ചായക്കട തുടങ്ങിയ നിർമ്മാതാവിനെ തനിക്ക് അറിയാമെന്നും അദ്ദേഹം പറയുന്നു. ഒരു സൂപ്പർ സ്റ്റാറിനെ ഉണ്ടാക്കുന്നത് തിരക്കഥാകൃത്തും സംവിധായകനും ഛായാഗ്രഹകനുമെല്ലാം ചേർന്നാണ്. എല്ലാം ഒത്തുവന്നില്ലെങ്കിൽ ഒരു സൂപ്പർ താരവും സിനിമയിൽ ഉണ്ടാകില്ല. അവരുടെയെല്ലാം തോളിൽ ഇരുന്നുകൊണ്ടാണ് സൂപ്പർ താരങ്ങൾ തലപൊക്കുന്നത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിയ്ക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സൂപ്പർ താരരാജാക്കന്മാരേ, സിനിമ ഒരു സംഘഗാനമാണ്. അത്
ആർക്കും ഒറ്റയ്ക്ക് പാടാൻ
കഴിയില്ല. അത് മറക്കരുത്. പ്രേക്ഷകർ സാധാരണ
ജനങ്ങളാണ്. അവരെ വെറുപ്പിക്കരുത്.
സിനിമാ വ്യവസായത്തിൽ
നിർമ്മാതാവിന് ഒഴികെ
ആർക്കും ഇന്നുവരെ നഷ്ടം വന്നിട്ടില്ല.സിനിമാ വ്യവസായത്തിൽ പണം മുടക്കി കുത്തുപാളയെടുത്ത നിർമ്മാതാക്കളുടെ കഥകൾ ഏറെയാണ്. ഒരിക്കൽ, എന്റെ സ്‌നേഹിതൻ, തിരക്കഥാ
കൃത്ത് ജോൺ പോൾ, എറണാകുളത്ത്, ഒരു ചെറിയ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എന്നെ കയറ്റി. സാധാരണ ഗതിയിൽ ജോൺ പോൾ അത്തരം ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറാറില്ല. ആ ഹോട്ടലിലെ വിളമ്പുകാരനും കാഷ്യറുമായി ജോൺ കുശലം ചോദിച്ച് സംസാരികുന്നു
ണ്ടായിരുന്നു. ഭക്ഷിച്ചു കഴിഞ്ഞു വണ്ടിയിൽ കയറിയപ്പോൾ ജോൺ
പറഞ്ഞു: ‘നിങ്ങൾക്ക്
ഭക്ഷണം വിളമ്പി തന്ന
മനുഷ്യൻ മലയാളത്തിൽ
പത്തിലേറെ സൂപ്പർ ഹിറ്റ്
സിനിമകൾ എടുത്ത നിർമ്മാതാവാണ്’. പേര്
പറഞ്ഞപ്പോൾ ഞാനും അദ്ദേഹത്തിന്റെ സിനിമകൾ കണ്ട കാര്യം ഓർത്തു. വിജയിച്ച സിനിമകളെക്കാൾ ഏറെ സിനിമകൾ പരാജയപ്പെട്ടു. അവസാനം, ജീവിക്കാൻ കണ്ടെത്തിയ മാർഗ്ഗമാണ്
ചായക്കട. ആ മനുഷ്യൻ ഒടുവിൽ ചായക്കടയും നിർത്തി പോയതായും
അറിഞ്ഞു.
