തൃശ്ശൂർ: ജില്ലയിൽ അനധികൃതമായി താമസിച്ചുവരികയായിരുന്ന ബംഗ്ലാദേശികളെ പിടികൂടി പോലീസ്. ചെമ്മാപ്പിള്ളിൽ പോലീസ് നടത്തിയ പരിശോധനയിൽ മൂന്ന് പേരാണ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അതേസമയം ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പ്രദേശത്ത് ചിലർ അനധികൃതമായി താമസിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കസ്റ്റഡിയിൽ എടുത്ത ശേഷം ഇവരുടെ രേഖകൾ പോലീസ് പരിശോധിച്ചു. ഇതോടെയാണ് ബംഗ്ലാദേശികൾ ആണെന്ന് വ്യക്തമായത്.
ചെമ്മാരപ്പിള്ളിയിലെ ആക്രിക്കടയിൽ ജോലി ചെയ്യുന്നവരാണ് മൂന്ന് പേരും. കഴിഞ്ഞ വർഷമാണ് ഇവർ ജോലി തേടി ഇവർ പ്രദേശത്ത് എത്തിയത്. ബംഗാളിൽ നിന്നാണെന്ന് ആയിരുന്നു ഇവർ ആക്രിക്കട ഉടമയോട് പറഞ്ഞിരുന്നത്. ചോദ്യം ചെയ്യലിൽ കൊൽക്കത്ത സ്വദേശികൾ ആണെന്ന് പോലീസിനോടും ഇവർ പറഞ്ഞിരുന്നു. എന്നാൽ രേഖകൾ പരിശോധിച്ചതോടെ ഇവർ ബംഗാളിൽ നിന്നല്ലെന്ന് വ്യക്തമാകുകയായിരുന്നു. ഇവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. ഇതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. ഓടി രക്ഷപ്പെട്ടവരെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post