പത്തനംതിട്ട: പെരുനാട് സിഐടിയു പ്രവർത്തകന്റെ മരണം കൊലപാതകം ആക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. കേസിലെ പ്രതികൾ സിപിഎം പ്രവർത്തകരാണെന്നാണ് പുറത്തുവരുന്ന വിവരം. കൊലപാതകം രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ അല്ലെന്ന് പ്രതികളിൽ ഒരാളുടെ അമ്മ വ്യക്തമാക്കിയതോടെ സിപിഎമ്മിന്റെ ശ്രമങ്ങൾ പൂർണമായി തകർന്ന് അടിഞ്ഞു.
പെരുനാട് സ്വദേശി ജിതിൻ ആണ് കൊല്ലപ്പെട്ടത്. ജിതിന്റെ സുഹൃത്തുക്കൾ കൂടിയായ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരാണ് പ്രതികൾ. ഇതിൽ നിഖിലേഷ് സിഐടിയു പ്രവർത്തകൻ ആണെന്ന് അമ്മ മിനി സാക്ഷ്യപ്പെടുന്നു. ഏഴാം പ്രതിയായ മിഥുൻ ഡിവൈഎഫ്‌ഐ മഠത്തുംമുഴി യൂണിറ്റ് സെക്രട്ടറിയും, നാലാം പ്രതി സുമിത്ത് എക്‌സിക്യൂട്ടും ആണ്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇവർ ഡിവൈഎഫ്‌ഐയിൽ അംഗങ്ങൾ ആയത്. ബിജെപി പുറത്താക്കിയ പ്രവർത്തകർ ആണ് ഇവർ.
നിഖിലേഷ് ടിപ്പർ ലോറി ഉടമയാണ്. ബിസിനസുകൾ സൗകര്യപ്രദമായി നടക്കുന്നതിന് വേണ്ടിയാണ് മകൻ സിഐടിയുവിൽ ചേർന്നത് എന്നാണ് മിനി പറയുന്നത്. ജിതിൻ വീട്ടിൽ വരുകയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയം ഇല്ലെന്നും മിനി വ്യക്തമാക്കുന്നുണ്ട്.
ഇന്നലെ രാത്രിയോടെയായിരുന്നു മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിൻ കൊല്ലപ്പെട്ടത്. ജിതിന്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ തടഞ്ഞുവയ്ക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഇത് തടയാൻ എത്തിയതായിരുന്നു ജിതിൻ. ഇത് സംഘർഷത്തിൽ കലാശിച്ചു. ഇതിനിടെ പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.
മൂന്ന് പ്രതികളെ ജില്ലയിൽ നിന്നും തന്നെ പോലീസ് ഉടനെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആലപ്പുഴയിൽ നിന്നായിരുന്നു പിടിയിൽ ആയത്. സംഭവം രാഷ്ട്രീയ പകപോക്കൽ ആണെന്നും ബിജെപിയാണ് സംഭവത്തിന് പിന്നിലെന്നും ആരോപിച്ച് ഉടൻ തന്നെ സിപിഎം രംഗത്ത് എത്തി. ഇതോടെ പ്രതിഷേധം അറിയിച്ച് ബിജെപിയും രംഗത്ത് എത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ച നടക്കുന്നതിനിടെ ആണ് പ്രതികളുടെ ഇടത് ബന്ധം മറനീക്കി പുറത്തുവന്നത്.
Discussion about this post