ഇത്തരം നന്ദികെട്ട കഥകൾ നിറഞ്ഞതാണ് സിനിമാ ചരിത്രം. തകരുന്ന നിർമാതാക്കളെ
തേടി ചെന്ന് സിനിമ എടുപ്പിച്ചിരുന്ന ഒരേ ഒരു സിനിമാ താരം പ്രേംനസീറാണെന്നു കേട്ടിട്ടുണ്ട്. ഒരു സൂപ്പർ താരവും സ്വയം സൃഷ്ടിയല്ല. നിർമാതാവ്, തിരക്കഥാകൃത്ത്,
സംവിധായകൻ, ക്യാമറാമാൻ, പാട്ടെഴുത്തുകാരൻ, സംഗീത സംവിധായകൻ, ഗായകർ
എന്നു തുടങ്ങി ഒട്ടനേകം പേർ ഒരുമിച്ചു ചേർന്നു സൃഷ്ടിച്ചെടുക്കുന്നതാണ്
സൂപ്പർ താര പദവി. നടന്റെ കഴിവും ഭാഗ്യവും അതിൽ ഒരു ഘടകമാണെന്നും മറക്കുന്നില്ല. വലിയ അഭിനയ മികവ് ഇല്ലാതിരുന്ന പ്രേംനസീറായിരുന്നു മൂന്നു പതിറ്റാണ്ടുകാലം മലയാള സിനിമ വ്യവസായത്തെ നിലനിർത്തിയ സൂപ്പർ താരമെന്നും ഓർക്കാവു
ന്നതാണ്. താൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന എല്ലാ സിനിമകളും നിരന്തരം വിജയിച്ചു
കൊണ്ടിരുന്നപ്പോഴും സ്വയം നിർമ്മാതാവായി സിനിമ എടുക്കുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിച്ചില്ല. മണ്ടൻ.
ഇന്ന് അവസ്ഥ മാറി. സൂപ്പർ താരങ്ങൾ എല്ലാവരും സിനിമ നിർമ്മാതാക്കളാണ്. സ്വാഭാവികമായും അവർ
സിനിമാരംഗത്തെ അതി
ശക്തരുമായി മാറി. സിനിമ വ്യവസായത്തിൽ ആര് എന്തു ചെയ്യണമെന്നും അവർ നിശ്ചയിച്ചു തുടങ്ങി. അവരോടു പിണങ്ങിയവർ അതിന്റെ തിക്തഫലം അനുഭവിച്ചു.
നടൻ തിലകന്റെ അനുഭവം ഓർക്കാവുന്നതാണ്. സൂപ്പർ താരങ്ങൾക്ക് അതിമാനുഷ മഹത്വ
മുണ്ടെന്ന് നിരന്തരം പ്രശംസിച്ചു കൊണ്ടിരിക്കുക എന്നത് മലയാള സിനിമയിലെ നടപ്പു രീതിയാണ്. ചില സൂപ്പർ താരങ്ങൾ തങ്ങളുടെ
മഹത്വം പാടി പ്രചരിപ്പിക്കാനായി ഇളമുറ പാണന്മാരേയും
നിശ്ചയിച്ചിട്ടുണ്ട്. പല പാണ പ്രശംസകളും ഓക്കാനം വരുത്തുന്ന വയുമാണ്. ‘കോഴിബിരിയാണി തിന്നുകൊണ്ട് എന്നെ പ്രശംസിക്കൂ ‘ എന്ന് ഒരു ശ്രീനിവാസൻ കഥാപാത്രം പറയുന്നത് ഇന്ന് ഒരു ഫലിതം പോലു
മല്ലാതായിരിക്കുന്നു.
