കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് വലിയ അളവിൽ കഞ്ചാവ് പിടിച്ച സംഭവത്തിൽ പ്രതികരണവുമായി കേസിൽ അറസ്റ്റിലായ എസ്എഫ്‌ഐ നേതാവും യൂണിയൻ സെക്രട്ടറിയുമായ ആർ അഭിരാജ്. താൻ ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ലെന്നും മനപ്പൂർവം കേസിൽ കുടുക്കുകയായിരുന്നു എന്നുമാണ് അഭിരാജ് പറയുന്നത്. ഇതിനെ എസ്എഫ്‌ഐ ഏരിയ കമ്മിറ്റിയും പിന്തുണച്ചു. കെഎസ്‌യു നേതാവിന്റെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചതെന്നും ഓടിപ്പോയ രണ്ടു പേർ കെഎസ്‌യു നേതാക്കളാണെന്നും എസ്എഫ്‌ഐ ആരോപിച്ചു. നിന്നെ കണ്ടാൽതന്നെ ലഹരി ഉപയോഗിക്കുന്നവനാണെന്ന് പറയുമല്ലോടായെന്ന് പരിശോധനയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞതായും അഭിരാജ് ആരോപിച്ചു.
ഞാൻ മുറിയിൽ എത്തിയപ്പോൾ വസ്തുക്കളെല്ലാം ചിതറിക്കിടക്കുകയാണ്. കുറേ കുപ്പികൾ എടുത്ത് മേശപ്പുറത്തുവെച്ചിരുന്നു. ഞാൻ വന്നപ്പോൾ അവരുടെ കൈയിൽ സാധനമുണ്ട്. എന്നെ ആദ്യം കൊണ്ടുപോയത് ആകാശിന്റെ മുറിയിലേക്കാണ്. ഞാൻ യൂണിയനിൽ ഉള്ളതാണ്, എനിക്ക് നാളെ പരിപാടിയുണ്ട് അങ്ങോട്ട് പോകണം എന്ന് പറഞ്ഞു. നീ യൂണിയനിൽ ഉള്ളതാണോ, നീ പോകണ്ട, നീ വലിയ കൊമ്പത്തെ ആളാണോ, നീ മുകളിലേക്ക് വാ എന്നു പറഞ്ഞാണ് കൊണ്ടുപോയതെന്ന് അഭിരാജ് പറഞ്ഞു.
ഹോസ്റ്റലിൽ കുറേ പേർ വന്ന് പോകാറുണ്ട്. ഇന്നലെ ആരെങ്കിലും വന്ന് പോയതാണോയെന്ന് അറിയില്ല. എന്റെ മുറിയിൽ രണ്ട് പേരാണ് താമസിക്കുന്നത്. റെയ്ഡ് നടക്കുന്ന മുറിയിൽ ആ സമയത്ത് ആരും ഉണ്ടായില്ല. മുറി പൂട്ടാറുമില്ല. എസ്എഫ്ഐയാണെന്ന് പറഞ്ഞപ്പോൾ എന്നോട് ദേഷ്യപ്പെട്ടാണ് പോലീസ് പെരുമാറിയത്. നീ എന്നെ എന്തു ചെയ്യും, നീ വലിയ യൂണിയൻ മെമ്പറാണോ അങ്ങനെയുള്ള സ്വരത്തിലാണ് എന്നോട് സംസാരിച്ചത്. നിന്നെ കണ്ടാൽ പറയുമല്ലോടാ നീ ലഹരി ഉപയോഗിക്കുന്നവന്നാണെന്ന് എന്ന് പറഞ്ഞു. യൂണിയൻ ജനറൽ സെക്രട്ടറിയാണെന്നും കോളേജിൽ പരിപാടിയുണ്ടെന്നും പറഞ്ഞു. യൂണിയനാണോ, പോലീസാണോ വലുതെന്ന് എന്നോട് ചോദിച്ചു. പാർട്ടി സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയാണെന്നും പോലീസ് പറഞ്ഞു. എന്നിട്ട് എന്നെ വിളിച്ച് മുകളിലേക്ക് പോയി. എന്റെ മുറിയിലും അപ്പോൾ ആളുകളുണ്ടായിരുന്നു. നിന്റെ മുറിയിലും സാധനമുണ്ടല്ലോയെന്ന് പറഞ്ഞു. എന്റെ ദേഹം പരിശോധിച്ചോയെന്നും ഞാൻ ഇതുവരെ ഒന്നും ഉപയോഗിച്ചിട്ടില്ലെന്നും ഞാൻ പോലീസിനോട് പറഞ്ഞിരുന്നു. എന്റെ തലയിലിട്ടതാണ്. എനിക്ക് ഒന്നും അറിയില്ല. ഞാൻ വന്ന് നോക്കുമ്പോൾ കുറേ കുപ്പികളൊക്കെ എന്റെ മേശയിൽ വെച്ചിരുന്നു. അവിടെ നിന്ന് പിടിച്ചതാണോയെന്ന് അറിയില്ല.
മുറി മുഴുവൻ അലങ്കോലമാക്കിയിരിക്കുകയാണെന്നും അഭിരാജ് പറഞ്ഞു. മറ്റാരെങ്കിലും കഞ്ചാവ് കൊണ്ടിട്ടതാണോയെന്ന് അറിയില്ലെന്നും പരാതി നൽകുമെന്നും അഭിരാജ് പറഞ്ഞു. ലഹരി ഉപയോഗിച്ചോയെന്ന് തെളിയിക്കാൻ എന്ത് മെഡിക്കൽ ടെസ്റ്റ് ചെയ്യാനും തയ്യാറാണെന്നും അഭിരാജ് കൂട്ടിച്ചേർത്തു.
സംഭവത്തിൽ ആർ. അഭിരാജിന് പുറമെ മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ ആദിത്യൻ , മൂന്നാം വർഷ കെമിക്കൽ എൻജിനീയറിങ് വിദ്യാർഥി ആകാശ് എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവിന് പുറമെ മദ്യവും പോലീസ് നടത്തിയ റെയ്ഡിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
Discussion about this post