ജനാധിപത്യത്തിന് ഒരു വാഗ്ദത്ത ഭൂമി ഉണ്ടെങ്കിൽ അത് ഇന്ത്യയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം. ഇന്ത്യയിൽ ജനാധിപത്യത്തിന്റെ മഹോത്സവങ്ങളാണ് തിരഞ്ഞെടുപ്പുകൾ. ഓരോ പൊതു തിരഞ്ഞെടുപ്പും ഇന്ത്യയുടെ ദേശീയ ഉത്സവമാണെന്ന് തന്നെ പറയാം. ഇന്ത്യൻ തിരഞ്ഞെടുപ്പുകളുടെ ചരിത്രം ഓരോ ജനാധിപത്യ വിശ്വാസിയും അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. കാരണം അത്രയേറെ വെല്ലുവിളികളും സങ്കീർണതകളും മറികടന്നു കൊണ്ടാണ് രാജ്യം ഇന്ന് കാണുന്ന രീതിയിലുള്ള ആഘോഷകരമായ പൊതു തിരഞ്ഞെടുപ്പുകൾ നമുക്ക് പ്രാപ്തമായത്.
സ്വാതന്ത്ര്യം നേടി അഞ്ച് വർഷത്തിന് ശേഷം, 1951 ൽ ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. വിശാലമായ ഭൂമിശാസ്ത്രവും വലിയ ജനസംഖ്യയും ഉള്ള ഇന്ത്യ പോലെ ഒരു രാജ്യത്ത് പൂർണ്ണമായും ജനാധിപത്യരീതിയിൽ ഒരു തിരഞ്ഞെടുപ്പ് നടത്തുക എന്നുള്ളത് ഏറെ ദുഷ്കരമായിരുന്നു. 1949-ൽ ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതിന് പിന്നാലെ തന്നെ രാജ്യത്ത് സാർവത്രിക വോട്ടവകാശം ഏർപ്പെടുത്തിയിരുന്നു. പൊതു തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി ഭരണഘടനയുടെ വ്യവസ്ഥകൾ പ്രകാരം സ്വയം ഭരണാധികാര സ്ഥാപനമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിക്കപ്പെട്ടു. ഇന്ത്യയിലെ കേന്ദ്ര , സംസ്ഥാന തിരഞ്ഞെടുപ്പ് പ്രക്രിയകൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഉത്തരവാദിത്തമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഉള്ളത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് അടിത്തറ പാകിയ ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. ലോകജനസംഖ്യയുടെ ആറിലൊന്നുപേർ ആണ് അന്ന് ഇന്ത്യയിൽ വോട്ട് രേഖപ്പെടുത്താനായി ഉണ്ടായിരുന്നത്. 21 വയസ്സിനു മുകളിൽ ഉള്ളവർക്കായിരുന്നു ആദ്യ തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉണ്ടായിരുന്നത്. 17 കോടി 32 ലക്ഷം ആയിരുന്നു ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പിലെ വോട്ടർമാരുടെ എണ്ണം. ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടത്തുന്ന ഒരു രാജ്യം എന്ന നിലയിൽ ഈ വലിയ ജനപങ്കാളിത്തം ഏറെ വെല്ലുവിളികൾ സൃഷ്ടിച്ചു. കൂടാതെ ഈ ജനങ്ങളിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു എന്നുള്ളതും തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നിലനിർത്തുന്നതിന് വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യമായിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ്. 1951 ഒക്ടോബർ 25 നും 1952 ഫെബ്രുവരി 21 നും ഇടയിലായിരുന്നു ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നത്. 68 ഘട്ടങ്ങളിലായാണ് അന്ന് തിരഞ്ഞെടുപ്പ് നടന്നത്. ബാലറ്റ് പേപ്പറിൽ ആയിരുന്നു വോട്ടിംഗ് നടത്തിയത്. ജമ്മു കശ്മീർ ഒഴുകെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും 21 വയസ്സ് പൂർത്തിയായവർക്ക് വോട്ടവകാശം ഉണ്ടായിരുന്നു. നിരക്ഷരരായ വോട്ടർമാരെ സഹായിക്കാൻ നിറമുള്ള ബാലറ്റ് പെട്ടികളും ഒരു രൂപ നോട്ടിന്റെ വലിപ്പമുള്ള ബാലറ്റ് പേപ്പറുകളും ആയിരുന്നു ഇന്ത്യയുടെ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചത്. തിരഞ്ഞെടുപ്പ് നടന്നിരുന്ന ഓരോ ബൂത്തു കളിലും ഓരോ സ്ഥാനാർത്ഥികൾക്കും വ്യത്യസ്ത പെട്ടികൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഈ പെട്ടികളിൽ മത്സരിക്കുന്ന പാർട്ടികളുടെ ചിഹ്നങ്ങൾ അടയാളപ്പെടുത്തിയിരുന്നു. നിരക്ഷരരായ ജനതയ്ക്ക് കൃത്യമായി വോട്ട് രേഖപ്പെടുത്തുന്നതിന് ആയിരുന്നു ഈ സംവിധാനങ്ങൾ ഒരുക്കിയിരുന്നത്. ഇന്ത്യയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന സുകുമാർ സെൻ ആണ് ഏറ്റവും നീതിയുക്തമായി പൊതു തിരഞ്ഞെടുപ്പ് നടത്തുന്നതിൽ നിർണായക പങ്കു വഹിച്ചത്. ഹിമാചൽ പ്രദേശിലെ ചിനിയിലെ തഹസിൽ ജില്ലയിലാണ് ജനാധിപത്യ ഇന്ത്യയിലെ ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയത്.
തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച പ്രധാന നടപടികളിൽ ഒന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയവരുടെ വിരലുകളിൽ അടയാളപ്പെടുത്തുന്നതിനായും, ഇരട്ട വോട്ടിംഗ് പോലുള്ള തിരഞ്ഞെടുപ്പ് തട്ടിപ്പുകൾ തടയുന്നതിനായും ഫോട്ടോസെൻസിറ്റീവ് ആയ മായ്ക്കാനാവാത്ത മഷി വികസിപ്പിച്ചെടുത്തത്.
ഇന്നുവരെ, ഈ മഷി സൃഷ്ടിക്കുന്നതിനുള്ള പ്രത്യേക ഫോർമുല പരസ്യമാക്കിയിട്ടില്ല.
53 രാഷ്ട്രീയ പാർട്ടികളാണ് ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടായിരുന്നത്. അതിൽ 14 എണ്ണമാണ് ദേശീയ പാർട്ടികളായിരുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, സോഷ്യലിസ്റ്റ് പാർട്ടി, കിസാൻ മസ്ദൂർ പ്രജാ പാർട്ടി, അഖില ഭാരതീയ ഹിന്ദു മഹാസഭ എന്നിവയായിരുന്നു അന്ന് ദേശീയ തലത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ. ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു അന്ന് രാജ്യത്തെ ഏറ്റവും പ്രബലമായ രാഷ്ട്രീയപ്പാർട്ടി. കോൺഗ്രസിന് വെല്ലുവിളിയായി രണ്ടാംസ്ഥാനത്തുണ്ടായിരുന്നത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയായ സിപിഐ ആയിരുന്നു. 489 ലോക്‌സഭാ സീറ്റുകളിലേക്കായിരുന്നു ആദ്യ പൊതു തിരഞ്ഞെടുപ്പിൽ മത്സരം നടന്നത്. ഇതിൽ 318 സീറ്റുകളും നേടി കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിലെത്തി. മൊത്തം പോൾ ചെയ്യപ്പെട്ട വോട്ടുകളിൽ 44.99% നേടിയാണ് കോൺഗ്രസ് ഭരണം പിടിച്ചത്. 11% വോട്ട് നേടിക്കൊണ്ട് സോഷ്യലിസ്റ്റ് പാർട്ടി ആയിരുന്നു രണ്ടാം സ്ഥാനത്ത് എത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 3.29% വോട്ടുകൾ ആയിരുന്നു ലഭിച്ചത്. ഒരു പാർട്ടിക്ക് കുറഞ്ഞത് 75 അംഗങ്ങളില്ലെങ്കിൽ, ആ പാർട്ടിയുടെ നേതാവിനെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാൻ കഴിയില്ല എന്ന വ്യവസ്ഥയുള്ളതിനാൽ ആദ്യ ലോക്സഭയിൽ പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല. 1969-ൽ മാത്രമാണ് ലോക്സഭയിൽ ആദ്യമായി ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായത്.
ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള ചില പ്രധാന നേതാക്കളുടെ തോൽവിയ്ക്കും രാജ്യത്തെ ആദ്യ പൊതു തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. ബോംബെ നോർത്ത് സെൻട്രൽ നിയോജകമണ്ഡലത്തിൽ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ സ്ഥാനാർത്ഥിയായിട്ടാണ് ബി.ആർ. അംബേദ്കർ മത്സരിച്ചിരുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ നാരായൺ സഡോബ കജ്‌റോൾക്കർ ആണ് അംബേദ്കറെ പരാജയപ്പെടുത്തിയത്. 1954-ൽ ഭണ്ഡാരയിൽ നടന്ന ഉപ തിരഞ്ഞെടുപ്പിലും അംബേദ്കർ മത്സരിച്ചിരുന്നുവെങ്കിലും ആ തവണയും കോൺഗ്രസ് സ്ഥാനാർത്ഥി അദ്ദേഹത്തെ പരാജയപ്പെടുത്തി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയായി ജവഹർലാൽ നെഹ്‌റു ഒന്നാം ലോക്സഭയിൽ അധികാരമേറ്റു. ഗണേഷ് വാസുദേവ് മാവ്‌ലങ്കർ ആയിരുന്നു രാജ്യത്തെ ആദ്യ ലോക്സഭാ സ്പീക്കർ. 1952 ഏപ്രിൽ 17 മുതൽ 1957 ഏപ്രിൽ 4 വരെ ഒന്നാം ലോക്സഭ പൂർണ്ണ കാലാവധി തികച്ച ശേഷമാണ് രാജ്യത്തെ രണ്ടാമത്തെ പൊതു തിരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ 72 വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് രീതികളിലും രാഷ്ട്രീയ സാഹചര്യങ്ങളിലും നിരവധി മാറ്റങ്ങൾ വന്നു. 1980 കൾക്ക് ശേഷം പ്രാദേശിക രാഷ്ട്രീയ കക്ഷികൾ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ ശക്തിയായി ഉയർന്നുവന്നു. പല സംസ്ഥാനങ്ങളുടെയും ഭരണം പ്രാദേശിക കക്ഷികൾ നേടിയെടുത്തു. ഈ മാറ്റം ദേശീയ തലത്തിലും അലയടിച്ചു. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും വലിയ ശക്തിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാധാന്യം കുറഞ്ഞതിന് പ്രാദേശിക രാഷ്ട്രീയത്തിന് വലിയ പങ്കുണ്ട്. ഇത് കൂടാതെ 80 കളിൽ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസക്തി നഷ്ടപ്പെടാനും ആരംഭിച്ചിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടി, ഇന്ത്യാ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി തുടങ്ങിയ പല രാഷ്ട്രീയ പാർട്ടികളും നാമാവശേഷമായി. ഇടതുപക്ഷ പാർട്ടികൾക്കും കാലം ചൊല്ലുംതോറും അപചയം സംഭവിച്ചുകൊണ്ടിരുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ഉടമ്പടിയായ നെഹ്‌റു-ലിയാഖത് കരാറിനെ എതിർത്തുകൊണ്ട് കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവച്ച ഡോ. ശ്യാമപ്രസാദ് മുഖർജി രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ജനസംഘത്തിന്റെ വളർച്ചയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായ മറ്റൊരു പ്രധാന മാറ്റം. മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ 3 എംപിമാരെ ലോക്സഭയിൽ എത്തിക്കാൻ ജനസംഘത്തിന് കഴിഞ്ഞു. 3.06 ശതമാനം വോട്ടുകൾ നേടി ദേശീയ പാർട്ടി പദവിയും ജന സംഘത്തിന് ലഭിച്ചു. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ തന്നെ എംപിമാരുടെ എണ്ണം 14 ആക്കി ഉയർത്തിയ ജനസംഘം അടിയന്തരാവസ്ഥയ്ക്ക് ശേഷം 1980 ഏപ്രിൽ 6 ന് ഭാരതീയ ജനതാ പാർട്ടിയായി മാറി. ജനാധിപത്യ ഇന്ത്യയുടെ അവസാന മൂന്നു തിരഞ്ഞെടുപ്പുകളിലും രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭാരതീയ ജനതാ പാർട്ടിയുടെ യാത്ര തുടരുകയാണ്. ഇന്നും ലോകത്ത് തന്നെ ഏറ്റവും വിശ്വാസ്യതയുള്ള പൊതു തിരഞ്ഞെടുപ്പുമായി ഇന്ത്യ ജനാധിപത്യത്തിന്റെ കൊടുമുടിയുടെ ഉന്നതിയിൽ തന്റെ സ്ഥാനം നിലനിർത്തുന്നു.
Discussion about this post