ഇതെല്ലാം ഓർക്കാൻ കാരണം നിർമ്മാതാക്കളുടെ സംഘടനയും താരരാജാക്കന്മാരും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധമാണ്. നിർമ്മാതാക്കളുടെ നേതാവ് സുരേഷ് കുമാർ
പറയുന്നതിൽ ചില ശരികൾ ഉണ്ട്. ഒന്ന്. സിനിമയിൽ നഷ്ടം നിർമ്മാതാക്കൾക്ക് മാത്രം. രണ്ട്. മലയാള സിനിമാ കമ്പോളം വളരെ
ചെറുതാണ്. അതു കൊണ്ട് വലിയ മുതൽ മുടക്കു വരുന്ന ചിത്രങ്ങൾ
വിപണിയിൽ പരാജയപ്പെടുന്നു. മൂന്ന്. മലയാളത്തിൽ നിർമ്മിക്ക
പ്പെടുന്ന ചിത്രങ്ങളിൽ പത്തു ശതമാനം ചിത്രങ്ങൾ മാത്രമേ മുടക്കുമുതൽ തിരിച്ചു പിടിക്കുന്നുള്ളു. നാല്, സൂപ്പർ താരങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങളും എട്ടു നിലയിൽ നിരന്തരം പൊട്ടുന്നു. എന്നിട്ടും ഈ
താരങ്ങൾ എല്ലാവരും താങ്ങാനാവാത്ത പ്രതിഫലം ചോദിക്കുന്നു. സിനിമയുടെ നിർമ്മാണ ചിലവ് കുറയ്ക്കാനായി എല്ലാവരും സഹകരിക്കണം.
ഇതിനെതിരെ നടന്മാർക്ക്
അവരുടെ ന്യായീകരണമുണ്ട്. ഒന്ന്. തങ്ങളെ വെച്ച് പടമെടുക്കുന്നവർ തങ്ങളോടുള്ള ദയാവായ് പുകൊണ്ടല്ല തങ്ങളുടെ വിപണി മൂല്യത്തെ മുൻനിർത്തിയാണ് അങ്ങനെ ചെയ്യുന്നത്. രണ്ട്. കൂടുതൽ വിപണി മൂല്യമുള്ള താരത്തെ വെച്ചു പടമെടുത്തു എളപ്പത്തിൽ കൂടുതൽ പണം നേടലാണ് നിർമ്മാതാക്കളുടെ ലക്ഷ്യം. സിനിമയിലെ ലാഭം അവർ ആരുമായും പങ്കുവെയ്ക്കാറില്ല. സ്വാഭാവികമായും നഷ്ടവും അവർ തന്നെ സഹിക്കണം. മൂന്ന് . തങ്ങൾ ചെയ്യുന്ന ജോലിയുടെ കൂലി നിശ്ചയിക്കാൻ തങ്ങൾക്കാണ് അവകാശം. ആ തുകയ്ക്ക് സമ്മതമല്ല എങ്കിൽ ആ നടനെ ഉപേക്ഷിക്കാൻ നിർമ്മാതാക്കൾക്ക് അവകാശുണ്ട്. അതു കൊണ്ട് തങ്ങളുടെ വേലയുടെ കൂലി നിശ്ചയി
ക്കാൻ അന്യനെ ചുമതല
പ്പെടുത്താൻ ഞങ്ങൾ തയ്യാറല്ല. നാല്. സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിനെ കുറിച്ചു
വേവലാതിപ്പെടുന്നവർ
അവർക്ക് കിട്ടിയ കോടി ക്കണക്കിന് ലാഭവിഹിതത്തിൽ എത്ര തുക ഈ വ്യവസായത്തിന്റെ നിലനില്പിനായി മാറ്റിവെച്ചു എന്നു കൂടി പറയുന്നത് നന്നായിരിക്കും.
