പാലക്കാട്: കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ച് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. ചിറ്റൂർ കോടതിയിൽ കുറ്റസമ്മത മൊഴി രേഖപ്പെടുത്തൻ ഒരുങ്ങുന്നതിനിടെ ആയിരുന്നു പ്രതിയുടെ ഈ നിലപാട് മാറ്റം. തെറ്റ് ചെയ്‌തെന്ന് കോടതിയിൽ പറഞ്ഞ ചെന്താമരയുടെ നിലപാട് മാറ്റം അന്വേഷണ സംഘത്തെ ഞെട്ടിച്ചിട്ടുണ്ട്.
കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതിന് മുന്നോടിയായി ചെന്താമരയെ അഭിഭാഷകനുമായി സംസാരിക്കാൻ അനുവദിച്ചിരുന്നു. കുറ്റസമ്മത മൊഴിയുടെ ഭവിഷ്യത്ത് മനസിലാക്കാൻ വേണ്ടിയായിരുന്നു ഇത്തരത്തിൽ സമയം അനുവദിച്ചത്. എന്നാൽ ഇതിന് ശേഷം മൊഴി നൽകാൻ കഴിയില്ലെന്ന് ചെന്താമര കോടതിയെ അറിയിക്കുകയായിരുന്നു.
ഇന്ന് രാവിലെ ആയിരുന്നു ചെന്താമരയെ കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ ചിറ്റൂർ കോടതിയിൽ എത്തിച്ചത്. ചെയ്തത് തെറ്റാണ്. രക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ല. തനിക്ക് ശിക്ഷ ലഭിക്കണം. സ്വന്തം ഇഷ്ടപ്രകാരം ആണ് മൊഴി നൽകുന്നത് എന്നായിരുന്നു ചെന്തമര കോടതിയിൽ പറഞ്ഞത്. കുറ്റസമ്മത മൊഴി നൽകിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് അറിയാമോ എന്ന് ഈ വേളയിൽ ജഡ്ജി ചെന്താമരയോട് ചോദിച്ചു. ഇതിന് ഇല്ലെന്ന് ആയിരുന്നു മറുപടി. ഇതോടെയാണ് അഭിഭാഷകരുമായി കോടതി സമയം അനുവദിച്ചത്.
10 മിനിറ്റ് നേരം അഭിഭാഷകനുമായി ചെന്താമര സംസാരിച്ചു. ഇതിന് പിന്നാലെ കോടതി മുറിയിൽ തിരികെ എത്തിയ ഇയാൾ കുറ്റസമ്മത മൊഴി നൽകാൻ കഴിയില്ലെന്ന് പറയുകയായിരുന്നു. കുറ്റസമ്മത മൊഴി കേസിന് ബലം നൽകുമെന്ന നിഗമനത്തിൽ ആയിരുന്നു പോലീസ്. ഈ പ്രതീക്ഷയാണ് നഷ്ടമായത്. അറസ്റ്റിലായതിന് ശേഷം കോടതിയിൽ ഹാജരാക്കിയപ്പോൾ തന്നെ ശിക്ഷിക്കണം എന്ന് ചെന്താമര പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം 27 ന് ആയിരുന്നു പോത്തുണ്ടി സ്വദേശികളായ അയൽക്കാരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരൻ, ഇയാളുടെ അമ്മ ലക്ഷ്മി എന്നിവർ ആയിരുന്നു കൊല്ലപ്പെട്ടത്. ഇതിന് ശേഷം ഒളിവിൽ പോയ ചെന്താമരയെ അതിവിദഗ്ധമായി പോലീസ് കുടുക്കുകയായിരുന്നു.
Discussion about this post