തിരുവനന്തപുരം: കാര്യവട്ടം സർവ്വകലാശാലയിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ ക്രൂരമായി റാഗിംഗിന് ഇരയാക്കിയ സംഭവത്തിൽ എസ്എഫ്‌ഐക്കാരായ വിദ്യാർത്ഥികൾക്കെതിരെ നടപടി. വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. ബയോടെക്‌നോളജി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ബിൻസ് ജോസ് നൽകിയ പരാതിയിലാണ് നടപടി.
സംഭവത്തിൽ എസ്എഫ്‌ഐക്കാർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കോളേജ് അധികൃതർ ഇവരെ സസ്‌പെൻഡ് ചെയ്തത്. കോളേജിന്റെ റാഗിംഗ് വിരുദ്ധ സമിതി നടത്തിയ അന്വേഷണത്തിൽ ബിൻസിനെ വിദ്യാർത്ഥികൾ ആക്രമിച്ചതായി വ്യക്തമായി. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇവർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.
മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾ ആയ പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ബിൻസ് പരാതി നൽകിയിരിക്കുന്നത്. എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ഇവർ ബിൻസിനെ മർദ്ദിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ 11 ന് ആയിരുന്നു സംഭവം ഉണ്ടായത്. അന്നേ ദിവസം ക്യാമ്പസിൽ സീനിയർ വിദ്യാർത്ഥികലും ജൂനിയർ വിദ്യാർത്ഥികളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബിൻസിനെ ഇവർ ആക്രമിച്ചത്. വസ്ത്രം എല്ലാം വലിച്ച് പറിച്ച് മുട്ടുകുത്തി നിർത്തി മർദ്ദിക്കുകയായിരുന്നുവെന്ന് ബിൻസ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. അവശനായപ്പോൾ കുടിയ്ക്കാൻ വെള്ളം ചോദിച്ചു. അപ്പോൾ തുപ്പിയ കുപ്പിവെള്ളം ആണ് നൽകിയത് എന്നും പരാതിയിൽ ഉണ്ട്.
പരാതിയിൽ കഴക്കൂട്ടം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. മർദ്ദനത്തിന് ആയിരുന്നു കേസ് എടുത്തിരുന്നത്. എന്നാൽ പിന്നീട് റാഗിംഗിന്റെ വിവിധ വകുപ്പുകൾ കൂടി ചേർക്കുകയായിരുന്നു.
അതേസമയം മകനെതിരെ ക്രൂര പീഡനമാണ് നടന്നത് എന്ന് വ്യക്തമാക്കി ബിൻസിന്റെ പിതാവ് ജോസ് രംഗത്ത് എത്തി. മകൻ കൂട്ടുകാരും ഒത്ത് ബാഡ്മിന്റൺ പരിശീലിക്കുന്നതിനിടെ ആയിരുന്നു സീനിയർ വിദ്യാർത്ഥികൾ പ്രശ്‌നം ഉണ്ടാക്കിയത് എന്ന് പിതാവ് പറഞ്ഞു. ഈ സംഘത്തിലെ ഒരാൾ മകന്റെ കൂട്ടുകാരനെ പിടിച്ച് തള്ളി. ഇതോടെയാണ് സംഘർഷം ആരംഭിച്ചത്.
മകന്റെ വസ്ത്രം അവർ വലിച്ച് കീറി. ഒരു മണിക്കൂറോളം ഷർട്ട് ഇല്ലാതെ മകനെ അവർ തല്ലി. ഷർട്ട് വലിച്ച് കീറുന്നതിനിടെ അവന്റെ കഴുത്തിൽ കുരുങ്ങി. ഇതോടെ വെപ്രാളം ആയി. തുടർന്ന് വെള്ളം ചോദിച്ചപ്പോഴാണ് തുപ്പി നൽകിയത്. ഈ സംഭവം മകനെ ശാരീരികം ആയിട്ടും മാനസികം ആയിട്ടും ഏറെ ബാധിച്ചു. സംഭവ ശേഷം അവന് വളരെയധികം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. വീട്ടിൽ ഭയന്ന് അവൻ ഒന്നും പറഞ്ഞിരുന്നില്ല. ഡോക്ടറോട് ആണ് അവൻ എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞത് എന്നും പിതാവ് വ്യക്തമാക്കി.
Discussion about this post