ശരിയാണ്; സിനിമ കലയെക്കാൾ ഉപരി കച്ചവടമാണ്. കച്ചവടത്തിൽ ലാഭനഷ്ടങ്ങൾ സ്വാഭാവികം. മലയാള സിനിമയുടെ ചരിത്രം നോക്കിയാൽ, നടന്മാരെക്കാളും സംവിധായകരെക്കാളും
സാങ്കേതിക വിദഗ്ദ്ധരെക്കാളുീ പ്രതിഭാവിലാസം സംഗീത
സംവിധായകരിലും ഗായകരിലുമാണ് കാണാൻ കഴിയുന്നത് എന്നത് വസ്തുതയാണ്. നീലക്കുയിൽ എന്ന സിനിമയിൽ ഇന്നും നിലനിൽക്കുന്നത് കെ. രാഘവന്റെ സംഗീതവും
പി. ഭാസ്‌കരന്റെ ഗാനങ്ങളും അവയെല്ലാം പാടിയ പാട്ടുകാരുമാണ്
എന്നതാണ് വസ്തുത. ബാബുരാജ്, ജി. ദേവരാജൻ, ദക്ഷിണാ മൂർത്തി, അർജുനൻ എന്നിവരുടെ പ്രതിഭാവിലാസം നൽകിയ സംഗീതവും വയലാർ രാമവർമ്മ, ശ്രീകുമാരൻ തമ്പി, ഒ എൻ വി കുറുപ്പ്,
യൂസഫലി കേച്ചേരി, പൂവ്വച്ചൽ ഖാദർ എന്നു തുടങ്ങിയവരുടെ കാവ്യരസം തുളുമ്പുന്ന ഗാനങ്ങളും യേശുദാസ് ജയചന്ദ്രൻ, ബ്രഹ്‌മാനന്ദൻ, എ പി ഉദയഭാനു, എസ്. ജാനകി, പി. സുശീല, മാധുരി തുടങ്ങിയരുടെ ശബ്ദ സൗകുമാര്യവും ഉൾചേർന്ന സംഗീത ലോകം തന്നെയാണ്
ആദ്യകാല സിനിമകളിൽ ഇന്നുംഅവശേഷിക്കുന്നത്.
നടന്റെ കഴിവിനെ ചെറുതാക്കി ആർക്കും കാണാൻ കഴിയില്ല. എന്നാൽ, ഭാവനാസമ്പന്നനായ ഒരു
തിരക്കഥാകൃത്തിന്റെ പ്രതിഭ രൂപം നൽകുന്ന കരുത്തുറ്റ കഥാപാത്രമില്ലെങ്കിൽ ഒരു നടനും ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷേ, സിനിമയിൽ തിരകഥാകാരൻ ജന്മം നൽകുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്
ലഭിക്കുന്നതിനേക്കാൾ
പത്തിലൊന്നു പ്രതിഫലം
പോലും തിരക്കഥാകൃത്തിന് നൽകുന്നില്ല എന്നും ഓർക്കണം. ഒരു സിനിമയുടെ മുഴുവൻ
സംഘർഷവും സഹിക്കുന്ന സംവിധായകനും ഒരു സൂപ്പർ താരം വാങ്ങുന്ന പ്രതിഫലത്തിന്റെ നാലിൽ
ഒന്നു പോലും നൽകുന്നില്ല
എന്നതും വസ്തുതയാണ്.
നിർമ്മാതാവും തിരക്കഥാകൃത്തുീ സംവിധായകനും സംഗീത വിഭാഗവും സിനിമാറ്റോഗ്രാഫിയും ഒത്തുവന്നില്ലെങ്കിൽ ഒരു
താരവും സൂപ്പർ താരവും
സിനിമയിൽ ഉണ്ടാകില്ല. അവരുടെയെല്ലാം തോളിലിരിക്കുന്നതു കൊണ്ടാണ് സൂപ്പർ താരങ്ങൾക്ക് ഇത്രയും
തലപൊക്കമുണ്ടാകുന്നത്. അതുകൊണ്ട്, താരപ്പൊലിമയുടെ വിപണി മൂല്യത്തെ കുറിച്ച്
വാചാലരാകുന്ന താര പ്രമാണിമാർ ഇക്കാര്യം മറക്കരുത്. സിനിമ ഒരു
സംഘഗാനമാണ്. അത് ആർക്കും ഒറ്റക്ക് പാടാൻ കഴിയില്ല. അത് മറക്കരുത്. ആ സംഘഗാനം ഏറ്റു പാടി അതിനെ നിലനിർത്തുന്നത് ഇവിടത്തെ സാധാരണ ജനങ്ങളാണ്. അവരെ വെറുപ്പിക്കരുത്.
Discussion about this post