എറണാകുളം: കോടതി രേഖകളിൽ കൃത്രിമം കാണിച്ചതെന്ന പരാതിയിൽ നടൻ ബാലയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. നടിയും ബാലയുടെ മുൻ ഭാര്യയും ആയ അമൃത സുരേഷ് നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി. വ്യാജരേഖകൾ ഉണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് കേസ്.
എറണാകുളം സെൻട്രൽ പോലീസാണ് കേസ് എടുത്തിരിക്കുന്നതത്. വിവാഹമോചനവുമായി ബന്ധപ്പെട്ട കോംപ്രമൈസ് കരാറിൽ തന്റെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്നാണ് അമൃതയുടെ പരാതി. കരാറിന്റെ അഞ്ചാം പേര് വ്യാജമായി നടൻ ഉണ്ടാക്കി. മകളുടെ പേരിലുള്ള ഇൻഷൂറൻസ് തുക തട്ടുകയായിരുന്നു ഇതിന്റെ ഉദ്ദേശം. പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു. ഇൻഷൂറൻസ് തുക ആരും അറിയാതെ പിൻവലിച്ചു. ബാങ്കിൽ മകളുടെ പേരിൽ നിക്ഷേപിച്ചിരുന്ന 15 ലക്ഷം രൂപ പിൻവലിച്ചുവെന്നും പരാതിയിൽ പറയുന്നു. കോടതിയെ പോലും കബളിപ്പിച്ച ബാല ഗുരുതര കുറ്റകൃത്യമാണ് നടത്തിയിരിക്കുന്നത് എന്നും അതിനാൽ നടപടി സ്വീകരിക്കണം എന്നും പരാതിയിൽ ആവശ്യമുണ്ട്.
നേരത്തെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ ബാലയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ പോലീസ് സ്വീകരിച്ചിരുന്നു. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങൾ ആയിരുന്നു അറസ്റ്റിന് കാരണം ആയത്. ഇത് വലിയ വാർത്തയാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് വീണ്ടും ബാലയ്‌ക്കെതിരെ കേസ് വരുന്നത്. അതേസമയം പോലീസ് കേസിനെക്കുറിച്ച് അറിയില്ലെന്ന് ബാല പ്രതികരിച്ചു.
Discussion about this post