എറണാകുളം: യുവനടിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് പോലീസ്. കോടതിയിൽ സമർപ്പിക്കാനായി തയ്യാറാക്കിയ കുറ്റപത്രത്തിലാണ് സിദ്ദിഖ് കുറ്റക്കാരനാണെന്ന് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം സെപ്തംബറിലാണ് സിദ്ദിഖിനെതിരെ പീഡനത്തിന് നടി പരാതി നൽകിയത്.
2016 ൽ ആയിരുന്നു പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു സിദ്ദിഖ് നടിയെ വിളിച്ചുവരുത്തിയത്. ഈ സമയം നടിയ്ക്ക് പ്രായപൂർത്തി ആയിരുന്നില്ല. ഹോട്ടലിൽ എത്തിയ നടിയെ മുറിയിലേക്ക് തന്ത്രപൂർവ്വം കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ പരാതി ശരിവയ്ക്കുകയാണ് പോലീസിന്റെ കുറ്റപത്രം.
ഹോട്ടൽമുറിയിലേക്ക് വിളിച്ചുവരുത്തിയത് ദുരുദ്ദേശത്തോടെയാണെന്നാണ് കുറ്റപത്രത്തിൽ പോലീസ് പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപ് തന്നെ നടി സിദ്ദിഖ് പീഡിപ്പിച്ചതായി പലരോടും വെളിപ്പെടുത്തിയിരുന്നു. ഇവരെ സാക്ഷികളായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിദ്ദിഖ് നടിയെ പീഡിപ്പിച്ചുവെന്ന് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പോലീസ് പറയുന്നുണ്ട്.
ബലാത്സംഗത്തിന് ശേഷം പരിക്കേറ്റ യുവതി എറണാകുളത്തെ ഡോക്ടറുടെ പക്കൽ ചികിത്സ തേടിയിരുന്നു. അന്ന് തന്നെ ഡോക്ടറോട് നടി പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴിയും കുറ്റപത്രത്തിൽ പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രം ക്രൈംബ്രാഞ്ച് മേധാവിയ്ക്ക് മുൻപിൽ സമർപ്പിക്കും. മേധാവിയുടെ അനുമതി ലഭിച്ചാൽ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും. സുപ്രീംകോടതി ജാമ്യം നൽകിയ സിദ്ദിഖ് ഇപ്പോൾ ജയിലിന് പുറത്താണ്.
2016 ജനുവരി 28 ന് ആയിരുന്നു നടിയെ സിദ്ദിഖ് പീഡിപ്പിച്ചത്. സിനിമയുടെ പ്രിവ്യൂ കാണാൻ നടിയെയും കുടുംബത്തെയും സിദ്ദിഖ് വിളിക്കുകയായിരുന്നു. ഇത് പ്രകാരം നടി കുടുംബത്തോടൊപ്പം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിൽ എത്തി. തുടർന്ന് നടിയെ മാത്രം സിനിമയെക്കുറിച്ച് ചർച്ചചെയ്യാനെന്ന പേരിൽ മുറിയിലേക്ക് വിളിക്കുകയായിരുന്നു. മുറിയിൽ എത്തിയതോടെ നടിയെ സിദ്ദിഖ് ഉപദ്രവിക്കാൻ ആരംഭിച്ചു. പീഡനം ചെറുത്തപ്പോൾ സിദ്ദിഖ് മർദ്ദിച്ചതായും നടി പറയുന്നുണ്ട്.
ഇതേക്കുറിച്ച് നടി സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടി എല്ലാം തുറന്ന് പറഞ്ഞ് മാദ്ധ്യമങ്ങൾക്ക് മുൻപിൽ എത്തുകയായിരുന്നു. ഇതിന് പിന്നാലെ നടി പരാതിയും നൽകി. ഇതിലാണ് കേസ് എടുത്തത്.
പരാതിയ്ക്ക് പിന്നാലെ കേസ് എടുത്ത പോലീസ് മസ്‌ക്കറ്റ് ഹോട്ടലിൽ എത്തി തെളിവെടുപ്പ് നടത്തി. നടി പറഞ്ഞ ദിവസം സിദ്ദിഖ് ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നതിന് തെളിവുകൾ ലഭിച്ചിരുന്നു. ഇതോടെ പോലീസ് തുടർനടപടി സ്വീകരിക്കുകയായിരുന്നു. ഇതിനിടെ നടൻ ഒളിവിൽ പോയി ജാമ്യത്തിന് ശ്രമിച്ചു. ഹൈക്കോടതി ഉൾപ്പെടെ ഹർജി തള്ളിയതോടെ നടൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Discussion about this post